ഇറാഖിൽ ക്രിസ്ത്യൻ വംശഹത്യകൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്നും മേഖലയിലെ ക്രൈസ്തവരുടെ സംരക്ഷണം ഉറപ്പാക്കാൻ ഗൗരവപൂർണമായ നടപടികൾ കൈക്കൊള്ളണമെന്നും ഇറാഖീ ആർച്ച്ബിഷപ്പ് ബാഷർ വർധ. ‘കാത്തലിക് ന്യൂസ് ഏജൻസി’ക്ക് നൽകിയ അഭിമുഖത്തിലാണ് എർബിലിലെ കൽദായ സഭാധ്യക്ഷനായ ആർച്ച്ബിഷപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇറാഖിൽ ഐസിസിന്റെ ആക്രമണത്തിനിരയായ ക്രൈസ്തവരെ വീണ്ടെടുക്കാനും വടക്കൻ ഇറാഖ് പുനർനിർമിക്കാനും സഹായഹസ്തമേകിയ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്, നൈറ്റ്‌സ് ഓഫ് കൊളംബസ്, യു.എസ് ബിഷപ്‌സ് കോൺഫറൻസ് എന്നിവയുൾപ്പെടെയുള്ള ക്രൈസ്തവ സന്നദ്ധ സംഘടനകൾക്ക് നന്ദി അർപ്പിക്കുകയും ചെയ്തു അദ്ദേഹം. ‘സന്നദ്ധ സംഘടനയുടെ സഹായം വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു.’ അദ്ദേഹം വ്യക്തമാക്കി.
2014ലെ ഐസിസ് അധിനിവേശത്തെ തുടർന്ന് മൊസൂളിൽനിന്നും നിനവേയിൽനിന്നും പതിനായിരക്കണക്കിന് ആളുകൾക്കാണ് പലായനം ചെയ്യേണ്ടിവന്നത്. ഇറാഖിലെ സ്വയംഭരണ പ്രദേശമായ കുർദിസ്ഥാനിലെ എർബിലിൽ എത്തിയ 13,000ൽപ്പരം അഭയാർത്ഥി കുടുംബങ്ങൾക്ക് അതിരൂപത അവശ്യസഹായങ്ങൾ ലഭ്യമാക്കിയിരുന്നു. പിന്നീട് 2016ൽ അവർ ജന്മനാട്ടിലേക്ക് മടങ്ങാനാരംഭിച്ചു. ഏതാണ്ട്, 2600 കുടുംബങ്ങൾ ഇപ്പോഴും എർബിലിൽ തുടരുന്നുണ്ടെന്നും ആർച്ച്ബിഷപ്പ് പറഞ്ഞു.
ജന്മനാട്ടിലേക്കുള്ള മടക്കയാത്രയിൽനിന്ന് അവരെ തടയുന്നതെന്ന് സുരക്ഷതത്വത്തെ കുറിച്ചുള്ള ആശങ്കയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി: ‘ഈ മേഖലയിലെ ക്രൈസ്തവർക്ക് ദീർഘകാല സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വംശഹത്യ ആവർത്തിക്കപ്പെടാതിരിക്കാൻ നാമെല്ലാം കൂട്ടായി പ്രവർത്തിക്കണം.’ സുരക്ഷാ പ്രശ്‌നങ്ങൾക്കൊപ്പം പരിഹരിക്കപ്പെടേണ്ട ദാരിദ്ര്യം, തൊഴിലാല്ലായ്മ എന്നിവയെകുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.

