കുതിരാനിലെ കുരുക്കഴിയുന്നു

കേരളത്തിന്റെ ജീവനാഡിയായ കുതിരാനിലെ കുരുക്കഴിയുന്നു. ഇരട്ട തുരങ്കത്തില്‍ ഒന്ന് ആഗസ്റ്റില്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് പുതുതായി അധികാരമേറ്റ രണ്ടാം പിണറായി സര്‍ക്കാര്‍ ഉറപ്പ് നല്‍കി. നിര്‍മ്മാണം വേഗത്തിലാക്കി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് അനുമതി വാങ്ങാനും അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഈ ഇടപെടലില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് യാത്രക്കാര്‍.

ഉത്തരേന്ത്യയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമെല്ലാം കേരളത്തിലേക്ക് അവശ്യസാധനങ്ങളുമായെത്തുന്ന ചരക്കു ലോറികളുടെ ഡ്രൈവര്‍മാര്‍ ആദ്യം ചോദിക്കുക കുതിരാനില്‍ കുടുങ്ങുമോ എന്നാണ്. സാധാരണ ചോദ്യമെന്ന ലാഘവത്തോടെ അതിനെ തള്ളിക്കളയാനാകില്ല.

കുതിരാനില്‍ മണിക്കൂറുകള്‍ നീളുന്ന വാഹനങ്ങളുടെ നീണ്ട നിരയും, അപകട പരമ്ബരകളും അതിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ ‘കുതിരാന്‍’ ദേശീയപാത 544ല്‍ വാഹനങ്ങളെ കുരുക്കുന്ന ചെറിയ വഴി മാത്രമല്ല, കേരളത്തെ സ്തംഭിപ്പിക്കാന്‍ പോന്ന വലിയ കുരുക്കുതന്നെയാണ്. കഴിഞ്ഞ പ്രളയകാലത്തു കേരളത്തിലേക്കു ദുരിതാശ്വാസ സഹായം പ്രവഹിച്ചപ്പോള്‍ കുതിരാനില്‍ മണ്ണിടിഞ്ഞ് വഴിയടഞ്ഞ സ്ഥിതിയായിരുന്നു. പണി നടക്കുന്ന ഒരു തുരങ്കം തുറന്നാണ് അന്ന് പ്രശ്നം പരിഹരിച്ചത്. അതിനാല്‍ കുതിരാനിലെ ഒരു തുരങ്കം മാത്രം തുറന്നാലും ആശ്വാസം വലുതാണ്.

നിലവില്‍ കുതിരാനില്‍ ചെറിയ പ്രശ്‌നങ്ങള്‍കൊണ്ടു പോലും ഏറെനേരം ഗതാഗതം മുടങ്ങുന്ന അവസ്ഥയാണുള്ളത്. കയറ്റം കയറുകയോ ഇറങ്ങുകയോ ചെയ്യുന്ന ചരക്കുലോറികള്‍ കേടുവന്നാല്‍ അവ മാറ്റിയിടുന്നതു വരെ വഴിമുടങ്ങും. ഗ്യാസ് ടാങ്കറുകളും മറ്റുമാണെങ്കില്‍ തമിഴ്നാട്ടില്‍ നിന്നോ കൊച്ചിയില്‍ നിന്നോ വിദഗ്ധര്‍ എത്തിയിട്ടു വേണം മാറ്റിയിടാന്‍. ഒരു തുരങ്കം ആഗസ്റ്റ് ഒന്നിനു തുറക്കുന്നതോടെ ഈ പ്രശ്നങ്ങള്‍ക്കെല്ലാം വലിയപരിഹാരമാകുമെന്നാണ് പ്രതീക്ഷ. പാലക്കാടു നിന്നു തൃശൂര്‍ ഭാഗത്തേക്കുള്ള ചരക്കു ലോറികള്‍ക്കു കയറ്റം കയറാതെ വരാം. 15 ടണ്‍ ചരക്കു കയറ്റിയൊരു ലോറി കുതിരാന്‍ കയറി ഇറങ്ങണമെങ്കില്‍ 15 മിനിറ്റുവരെയെടുക്കും. കൂടുതല്‍ ചക്രമുള്ള ട്രെയിലറുകളും വലിയ ടാങ്കറുകളും വലിയ യന്ത്രഭാഗങ്ങള്‍ കയറ്റിയ ട്രക്കുകളും കുതിരാന്‍ കടക്കാന്‍ ചുരുങ്ങിയത് അരമണിക്കൂര്‍ സമയമെടുക്കും. ഇത്രയും സമയം ഈ വാഹനങ്ങള്‍ക്ക് പുറകിലായി വേണം ചെറുതും വലുതുമായ വാഹനങ്ങള്‍ കടന്നുവരാന്‍. റോഡിന് വീതി കുറവായതിനാല്‍ വാഹനങ്ങളെ മറികടന്നുപോകാനുള്ള സ്ഥലമില്ലെന്നതാണ് വലിയപ്രതിസന്ധി. പ്രത്യേകിച്ചും എതിര്‍ദിശയില്‍ വാഹനം വരുമ്ബോള്‍. തുരങ്കം തുറന്നാല്‍ കയറ്റമില്ലാതെ നേരെ കുതിരാന്‍ കടന്നു തൃശൂര്‍ ഭാഗത്തേക്കു പോകാം. കൂടുതല്‍ കുത്തനെയുള്ള കയറ്റം പാലക്കാട്ടുനിന്നു തൃശൂര്‍ ഭാഗത്തേക്കാണ്. അതുകൊണ്ടുതന്നെ ഈ ഭാഗത്തെ ടണല്‍ ആദ്യം തുറക്കുന്നതു വലിയ സഹായകമാകും. കുതിരാനില്‍ കുടുങ്ങിയാല്‍ മണ്ണുത്തിയിലേക്കോ വടക്കഞ്ചേരിയിലേക്കോ മടങ്ങി വേണം വാഹനങ്ങള്‍ക്കു തിരിച്ചു പോകാന്‍.

945 മീറ്റര്‍ മലതുരന്ന് ഇരട്ടത്തുരങ്കം

പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി മുതല്‍ തൃശൂര്‍ ജില്ലയിലെ മണ്ണുത്തി വരെയുള്ള റോഡ് വികസനപദ്ധതിയിലെ പ്രധാന നിര്‍മ്മാണമാണു കുതിരാനിലെ തുരങ്കം. കുതിരാനിലെ വീതികുറഞ്ഞ കയറ്റത്തിനു പകരം, 945 മീറ്റര്‍ നീളത്തില്‍ മലതുരന്ന് ഇരട്ടത്തുരങ്കം നിര്‍മ്മിക്കുകയെന്നാണ് പദ്ധതി. ഓരോ 300 മീറ്ററിന് ഇടയിലും ഇരു തുരങ്കങ്ങളെയും ബന്ധിപ്പിക്കുന്ന സ്ഥലങ്ങളുമുണ്ട്. തുരങ്കത്തിന് അകത്ത് അപകടങ്ങളോ മറ്റ് സാങ്കേതിക പ്രശ്നങ്ങളോ ഉണ്ടായലും ഗതാഗതം തടസപ്പെടാതിരിക്കാനായാണ് ഈ ക്രമീകരണം. അഴുക്കുചാലും കൈവരികള്‍ പിടിപ്പിച്ച നടപ്പാതയും സജ്ജമാക്കിയിട്ടുണ്ട്. അഗ്നിരക്ഷാ സംവിധാനവും വായു സമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. പാലക്കാട് ഭാഗത്തെ ഇരുമ്ബുപാലം മുതല്‍ തൃശൂര്‍ ഭാഗത്തെ വഴുക്കുംപാറ വരെയുള്ള ഒരു കിലോമീറ്ററില്‍ താഴെയുള്ള ദുരമാണ് തുരങ്കത്തിന്റെ ദൈര്‍ഘ്യം.

95 ശതമാനവും പണിപൂര്‍ത്തിയായ തുരങ്കമാണ് ഉടനെ തുറന്നുകൊടുക്കുക. അഗ്നിസുരക്ഷാ വിഭാഗത്തിന്റെ ജോലികള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. തുരങ്ക മുഖത്ത് മണ്ണിടിച്ചിലുണ്ടായാല്‍ പാറകഷ്ണങ്ങള്‍ താഴെ പതിക്കാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ഇതുകൂടിപൂര്‍ത്തിയായാല്‍ ആഗസ്റ്റില്‍ തുരങ്കത്തിലൂടെയുള്ള യാത്ര യാഥാര്‍ത്ഥ്യമാകും.