ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ നിർദേശവുമായി സുപ്രീംകോടതി

കോവിഡ്​ രണ്ടാം തരംഗം അതിവേഗം കുതിക്കുന്ന പുതിയ സാഹചര്യത്തില്‍ രാജ്യത്ത്​ വീണ്ടും ലോക്​ഡൗണ്‍ പ്രഖ്യാപിച്ച്‌​ നടപടികള്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്രത്തോടും സംസ്​ഥാനങ്ങളോടും നിര്‍ദേശിച്ച്‌​​ സുപ്രീം കോടതി രംഗത്ത് എത്തിയിരിക്കുകയാണ്. കോവിഡ് രണ്ടാം വ്യാപനം തടയാന്‍ സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദീകരണം ഉദ്യോഗസ്ഥരില്‍നിന്ന്​ കേട്ട ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണം വ്യക്തമാക്കിയത്.

ജനക്കൂട്ടത്തിന്റെ ഒത്തുചേരലും മറ്റു പരിപാടികളും വിലക്കി സര്‍ക്കാറുകള്‍ ഉത്തരവിറക്കണം. ഇതിന്‍റെ ഭാഗമായി പൊതുജന താല്‍പര്യാര്‍ഥം ലോക്​ഡൗണും പ്രഖ്യാപിക്കണം. ലോക്​ഡൗണില്‍ കുടുങ്ങാനിടയുള്ള അവശ വിഭാഗങ്ങളുടെ സംരക്ഷണത്തിന്​ നടപടികളും സ്വീകരിക്കണമെന്ന്​ കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

2020 മാ​ര്‍ച്ചിലാണ്​ രാജ്യത്ത്​ ആദ്യമായി കോവിഡ്​ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചത്​. ഇതിനെ തുടര്‍ന്ന്​ ലക്ഷക്കണക്കിന്​ ഇതര സംസ്​ഥാന തൊഴിലാളികള്‍ രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ കുടുങ്ങിയിരുന്നു.

അതോടൊപ്പം തന്നെ രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതായി റിപ്പോര്‍ട്ട്. പ്രതിദിന കണക്ക് ഇന്നും മൂന്നരലക്ഷത്തിന് മുകളിലാണ് എത്തിനില്‍ക്കുന്നത്. 24 മണിക്കൂറിനിടെ 3,68,147 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതുകൂടാതെ 3417 മരണം കൂടി സര്‍ക്കാര്‍ ഔദ്യോഗികമായി കണക്കില്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ 2,18,959 പേരാണ് ഇത് വരെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചത്. നിലവില്‍ 34,13,642 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം കണക്ക് പറയുകയുണ്ടായി.

ഇതുകൂടാതെ ഓക്സിജന്‍ ക്ഷാമം തുടരുന്നതായുള്ള വാര്‍ത്തകള്‍ ഇന്നും പുറത്ത് വന്നു. ഉത്തര്‍പ്രദേശിലെ മീററ്റിലെ സ്വാകാര്യ ആശുപത്രിയില്‍ 5 രോഗികള്‍ മരിച്ചത് ഓക്സിജന്‍ ദൗര്‍ലഭ്യം കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആരോപണം അന്വേഷിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രക്ഷുബ്ധരായ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായി.