വ്യോമസേനയ്ക്ക് കൂടുതല്‍ കരുത്തായി ഫ്രാന്‍സില്‍ നിന്നു മൂന്നു റഫാല്‍ വിമാനങ്ങള്‍ കൂടി ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: വ്യോമസേനയ്ക്ക് കൂടുതല്‍ കരുത്തായി ഫ്രാന്‍സില്‍ നിന്നു മൂന്നു റഫാല്‍ വിമാനങ്ങള്‍ കൂടി ഇന്ന് ഇന്ത്യയിലെത്തും. ഫ്രാന്‍സില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്കു പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങള്‍ ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളത്തിലാണ് ആദ്യമെത്തുക. തുടര്‍ന്ന് ആദ്യ ബാച്ചായി എത്തിയ അഞ്ചു വിമാനങ്ങള്‍ വിന്യസിച്ച അംബാലയിലേക്ക് എത്തിക്കും. വിമാനങ്ങള്‍ നാളെയായിരിക്കും അംബാലയിലെത്തുകയെന്നാണു കരുതുന്നത്.

36 വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യയും ഫ്രാന്‍സുമായി കരാര്‍. ആദ്യ ബാച്ചായി എത്തിയ വിമാനങ്ങള്‍ അബുദബിയിലെ ഫ്രഞ്ച് വ്യോമതാവളത്തില്‍ ഇറങ്ങിയശേഷമായിരുന്നു ഇന്ത്യയിലേക്കു പറന്നത്. ഇത്തവണ ഇടത്താവളമില്ലാതെയാണ് മൂന്നു വിമാനങ്ങളുമെത്തുന്നത്.

അഞ്ച് റഫാലുകളുടെ ആദ്യ ബാച്ച്‌ ജൂലൈ 28ന് ഇന്ത്യയിലെത്തി. സെപ്റ്റംബര്‍ 10ന് നടന്ന ചടങ്ങില്‍ യുദ്ധ വിമാനങ്ങളെ വ്യോമസേനയുടെ ഭാഗമാക്കി കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. അഞ്ചെണ്ണം വ്യോമസേനാ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഫ്രാന്‍സിലാണുള്ളത്.
1997ല്‍ റഷ്യയില്‍ നിന്നു സുഖോയ് 30 ജെറ്റ് വിമാനങ്ങള്‍ വാങ്ങിയശേഷം ഇന്ത്യ നടത്തുന്ന ആദ്യ വിമാന ഇടപാടാണ് റഫാലിന്റേത്.

Leave a Reply