പിജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: പിജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവച്ചു. ഇരുവരും തങ്ങളുടെ രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പായാണ് ഇരുവരും രാജി വച്ചത്. അയോഗ്യത പ്രശ്നം ഒഴിവാക്കുന്നതിനായിട്ടാണ് ജോസഫും മോന്‍സും രാജിവച്ചത് എന്നാണ് സൂചന.

കേരള കോണ്‍​ഗ്രസ് എം സ്ഥാനാര്‍ത്ഥികളായി രണ്ടില ചിഹ്നത്തിലാണ് പി.ജെ.ജോസഫും മോന്‍സ് ജോസഫും 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചത്. കഴിഞ്ഞ ദിവസം പി.സി.തോമസ് നയിക്കുന്ന കേരള കോണ്‍​ഗ്രസില്‍ പി.ജെ.ജോസഫ് വിഭാ​ഗം ലയിച്ചിരുന്നു. പുതിയ പാര്‍ട്ടിയില്‍ ലയിച്ച ശേഷവും കേരള കോണ്‍​ഗ്രസ് എം എംഎല്‍എമാരായി തുടരുന്നതിലെ നിയമപ്രശ്നം ഒഴിവാക്കാനാണ് രാജിവയ്ക്കുന്നതാണ് നല്ലത് എന്ന നിയമോപദേശത്തിന്‍്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരും രാജിവച്ചത്.

ഇരുവരുടേയും രാജിക്കത്ത് ലഭിച്ചതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

അതേസമയം പാര്‍ട്ടി ചിഹ്നം സംബന്ധിച്ച്‌ ആശയക്കുഴപ്പം തുടരുന്നതിനാല്‍ പി.ജെ.ജോസഫ് വിഭാ​ഗം സ്ഥാനാര്‍ത്ഥികള്‍ ഇതുവരെ നാമനി‍ര്‍ദേശക പത്രിക സമര്‍പ്പിച്ചിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ മാത്രമേ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സാധിക്കൂ. നാളെ മുതല്‍ പത്രികകളുടെ സൂക്ഷമപരിശോധന ആരംഭിക്കുകയാണ്. കേരള കോണ്‍​ഗ്രസിന്‍്റെ തെരഞ്ഞെടുപ്പ് ചിഹ്നം നേരത്തെ സൈക്കിളായിരുന്നു. എന്നാല്‍ ദേശീയ പാര്‍ട്ടിയായ എസ്.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നവും സൈക്കിളായതിനാല്‍ മറ്റേതെങ്കിലും ചിഹ്നമായിരിക്കും പി.ജെ.ജോസഫ് ചെയര്‍മാനും മോന്‍സ് ജോസഫ് വൈസ് ചെയര്‍മാനും പിസി തോമസ് ഡെപ്യൂട്ടി ചെയര്‍മാനുമായ പുതിയ പാര്‍ട്ടിക്ക് ലഭിക്കുക.

Leave a Reply