ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ വിധിക്കെതിരെ ഹർജി; ‘ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് തിരിച്ചടി’

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ് വിവാദത്തില്‍ ആദ്യ കേസ് സുപ്രീംകോടതിയില്‍. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സ്വകാര്യ മുസ്ളീം ട്രസ്റ്റും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിയിലെ പരാമര്‍ശത്തിനെതിരെ സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയെ സമീപിക്കും. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മുസ്ളീം സമുദായത്തിന് വേണ്ടി മൈനോറിറ്റി ഇന്ത്യന്‍ പ്ളാനിംഗ് ആന്‍റ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റാണ് സുപ്രീംകോടതിയില്‍ ആദ്യ ഹര്‍ജി നല്‍കിയത്.

സ്കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതി വിധി തിരിച്ചടിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

കേസില്‍ തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് തടസ്സ ഹര്‍ജി നല്‍കി. ജനസംഖ്യാടിസ്ഥാനത്തില്‍ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് തീരുമാനിക്കണം എന്നതായിരുന്നു കേരള ഹൈക്കോടതി വിധി. ഇതിന്‍റെ അടിസ്ഥാനത്തില്‍ 51:49 അനുപാദത്തില്‍ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ തീരുമാനിക്കാനാണ് സര്‍ക്കാരിന്‍റെ ആലോചന.

ഇതിനെതിരെയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ ചൂടുപിടിക്കുമ്ബോഴാണ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ എത്തുന്നത്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കേരള ഹൈക്കോടതി പരാമര്‍ശം നടത്തിയിരുന്നു. അതിനെതിരെ സര്‍ക്കാരും സുപ്രീംകോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കും. ദേശീയതലത്തിലെ വലിയ നിയമപോരാട്ടമായി ഈ കേസ് മാറാനും സാധ്യതയുണ്ട്.