ഫോണ് ചോർത്തൽ വിവാദത്തിൽ കേന്ദ്ര സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. വിവിധ രാജ്യങ്ങളിലായി 1400 ഓളം പേരുടെ ഫോണ് കോളുകൾ ചോർത്തിയെന്ന വിവരമാണ് പുറത്തുവന്നത്. ഇന്ത്യയിൽ മാത്രം 300 ഓളം പേരുടെ ഫോണ് വിവരങ്ങൾ ചോർത്തിയിട്ടുണ്ട്.
പാർലമെന്റിന്റെ വർഷകാലം സമ്മേളനം ഇന്ന് തുടങ്ങാനിരിക്കേ രണ്ടു കേന്ദ്ര മന്ത്രിമാരുടെയും ആർഎസ്എസ് നേതാക്കളുടെയും ഫോണ് വിവരം ചോർത്തിയെന്ന വാർത്തയാണ് കേന്ദ്രത്തിന്റെ കുരുക്ക് മുറുക്കുന്നത്. പ്രധാനമന്ത്രിയുമായി ഇടഞ്ഞു നിൽക്കുന്ന സ്മൃതി ഇറാനി, നിതിൻ ഗഡ്കരി എന്നിവരാണ് ചോർത്തലിന് ഇരയായ മന്ത്രിമാർ. ഇത് കൂടാതെയാണ് ആർഎസ്എസ് നേതൃത്വത്തിലെ ചിലരുടെ ഫോണ് സംഭാഷണങ്ങളും കേന്ദ്രം ചോർത്തിയത്.
40 മാധ്യമപ്രവർത്തകരും മൂന്ന് പ്രതിപക്ഷ നേതാക്കളും സുപ്രീംകോടതി ജഡ്ജിയും ആക്ടിവിസ്റ്റുകളും വ്യവസായികളും ചോർത്തലിന് ഇരയായെന്നാണ് വിവരം. ഇത് സംബന്ധിച്ച് ഇന്ന് കൂടുതൽ വിവരങ്ങൾ പുറത്തുവന്നേയ്ക്കും. മുൻ ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ഡെയുടെ ഫോണും ചോർത്തിയെന്ന് റിപ്പോർട്ടുണ്ട്.
വിഷയം ഇരു സഭകളിലും കോണ്ഗ്രസ് ശക്തമായി ഉയർത്തുമെന്ന് ഉറപ്പാണ്. അടിയന്തരപ്രമേയത്തിന് ലോക്സഭയിൽ കോണ്ഗ്രസ് നോട്ടീസ് നൽകിയിട്ടുണ്ട്.

