മോദിയുടെ റേറ്റിംഗ് കോവിഡ് വ്യാപനം കാരണം കുറയുന്നു : അന്താരാഷ്ട്ര ഏജൻസികൾ

കൊവിഡ് രണ്ടാം വ്യാപനം ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ രാജ്യത്തെ ഭരണസംവിധാനങ്ങള്‍ പരാജയപ്പെട്ടു എന്ന ആരോപണം വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ രാജ്യം കൊവിഡ് രണ്ടാം തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഓക്സിജന്‍ അടക്കമുള്ള അവശ്യ വസ്തുക്കള്‍ കരുതുന്നതിനും, പൗരന്‍മാരെ എത്രയും വേഗത്തില്‍ വാക്സിനേഷന് വിധേയമാക്കുന്നതിലും സര്‍ക്കാര്‍ വീഴ്ച വരുത്തി എന്ന വിമര്‍ശനമാണ് പ്രതിപക്ഷം അടക്കം ഉയര്‍ത്തുന്നത്. ഈ ആരോപണങ്ങള്‍ക്കൊപ്പം സര്‍ക്കാരിന് തലവേദനയായി മറ്റൊരു റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗീകാര സൂചികയില്‍ ആദ്യമായി വന്‍ ഇടിവ് വന്നു എന്നതാണ് റിപ്പോര്‍ട്ടുകള്‍.

യുഎസ് ഡേറ്റാ ഇന്റലിജന്‍സ് കമ്ബനിയായ മോര്‍ണിംഗ് കണ്‍സള്‍ട്ടിന്റെ റിപ്പോര്‍ട്ടിലാണ് മോദിയുടെ റേറ്റിംഗില്‍ വന്‍ ഇടിവി വന്നിട്ടുള്ളത്. മൂന്ന് പതിറ്റാണ്ടിനിടെ ഏറ്റവും കൂടുതല്‍ ജനസമ്മിതിയുണ്ടായിരുന്ന നേതാവായിരുന്നു മോദി. 2014 ല്‍ അധികാരത്തിലെത്തിയ മോദി 2019 ല്‍ വീണ്ടും കൂടുതല്‍ ഭൂരിപക്ഷത്തോടെയാണ് അധികാരത്തില്‍ തുടര്‍ന്നത്. ആഗോള തലത്തില്‍ ഒരു ഡസനോളം നേതാക്കളുടെ സമ്മതി പിന്തുടരുന്ന യുഎസ് ഡേറ്റാ ഇന്റലിജന്‍സ് കമ്ബനിയാണ് മോര്‍ണിംഗ് കണ്‍സള്‍ട്ടന്‍സി. ഇവരുടെ റിപ്പോര്‍ട്ടില്‍ ഈ ആഴ്ച മോദിയുടെ റേറ്റിംഗ് 63 ശതമാനമാണ്. 2019 ഓഗസ്റ്റില്‍ അദ്ദേഹത്തിന്റെ പ്രശസ്തി അറിയാന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. കഴിഞ്ഞ മാസം മുതല്‍ക്കാണ് ഇടിവ് സംഭവിക്കുവാന്‍ തുടങ്ങിയത്.രാജ്യതലസ്ഥാനം ഉള്‍പ്പടെ വലിയ നഗരങ്ങളില്‍ പകര്‍ച്ചവ്യാധി വ്യാപിച്ചതും, ആശുപത്രികളില്‍ കിടക്കകളും ഓക്സിജനും വേണ്ടി ജനം പരക്കം പാഞ്ഞതും സര്‍ക്കാരിന് തിരിച്ചടിയാവുകയായിരുന്നു. ശ്മശാനങ്ങളിലടക്കം തിരക്ക് ഉണ്ടായതും, മൃതദേഹങ്ങള്‍ അനാഥമായി നദിയില്‍ ഒഴുകിയതുമെല്ലാം ഭരണകൂട വിരുദ്ധ വികാരം സോഷ്യല്‍ മീഡിയയിലടക്കം ഉയരാന്‍ കാരണമായി.

അതേസമയം കൊവിഡ് കൊടുങ്കാറ്റിനെ നേരിടാന്‍ പരമാവധി ശ്രമിക്കുന്നതായി പറഞ്ഞ മോദി സര്‍ക്കാര്‍ ഒരു നൂറ്റാണ്ടിലൊരിക്കല്‍ ഉണ്ടായ പ്രതിസന്ധിയാണിതെന്നും സൂചിപ്പിച്ചിരുന്നു. മറ്റൊരു ഏജന്‍സിയായ യൂഗോവ് നടത്തിയ സര്‍വേയിലും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്‍മേല്‍ പൊതുജനത്തിനുള്ള വിശ്വാസം കുറഞ്ഞുവെന്ന് വ്യക്തമാണ്. ഏപ്രില്‍ അവസാനം പ്രതികരിച്ചവരില്‍ 59% പേര്‍ മാത്രമാണ് സര്‍ക്കാര്‍ പ്രതിസന്ധിയെ ‘നന്നായി’ അല്ലെങ്കില്‍ ‘ഒരു പരിധിവരെ’ കൈകാര്യം ചെയ്യുന്നുവെന്ന് വിശ്വസിച്ചത്, ഒരു വര്‍ഷം മുമ്ബ് കൊവിഡ് ആദ്യ തരംഗത്തില്‍ ഇത് 89 ശതമാനമായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.