ലൂസി തണ്ണിപ്പാറയിൽ
കാഞ്ഞിരപ്പള്ളി
സാഹിത്യലോകത്തിന് വിലപ്പെട്ട സംഭാവനകൾ നൽകികൊണ്ട് കേരളത്തിലെ പുസ്തക പ്രസിദ്ധീകരണരംഗത്ത് മുൻപന്തിയിൽ പ്രശോഭിച്ചു നിൽക്കുകയാണ് വിമല ബുക്‌സ് ആൻ്റ് പബ്ലിക്കേഷൻസ്. 2002-ൽ മാർ മാത്യു അറയ്ക്കൽ പിതാവിന്റെ ദീർഘവീക്ഷണമാണ് പുസ്‌തകപ്രസിദ്ധീകരണസ്ഥാപനത്തിന് തുടക്കം കുറിച്ചത്. 2025-ൽ ഇരുപത്തിരണ്ട് വർഷം പിന്നിടുമ്പോൾ ആത്മീയം, വിദ്യാഭ്യാസം, വിജയമന്ത്രം, ലേഖനം, കവിതകൾ, ആത്മകഥകൾ, യാത്രാവിവരണം, ബാലസാഹിത്യം, കഥാമാല, മഹത്‌ചരിതമാല, ധന്യചരിതമാല ബൈബിൾ കഥാമാല, ബൈബിൾ കളറിംങ്ങ് ബുക്‌സ്, ലോഗോസ് ക്വിസ് തുടങ്ങി വിവിധ വിഷയങ്ങളിലായി 800-ൽപരം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുവാൻ വിമലയ്ക്ക് കഴിഞ്ഞു. 2005 ഏപ്രിൽ മാസം പുസ്‌തകപ്രസിദ്ധീകരണത്തിന്റെ സുഗമവും കാര്യക്ഷമവും വേഗതയിലുമുള്ള പ്രവർത്തനത്തിനായി സഹോദരസ്ഥാപനമായി തുലികാ ഗ്രാഫിക്‌സിനും തുടക്കം കുറിച്ചു. ഇന്ത്യയിലെ പ്രമുഖപ്രസാധകരുടെ ഗ്രന്ഥങ്ങൾ വിമല വിതരണം ചെയ്യുന്നു.
കേരളത്തിനകത്തും പുറത്തുമായി ഇരുനൂറ്റമ്പത്തിലധികം കേന്ദ്രങ്ങളിൽ വിമലയുടെ പുസ്തകങ്ങൾ ലഭ്യമാണ്. വിവിധ കേന്ദ്രങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും മറ്റു പുസ്തക പ്രസാധകരുടെ സ്റ്റാളുകളിലും വിമല പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.
വി. ജോൺ പോൾപാപ്പായുടെ ജീവചരിത്രം ആദ്യമായി പ്രസിദ്ധീകരിച്ചത് വിമലബുക്‌സാണ്. പൗവ്വത്തിൽപ്പിതാവിൻ്റെ ‘ജാഗ്രതയും പ്രത്യാശയും’, മാർ മാത്യു അറയ്ക്കൽപ്പിതാവിൻ്റെ ‘ജീവന്റെ സമ്യദ്ധിയിലേക്ക്’, മാർ ജോസ് പുളിക്കൽപ്പിതാവിന്റെ ‘ഹ്യദയ നിലത്തെ മഴപ്പെയ്ത്ത്, പുഴയുടെ ഹൃദയംപോലെ’, പാംപ്ലാനി പിതാവിൻ്റെ ‘ഉപ്പ്’ തുടങ്ങിയ പുസ്തകങ്ങളുടെ പ്രസിദ്ധീകരണവും നിർവ്വഹിച്ചത് വിമലയാണ്. 100-ാമത്തെ പുസ്‌തകമായ ‘ദൈവകൂടാരത്തിലെ മെഴു കുതിര്’ കാലം ചെയ്‌ത മാർ മാത്യു വട്ടക്കുഴി പിതാവി ന്റെ ജീവചരിത്രമാണ്.
ഡോ. കുര്യാസ് കുമ്പളക്കുഴി, ഡോ.സിറിയക് തോമസ്, ഡോ.സിബി മാത്യുസ്. ശ്രീമതി റോസ് മേരി, ദേവപ്രസാദ്, സിപ്പി പള്ളിപ്പുറം, പ്രൊഫ. മാത്യു ഉലകംതറ, ഷാജി മാലിപ്പാറ, വിനായക് നിർമ്മൽ തുടങ്ങി നിരവധി പ്രമുഖ എഴുത്തുകാരുടെ പുസ്‌തകങ്ങൾ വിമല ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറവിലങ്ങാട്ടുപള്ളിയുടെ ചരിത്രത്തെക്കുറിച്ച് ഫാ. രാജീവി TOR ഇംഗ്ലീഷിൽ രചിച്ച സെന്റ് മേരി മേജർ കുറവിലങ്ങാട്ട് എന്ന ചരിത്രഗ്രന്ഥവും വിമല പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. ജോസഫ് കുമ്പുക്കൽ രചിച്ച മലയാളത്തിലെ ആദ്യ AI പുസ്‌തകമായ ‘നസ്രായൻ പുറത്തിറക്കാനും വിമലയ്ക്ക് കഴിഞ്ഞു.
ലോകചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യകളിൽ ഒന്നായ റുവാണ്ടൻ വംശഹത്യയുടെ സമഗ്രമായ ചരിത്രവും, ശേഷിപ്പുകളും വരച്ചുകാട്ടിയ ഇമ്മാകുലി ഇലിബഗിസായുടെ ‘ലെഫ്റ്റ് ടു ടെൽ‘ എന്ന വിശ്വപ്രസിദ്ധമായ ഇംഗ്ലീഷ് പുസ്‌തകത്തിന്റെ മലയാളവിവർത്തനം പ്രസിദ്ധീകരിക്കാനായതും അഭിമാനാർഹമാണ്. സി. റാണിമരിയയുടെ കഥ പറയുന്ന ‘ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്റ്റ്’ എന്ന സിനിമയുടെ കഥാതന്തു ശ്രീ. ബേബിച്ചൻ ഏർത്തയിൽ എഴുതി വിമല പ്രസിദ്ധീകരിച്ച ഇൻഡോർറാണി എന്ന പുസ്‌തകമാണ്.
2023-2024-ൽ ഫാ. ജസ്റ്റിൻ മതിയത്ത് രചിച്ച് പ്രസി ദ്ധീകരിച്ച ‘കുട്ടികൾക്കൊരു ബൈബിൾ’ ‘ബൈബിൾ സ്റ്റോറീസ്’ (ഇംഗ്ലീഷ്) എന്നീ ബഹുവർണ്ണചിത്രങ്ങളോടുകൂടിയ പുസ്തകങ്ങളും വിമലയ്ക്ക് പൊൻതൂവലായി.
കുട്ടികളുടെ നന്മയ്ക്ക്, വിശുദ്ധരെ പരിചയപ്പെടു ത്തുന്നതിനായി 2008-ൽ തുടങ്ങിയ ധന്യചരിതമാല പരമ്പരയിൽ 10 സെറ്റുകളിലായി ഇതിനകം 100 വിശുദ്ധരുടെ ജീവചരിത്രങ്ങൾ വിമല പ്രസിദ്ധീകരിച്ചു. ചിത്രങ്ങൾ നിറഞ്ഞ ചെറുഗ്രന്ഥങ്ങളുടെ ലക്ഷക്കണക്കിനു കോപ്പികൾ കേരളത്തിനകത്തും പുറത്തുമായി മിക്ക രൂപതകളിലും കൂടാതെ മിഷൻ രൂപതകളിലും വിദേശങ്ങളിലും ഓർഡർ അനുസരിച്ച് എത്തിക്കുവാൻ സാധിക്കുന്നതിൽ ചാരിതാർത്ഥ്യമുണ്ട്. കാലം ചെയ്ത ഫ്രാൻസീസ് പാപ്പായ്ക്ക് വിശുദ്ധരുടെ ഏതാനും കോപ്പികളും കത്തും അയയ്ക്കുകയും, അതു സ്വീകരിച്ച് ഉദ്ദേശശുദ്ധിയെ അഭിനന്ദിച്ചും, നന്ദി പറഞ്ഞും അനുഗ്രഹവും പ്രാർത്ഥനയും ആശംസിച്ചും മറുപടി ലഭിച്ചതിൽ അഭിവന്ദ്യപിതാവിനോടൊപ്പം നമുക്കേവർക്കും അഭിമാനിക്കാവുന്നതാണ്.

രൂപതയിലെ എല്ലാ വീടുകളിലും ഈ വിശുദ്ധരുടെ 100 പുസ്‌തകമടങ്ങുന്ന ഒരു ‘ധന്യചരിത പരമ്പര’ എത്തിക്കുക എന്ന വിമലയുടെ ലക്ഷ്യം തുടർന്നുകൊണ്ടിരിക്കുന്നു. ധന്യചരിതമാലയുടെ ലക്ഷത്തിലധികം കോപ്പികൾ ഇതിനോടകം പ്രസിദ്ധീകരിച്ചു വില്പന നടത്തി. ഇതിൽ 12 എണ്ണം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. ബാക്കി പുസ്‌തകങ്ങളുടെ വിവർത്തനം പണിപ്പുരയിലാണ്. എല്ലാകുട്ടികൾക്കുമായി മഹത്കഥാമാല എന്ന പരമ്പരയിൽ പന്ത്രണ്ടോളം മഹാന്മാരുടെ ജീവചരിത്രം 2015-ൽ പ്രസിദ്ധീകരിച്ചു. ബൈബിൾ കഥാമാല തുടർച്ച, മഹത്കഥാമാല രണ്ടാം ഭാഗം, ധന്യചരിതമാല ഇംഗ്ലീഷ് വിവർത്തനം, ബൈബിൾ സ്കിറ്റുകൾ, 101 പ്രസംഗങ്ങൾ വാല്യം 6, ഇംഗ്ലീഷ് പ്രസംഗങ്ങൾ, ബൈബിൾ നാടകങ്ങൾ, ക്വിസ്സ് ബുക്കുകൾ, ബൈബിൾ ആനിമേഷൻ പ്രോജക്‌ട്, ബൈബിൾ കളറിംങ് ബുക്സ് , കുട്ടികളുടെ വിശുദ്ധർ, സൺഡേസ്കുൾ പ്രസംഗങ്ങൾ ഇവ ഭാവിപ്രൊജക്‌ടുകളാണ്. സൃഷ്ടികർമ്മത്തിന്റെ ഒന്നാംഭാഗം ആനിമേഷൻ വീഡിയോ ‘സോറാ, മിന്നി’ റിലീസായി. രണ്ടാം ഭാഗം പണിപ്പുരയിലുണ്ട്.
കഴിഞ്ഞ പതിനഞ്ചു വർഷങ്ങളായി കോട്ടയത്തു നടന്നുവരുന്ന അന്താരാഷ്ട്ര പുസ്‌തകമേളയിൽ വിമല സജീവമായി പങ്കെടുത്തുവരുന്നു. ജനങ്ങളെ സ്വാധീനിച്ച പുസ്‌തകങ്ങൾ, ഏറ്റവും മികച്ച സ്റ്റാൾ എന്നിങ്ങനെ വിവിധയിനങ്ങളിൽ പല അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. 2014-ൽ കമലാദാസ് ഫൗണ്ടേഷന്റെ മാധവിക്കുട്ടി പുരസ്‌കാരം വിമലയുടെ ഗ്രന്ഥകാരി സി. എലൈ മേരി എഫ്.സി.സി ക്കു ലഭിക്കുകയുണ്ടായി. വിവിധ കോളജ് പ്രോഗ്രാമുകളിലും, ജീസസ് യൂത്ത് സംഗമങ്ങളിലും, വിവിധ ഡിപ്പാർട്ടുമെൻ്റുകളും സ്‌കൂളുകളുമായി സഹകരിച്ചും ഇക്കൊല്ലവും പുസ്തകമേളകൾ നടത്തിവരുന്നു.
കേരളത്തിനകത്തും പുറത്തുമായി ഇരുനൂറ്റമ്പതിലധികം കേന്ദ്രങ്ങളിൽ വിമലയുടെ പുസ്തകങ്ങൾ ലഭ്യമാണ്. വിവിധ കേന്ദ്രങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും മറ്റു പുസ്തകപ്രസാധകരുടെ സ്റ്റാളുകളിലും വിമല പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.
VBC (വിമല ബുക്ക് ക്ലബ്)
രൂപതയ്ക്കുള്ളിലും പുറത്തുമുള്ള സൺഡേസ്‌കൂളുകൾക്കും, ലൈബ്രറികൾക്കും, വ്യക്തികൾക്കുമായി മൂന്നു വർഷക്കാലാവധിയിലുള്ള പ്രത്യേക പുസ്‌തകപദ്ധതിയാണിത്. 1000 രൂപയടച്ച് ഇതിൽ അംഗങ്ങളാകുന്നവർക്ക് മൂന്നു വർഷത്തേക്ക് 600 രൂപയുടെ പുസ്‌തകം സൗജന്യമായി ലഭിക്കും. കൂടാതെ കാലാവധി കഴിയുമ്പോൾ മുടക്കുമുതലായ 1000 രൂപ പുതുക്കുകയോ തിരികെ വാങ്ങുകയോ ചെയ്യാവുന്നതുമാണ് വി.ബി.സി അംഗത്വം എടുക്കുവാൻ ഇപ്പോഴും അവസരമുണ്ട്.
വിമലയുടെ വെബ്‌സൈറ്റായ vimalabooks.com – ൽ വിമല പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും വാങ്ങുവാൻ സാധിക്കുന്നതാണ്. ആമസോണിലും വിമലയുടെ ബുക്കുകൾ ലഭ്യമാണ്.
തൂലികാ ഗ്രാഫിക്‌സ് (പബ്ലിക്കേഷൻ വിഭാഗം)
വിമലബുക്‌സിൻ്റെ പ്രസിദ്ധീകരണ നടപടികൾ കാര്യക്ഷമമായും വേഗത്തിലും നടത്തുന്നതിനായി 2005 ൽ വിമലയുടെ സഹോദരസ്ഥാപനമായി തൂലിക ആരംഭിച്ചു.
ISBN (International Standard Book Number)
മിനിട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെൻ്റിൻ്റെ നിയമാവലികൾ അനുസരിച്ച് പുസ്‌തകങ്ങളുടെ പ്രിന്റിംഗ് ‘Standard’ തുടർന്നുപോകുന്നു. ഓൺലൈൻ വഴി രജിസ്‌ട്രേഷൻ നടത്തി ഓരോ പുസ്‌തകങ്ങളുടെയും ISBN ലഭ്യമാക്കുന്നു.
പുതിയ പുസ്തകങ്ങൾ പ്രസിദ്ധീകരണയോഗ്യമെന്നു തീരുമാനിച്ചാൽ ഒന്നാംകക്ഷിയുമായി രണ്ടാംകക്ഷി കരാറുടമ്പടിയിൽ ഒപ്പു വയ്ക്കുന്നു. എ, ബി, സി കാറ്റഗറിയിലായി മൂന്നുതരം കരാറുകളാണ് നിലവിലുള്ളത്. എ – വിമല നേരിട്ടു പ്രസിദ്ധീകരിക്കുന്നത്. ബി – ഗ്രന്ഥകാരന്റെ സഹകരണത്തോടെ പ്രസിദ്ധീകരിക്കുന്നത്. സി – ഗ്രന്ഥകാരൻ പ്രസിദ്ധീകരിച്ച് വിമല വിതരണം ചെയ്യുന്നത്.
നിരവധി എഴുത്തുകാർക്ക് ജന്മം നൽകുവാൻ വിമല അവസരമൊരുക്കി. അറിവിന്റെ ലോകമായ വിമല ബുക്സ് ആവശ്യമായ പുസ്തകങ്ങൾ എത്തിച്ചു നൽകുന്നതിലും സദാ ഉത്സുകരാണ്.

