സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷ നടത്തണോയെന്നു നാളെ തീരുമാനം

പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ക്കും പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ക്കുമുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാര്‍, വിദ്യാഭ്യാസ സെക്രട്ടറിമാര്‍, സംസ്ഥാന പരീക്ഷാ ബോര്‍ഡുകളുടെ ചെയര്‍പേഴ്‌സണ്‍മാര്‍, എന്നിവരുമായി കേന്ദ്ര സര്‍ക്കാര്‍ നാളെ ഉന്നതതല വെര്‍ച്വല്‍ യോഗം നടത്തും.പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്രിയാല്‍ ‘നിഷാങ്ക്’, കേന്ദ്ര വനിതാ-ശിശു മന്ത്രി ശ്രീമതി.സ്മൃതി സുബിന്‍ ഇറാനിയും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ പ്രകാശ് ജാവദേക്കറും പങ്കെടുക്കും.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് ശ്രീ. പൊഖ്രിയാല്‍ ‘നിഷാങ്ക്’ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും എഴുതിയ കത്തില്‍, സ്കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ്, വിദ്യാഭ്യാസ മന്ത്രാലയം, സി.ബി.എസ്.ഇ എന്നിവ പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്ന് അറിയിച്ചു.വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷയും സംരക്ഷണവും കണക്കിലെടുത്താകും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള പരീക്ഷകളുടെ തീയതിക്ക് അന്തിമരൂപം നല്‍കുകയെന്ന് അദ്ദേഹം വ്യക്തമാക്കി .കോവിഡ് -19 മഹാമാരി വിദ്യാഭ്യാസ മേഖല ഉള്‍പ്പെടെയുള്ള വിവിധ മേഖലകളെ, പ്രത്യേകിച്ച്‌ ബോര്‍ഡ് പരീക്ഷകളെയും പ്രവേശന പരീക്ഷകളെയും ബാധിച്ചിട്ടുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട് . നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, മിക്കവാറും എല്ലാ സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകളും സി.ബി.എസ്.ഇയും ഐ.സി.എസ്.ഇയും അവരുടെ ഇക്കൊല്ലത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ നീട്ടിവെച്ചിട്ടുണ്ട്. അതുപോലെ, ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയും (എന്‍.‌ടി‌.എ) മറ്റ് ദേശീയ പരീക്ഷ നടത്തുന്ന സ്ഥാപനങ്ങളും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷയും മാറ്റിവച്ചിട്ടുണ്ട്.പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ നടത്തിപ്പ് രാജ്യത്തുടനീളമുള്ള സംസ്ഥാന ബോര്‍ഡ് പരീക്ഷകളെയും മറ്റ് പ്രവേശന പരീക്ഷകളെയും ബാധിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കിടയിലെ അനിശ്ചിതത്വം കുറയ്ക്കുകയും ചെയ്യുമെന്നതിനാല്‍ വിവിധ സംസ്ഥാന സര്‍ക്കാറുകളുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി രാജ്യത്തുടനീളമുള്ള എല്ലാ വിദ്യാര്‍ത്ഥികളുടെയും താല്‍പ്പര്യപ്രകാരം പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷയെക്കുറിച്ച്‌ തീരുമാനം എടുക്കുന്നതാണ്​ അഭികാമ്യമെന്ന നിലപാടിലേക്ക്​ കേന്ദ്രസര്‍ക്കാര്‍ എത്തിയിട്ടുണ്ട്​. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, മറ്റുള്ളവര്‍ എന്നിവരില്‍ നിന്നും ട്വിറ്ററിലൂടെയും ശ്രീ. പൊഖ്രിയാല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്.