പട്ടാളം അധികാരം പിടിച്ച മ്യാന്മറില് ആഭ്യന്തര കലാപം രൂക്ഷമായതിനെത്തുടര്‍ന്ന് ആയിരങ്ങള്‍ ഇന്ത്യയിലേക്കു പലായനം ചെയ്യുന്നു. ഇവരിലേറെയും ക്രൈസ്തവരാണ്. മ്യാന്മറിലെ ചിന് സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന മിസോറമിലേക്കാണ് അഭയാര്‍ഥികള്‍ എത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് 16,438 മ്യാന്മര് അഭയാര്‍ഥികള്‍ എത്തിയിട്ടുണ്ടെന്ന് മിസോറം അധികൃതര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഓരോ ദിവസവും അഭയാര്‍ഥികളുടെ എണ്ണം ഉയരുകയാണ്. മിസോ ജനതയുമായി ബന്ധമുള്ളവരാണ് എത്തിയ അഭയാര്‍ഥികള്‍. മിസോറമിന്റെ തലസ്ഥാനമായ ഐസോളില്‍ മാത്രം 6,000 മ്യാന്മര് അഭയാര്‍ഥികള്‍ എത്തിയിട്ടുണ്ട്. മൂന്നു ലക്ഷം ജനസംഖ്യയുള്ള നഗരമാണ് ഐസോള്‍. അഭയാര്‍ഥികളെത്തിയതോടെ ഐസോള്‍ ജനസംഖ്യ രണ്ടു ശതമാനം വര്‍ധിച്ചു. തങ്ങളുടെ മ്യാന്മര് പശ്ചാത്തലം വെളിപ്പെടുത്താതെ നിരവധി പേര് മിസോറമിലെ ബന്ധുവീടുകളില്‍ താമസിക്കുന്നുണ്ടെന്നു സാമൂഹ്യപ്രവര്‍ത്തകനായ മോസസ് സയ്ലോ പറഞ്ഞു. ദുരിതാശ്വാസ ക്യാന്പുകളിലും വീടുകളിലുമാണു മ്യാന്മര് അഭയാര്‍ഥികള്‍ കഴിയുന്നത്.
2020 നവംബറിലെ മ്യാന്മര് തെരഞ്ഞെടുപ്പില്‍ വിജയിച്ച 20 പേരും മിസോറമിലെത്തിയിട്ടുണ്ടെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. മിസോറമിലെ 11.5 ലക്ഷം ജനങ്ങളില്‍ 87 ശതമാനം ക്രൈസ്തവരാണ്. ഇവരിലേറെയും ബാപ്റ്റിസ്റ്റ്, പ്രിസ്ബിറ്റീരിയന്‍ സഭകളില്‍പ്പെട്ടവരാണ്. കത്തോലിക്കര്‍ 40,000 പേര് മാത്രമാണുള്ളത്.ഇന്ത്യയുമായി 1643 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണു മ്യാന്മര്. മിസോറം, നാഗാലാന്‍ഡ്, മണിപ്പുര്‍, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണു മ്യാന്മര് അതിര്‍ത്തിയിലുള്ളത്. മിസോറം മാത്രം 404 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നു. അഭയാര്‍ഥി പ്രവാഹത്തെ പ്രോത്സാഹിപ്പിക്കേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാലു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.മ്യാന്മറില് പട്ടാള അട്ടിമറിക്കെതിരേ നടന്ന പ്രതിഷധങ്ങള്ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ എണ്ണൂറിലധികം പേരാണു കൊല്ലപ്പെട്ടത്.

