ദക്ഷിണാഫ്രിക്കയിലും ക്യൂബയിലും സമാധാനം വീണ്ടെടുക്കണം: പാപ്പ; ദൈവമാതാവിന്റെ മാധ്യസ്ഥം തേടാനും ആഹ്വാനം

കലാപഭരിതമായ ദക്ഷിണാഫ്രിക്കയിലും ക്യൂബയിലും സമാധാന ശ്രമങ്ങൾ ശക്തിപ്പെടുത്താൻ അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. ഇന്നലെ ആഞ്ചലൂസ് പ്രാർത്ഥനയുടെ സമാപനത്തിൽ, രാഷ്ട്രീയ നേതാക്കളും മറ്റുള്ളവരും രാജ്യത്ത് സമാധാനം പുലരാൻ വേണ്ടതു ചെയ്യണമെന്ന് അഭ്യർത്ഥിച്ച പാപ്പ, ഇരു രാജ്യങ്ങളെയും പ്രാർത്ഥനയിൽ സമർപ്പിക്കുകയും ചെയ്തു.

ഓരോ ദിവസം കഴിയുന്തോറും ഇരു രാജ്യങ്ങളിലും സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയാണ്. ദക്ഷിണാഫ്രിക്കയിലെ മുൻ പ്രസിഡന്റ് ജേക്കബ് സുമയെ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട കോടതിയ ലക്ഷ്യകേസിൽ കഴിഞ്ഞയാഴ്ച ജയിലിൽ അടച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ അനുയായികൾ ആരംഭിച്ച പ്രതിഷേധമാണ് കലാപമായി മാറിയത്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം, ഇതിനകം 72ൽപ്പരം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

രൂക്ഷമായ ഭക്ഷ്യക്ഷാമവും കോവിഡിനെ തുടർന്നുണ്ടായ ആരോഗ്യപ്രതിസന്ധിയുമാണ് ക്യൂബയിലെ ജനകീയ പ്രക്ഷോഭത്തിന് കാരണം. കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബ കഴിഞ്ഞ ആറ് പതിറ്റാണ്ടുകൾക്കിടയിൽ ഇത്രമാത്രം വ്യാപകമായ പ്രതിഷേധങ്ങൾക്ക് വേദിയാകുന്നത് ഇതാദ്യമാണ്. സംഘർഷത്തിൽ ഇതുവരെ ഒരാൾ കൊല്ലപ്പെടുകയും 100ൽപ്പരം പേരെ കാണാതായെന്നുമാണ് റിപ്പോർട്ടിുകൾ.

‘മഹാമാരിമൂലം ദുരിതമനുഭവിക്കുന്ന ജനതയുടെ അവസ്ഥ കൂടുതൽ വഷളാകുകയാണ്. ഈ സാഹചര്യത്തിൽ സമാധാനം സംജാതമാക്കാൻ എല്ലാ അധികാരികളോടും നേതാക്കളോടും ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. ദക്ഷിണാഫ്രിക്കൻ ജനതയെ അവർ ആഗ്രഹിക്കുന്ന ഐക്യത്തിന്റെ പുനർജന്മത്തിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്വം വിസ്മരിക്കരുത്,’ പാപ്പ ആഹ്വാനം ചെയ്തു.

ഈ ദുഷ്‌കരമായ നിമിഷങ്ങളിൽ പ്രിയപ്പെട്ട ക്യൂബൻ ജനതയോടും പാപ്പ തന്റെ ആത്മീയ സാമീപ്യം വ്യക്തമാക്കി: ‘സമാധാനത്തിന്റെ വീണ്ടെടുപ്പിലൂടെ നീതിയും സാഹോദര്യവും നിറഞ്ഞ ഒരു സമൂഹം കെട്ടിപ്പടുക്കാൻ ക്രിസ്തുനാഥൻ രാജ്യത്തെ സഹായിക്കട്ടെ. പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തിന് സ്വയം സമർപ്പിക്കാൻ ക്യൂബൻ ജനതയോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഈ യാത്രയിൽ പരിശുദ്ധ അമ്മ നിങ്ങളോടൊപ്പമുണ്ടാകും.’