കരിയറിനുവേണ്ടി ഗർഭച്ഛിദ്രം ചെയ്യുന്നതിൽ തെറ്റില്ലെന്ന സന്ദേശം പകരുന്ന മോളിവുഡിലെ ‘സാറാസി’ന് ബോളിവുഡിൽനിന്ന് ഒരു പ്രോ ലൈഫ് ബദൽ! ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘മിമി’യെ ഇപ്രകാരം വിശേഷിപ്പിക്കാം. സാറാസിലെ നായികാ കഥാപാത്രം കുട്ടിയെ വേണ്ടെന്നു വച്ചത് സെലിബ്രിറ്റി സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാനാണെങ്കിൽ, ‘മിമി’യിലെ നായികാ കഥാപാത്രം കുട്ടിക്കുവേണ്ടി സെലിബ്രിറ്റി സ്വപ്‌നങ്ങൾ ത്യജിച്ചു എന്നത്
മറ്റൊരു കൗതുകം.
“എന്റെ ഉള്ളിലുള്ള കുഞ്ഞിന് ജീവൻ ഉണ്ടെന്ന് എനിക്ക് തോന്നുന്നു. അത് വളരുന്നു. അതിനു ശ്വസിക്കാൻ സാധിക്കുന്നു. അത് ഭക്ഷണം കഴിക്കുന്നു. അത് അനങ്ങുന്നു. അതിന് നമ്മെ കേൾക്കാൻ സാധിക്കുമന്ന് തോന്നുന്നു. അങ്ങനെയാണെങ്കിൽ എങ്ങനെയാണ് ഉദരത്തിൽ ആയിരിക്കുന്ന ഒരു ശിശുവിനെ കൊല്ലുന്നത് ന്യായമാകുന്നത്, കാരണം ജനിച്ചു കഴിഞ്ഞ ഒരാളെ കൊല ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ്,” ബോളിവുഡ് സംവിധായകനായ ലക്ഷ്മൺ ഉത്തേഗർ തിരക്കഥയെഴുതിയ മിമി എന്ന ചിത്രത്തിലെ ഒരു സംഭാഷണമാണിത്.
ബോളിവുഡിൽ നിന്നും ഇത്രയും പ്രോലൈഫ് സന്ദേശം നൽകുന്ന ഒരു ചിത്രം മുമ്പെങ്ങും ഇറങ്ങിയിട്ടില്ല. വാടക ഗർഭപാത്രം അന്വേഷിച്ചെത്തിയ രണ്ട് അമേരിക്കൻ ദമ്പതികളിൽ നിന്നാണ് കഥ തുടങ്ങുന്നത്. അവർ മിമി എന്നൊരു പെൺകുട്ടിയെയാണ് രാജസ്ഥാനിൽ നിന്നും ഇതിനായി കണ്ടെത്തുന്നത്. ബോളിവുഡിലെ ഒരു സൂപ്പർതാരമാകാൻ ആഗ്രഹിച്ചിരുന്ന മിമി ഇതിന് തയ്യാറായി. 20 ലക്ഷം രൂപ അവർ പ്രതിഫലമായി വാഗ്ദാനം ചെയ്തു. അങ്ങനെ ഐവിഎഫ് പ്രക്രിയയിലൂടെ ഗർഭിണിയായ മിമി മാതാപിതാക്കളിൽ നിന്നും ഇത് മറച്ചു വെക്കാൻ മറ്റൊരു ആവശ്യത്തിനായി പോകുന്നു എന്ന് പറഞ്ഞ് മുംബൈയിലേക്ക് യാത്രതിരിച്ചു.ഇതിനിടയിലാണ് മിമിയുടെ ഉദരത്തിൽ ഉള്ള കുട്ടിക്ക് ഡൗൺ സിൻഡ്രോം ആണെന്ന് അമേരിക്കൻ ദമ്പതികൾ അറിയുന്നത്. ആ കുട്ടിയെ തങ്ങൾക്ക് വേണ്ടെന്നും, ഭ്രൂണഹത്യ ചെയ്യുന്നതാണ് ഉചിതമെന്ന് മിമിയോട് നിർദ്ദേശിക്കുകയും ചെയ്തതിനുശേഷം അവർ തിരിച്ച് നാട്ടിലേക്ക് മടങ്ങി. എന്നാൽ മിമി തന്റെ ഉദരത്തിലായിരിക്കുന്ന കുഞ്ഞിനെ അബോർട്ട് ചെയ്യാൻ തയ്യാറായില്ല. പിന്നീട് സത്യം എന്തെന്ന് മാതാപിതാക്കളോട് വെളിപ്പെടുത്തേണ്ട സാഹചര്യവുമുണ്ടായി.ഏതാനും നാളുകൾക്ക് ശേഷം ഡൗൺ സിൻഡ്രോം ബാധിക്കുമന്ന് ഡോക്ടർമാർ വിധിയെഴുതിയ കുട്ടി പൂർണ്ണ ആരോഗ്യവാനായി ജനിച്ചു. കുട്ടിയെ നോക്കാൻ വേണ്ടി തന്റെ ബോളിവുഡ് ആഗ്രഹങ്ങൾ മിമി മാറ്റിവെച്ചു. ഏതാനും നാളുകൾക്ക് ശേഷം ഇരുവരെയും ഓൺലൈനിൽ അവിചാരിതമായി കണ്ട അമേരിക്കൻ ദമ്പതികൾ തങ്ങളുടെ കുട്ടിയെ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെത്തി. അവർ നിയമപരമായി നീങ്ങുമെന്ന് ഭീഷണിപ്പെടുത്തിയത് മൂലം മിമിയുടെ വീട്ടുകാരും നിയമത്തിന്റെ വഴിയേ പോകാമെന്ന് അഭിപ്രായപ്പെട്ടു.എന്നാൽ വേദനയോടെ ആണെങ്കിലും കുട്ടിയെ തിരികെ നൽകാമെന്ന് മിമി പറഞ്ഞു. കുട്ടിയെ ദമ്പതികളോട് ഒപ്പം യാത്രയാക്കാൻ എത്തിച്ചേർന്ന സമയത്ത് മറ്റൊരു കുട്ടിയേയും ദമ്പതികളോട് ഒപ്പം മിമി കണ്ടു. ഇതിനിടയിൽ ഒരു അനാഥാലയം സന്ദർശിച്ച് തങ്ങൾ ദത്തെടുത്ത കുട്ടിയാണ് അതെന്നും മിമി പ്രസവിച്ച കുട്ടിയെ തങ്ങൾ തിരികെ അമേരിക്കയിലേക്ക് കൊണ്ടു പോകുന്നില്ലെന്നും ദമ്പതിമാർ പറഞ്ഞു. ആ കുട്ടിയും, ഗർഭം നൽകിയ മിമിയും തമ്മിലുള്ള സ്നേഹം കണ്ടപ്പോഴാണ് തങ്ങളുടെ മനസ്സ് മാറിയതെന്ന് ദമ്പതിമാർ വിശദീകരിച്ചു. ഇവിടെയാണ് ചിത്രം അവസാനിക്കുന്നത്.
സറോഗസിയെ കത്തോലിക്കാസഭ അംഗീകരിക്കുന്നില്ലെങ്കിലും, അമ്മയുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിന് ജീവൻ ഉണ്ട് എന്ന് വലിയ സന്ദേശം തന്നെയാണ് ചിത്രം നൽകുന്നത്. സാറാസ് പോലുള്ള ചിത്രങ്ങൾക്ക് ബദലായി ബോളിവുഡിലെ സംവിധായകർ മിമി പോലുള്ള ചിത്രങ്ങൾ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത് പ്രതീക്ഷ നൽകുന്നു.