ഡൽഹിയിൽ ഭീകരർ പിടിയിലായ സംഭവം; അന്വേഷണം ശക്തമാക്കി പൊലീസ്

ഡല്‍ഹിയില്‍ ഭീകരര്‍ പിടിയിലായ സാഹചര്യത്തില്‍ അന്വേഷണം ശക്തമാക്കി ഡല്‍ഹി പൊലീസ്. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രികരിച്ചാണ് പരിശോധന നടക്കുന്നത്

ഡല്‍ഹി, മഹരാഷ്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇന്നലെ ആറ് ഭീകരരെയാണ് ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്.

ഈ തീവ്രവാദികളെ ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ പിടികൂടി. പിടിയിലായവരില്‍ രണ്ടു പേര്‍ പാക്കിസ്ഥാനില്‍ പരിശീലനം കഴിഞ്ഞെത്തിയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. വിവിധ ഏജന്‍സികളില്‍നിന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ഭീകരര്‍ക്കായി തിരച്ചില്‍ നടത്തിയത്. അഫ്ഗാനില്‍ താലിബാന്‍ ഭരണം എത്തിയതിന് പിന്നാലെ കാശ്മീരില്‍ ചുവടുറപ്പിക്കാന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം ആശങ്ക പടര്‍ത്താനാണ് നീക്കം.

രാജസ്ഥാനിലെ കോട്ടയില്‍നിന്നും ഒരു ഭീകരനെ പിടികൂടിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേനയുടെ സഹകരണത്തോടെ മൂന്ന് പേരെ കണ്ടെത്തി. മറ്റു രണ്ടു പേരെ ഡല്‍ഹിയില്‍നിന്നും അറസ്റ്റ് ചെയ്തതായി സ്‌പെഷല്‍ സെല്‍ ഉന്നത ഉദ്യോഗസ്ഥന്‍ നീരജ് താക്കൂര്‍ പ്രതികരിച്ചു. അതിമാരക സ്‌ഫോടനങ്ങളാണ് ഇവര്‍ പദ്ധതി ഇട്ടത്. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രശ്‌നമുണ്ടാക്കാനാണ് തീവ്രവാദികളുടെ നീക്കം.

മുംബൈ സ്വദേശി ജാന്‍ മുഹമ്മദ് ഷെയ്ഖ് (47), ഡല്‍ഹി സ്വദേശി ഒസാമ(22), റായ്ബറേലിയില്‍നിന്നുള്ള മൂല്‍ചന്ദ് (47), പ്രയാഗ്‌രാജില്‍നിന്നുള്ള സീഷാന്‍ കമര്‍ (28), ബറൈച്ച്‌ സ്വദേശി മുഹമ്മദ് അബൂബക്കര്‍ (23), ലക്‌നൗ സ്വദേശി മുഹമ്മദ് അമീര്‍ ജാവേദ് (31) എന്നിവരാണു പിടിയിലായത്. ഇവരുടെ പക്കല്‍നിന്നും രണ്ട് ഗ്രനേഡുകള്‍, സ്‌ഫോടക വസ്തുക്കള്‍, ഒരു കിലോ ആര്‍ഡിഎക്‌സ്, ഇറ്റാലിയന്‍ നിര്‍മ്മിത തോക്ക് എന്നിവ പിടിച്ചെടുത്തു.