നീതിമാന്റെ മഹത്വമുള്ള മരണം

വന്ദ്യനായ സ്റ്റാന്‍ അച്ചന്‍റെ മരണത്തെ പലവിധത്തില്‍ കാണുകയും അതില്‍ പ്രതികരിക്കുകയും ചെയ്യുന്ന മാധ്യമലോകത്തെയും വിശ്വാസ സമൂഹത്തെയും സംഘടനകളെയും നാമിന്ന് കാണുന്നു. സഭ പ്രതികരിച്ചത് വേണ്ടവിധമല്ല എന്ന് പരിതപിക്കുന്നവരും കരിദിനങ്ങളും പ്രതിഷേധങ്ങളും ഉണ്ടാവണമെന്നും അത് നടത്താത്തസഭ അക്ഷന്തവ്യമായ തെറ്റാണ് ചെയ്യുന്നതെന്നും വികാരാവേശത്തോടെ പ്രതികരിക്കുന്നവരെയും കാണാം.
‘നീതിമാന്‍റെ മഹത്വം മരണത്തിലാണ് പ്രകാശിതമാവുന്നത് ‘ എന്ന തിരുവചനം സ്റ്റാന്‍ അച്ചനില്‍ ദൃശ്യമാക്കപ്പെട്ടിരിക്കുന്നു. സാധാരണ ഒരു ഈശോസഭാ വൈദികനായി ആദിവാസികളുടെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും വിമോചകനായി വടക്കേ ഇന്ത്യയില്‍ ഏതെങ്കിലും ഒരു ഗ്രാമത്തില്‍ ജീവിതം ബലികഴിച്ചു തീരേണ്ടിയിരുന്ന അച്ചനെ ദൈവം ലോകത്തിനു മുമ്പില്‍ മഹത്വമുള്ളതാക്കി തീര്‍ത്തു. ജീവിതത്തെ ബലിയായിതീര്‍ത്ത അച്ചന്‍ ദൈവതിരുമുമ്പില്‍ സ്വീകാര്യനായി. ലോകം മുഴുവന്‍ അച്ചനിലൂടെ ദൈവം തെളിച്ച പ്രകാശം പ്രശോഭിതമായി. അച്ചന്‍ ലക്ഷ്യംവച്ച വിമോചനത്തിന്‍റെ സന്ദേശം പുരമുകളില്‍ പ്രഘോഷിക്കുന്നവിധം ലോകമെമ്പാടും കേള്‍ക്കുവാന്‍ ഇടയായി. അദ്ദേഹത്തിന്‍റെ മൃതസംസ്കാര വേളയില്‍ ആവര്‍ത്തിച്ചു പറയപ്പെട്ടതു പോലെ അദ്ദേഹത്തിന്‍റെജീവിതത്തെ നമുക്ക് ആഘോഷിക്കാം.
വന്ദ്യ സ്റ്റാന്‍ അച്ചന്‍റെ ജീവിതം ആഘോഷിക്കപ്പെടണം. ഫേസ്ബുക്ക് വാച്ച് എന്ന സോഷ്യല്‍ മീഡിയയില്‍ ഒരു ജഡ്ജിയെ പോലെ അദ്ദേഹത്തെ രാജ്യദ്രോഹിയും വിഘടനവാദിയും വിദേശപണം ദുരുപയോഗം ചെയ്യുന്നവനുമായി മുദ്രകുത്തുന്ന വ്യക്തികളെയും നാം കണ്ടു. ഇതിനെല്ലാം ഇടയില്‍ ഒരു ക്രൈസ്തവ വിശ്വാസി എപ്രകാരമാണ് ഇതിനെ കാണേണ്ടത് ? കരിദിന ആഘോഷങ്ങളും പ്രതിഷേധങ്ങളും പ്രകടനങ്ങളും ക്രൈസ്തവേതരശൈലികളാണ്. ക്രൈസ്തവന്‍റെ അവകാശമാണ് കുരിശ്. ഈശോയുടെ 33 വര്‍ഷത്തെ മനുഷ്യാവതാരവാസം മഹത്വീകരിക്കപ്പെട്ടതും ലോകമെമ്പാടും അറിയപ്പെട്ടതും ശിഷ്യസമൂഹത്തിന് അവിടുത്തെ സ്നേഹവും മഹത്വവും ദൈവീകതയും വെളിപ്പെട്ടതും കുരിശുമരണവും സംസ്കാരവും ഉത്ഥാനവും വഴിയാണ്. അവിടുത്തെ മരണം കണ്ട ശതാധിപന്‍ ഉദ്ഘോഷിച്ചു ‘ഇവന്‍ യഥാര്‍ത്ഥത്തില്‍ നീതിമാനായിരുന്നു’. ബഹുമാനപ്പെട്ട അച്ചന്‍റെ ജീവിതം ദൈവം കഴിഞ്ഞ എട്ട് മാസത്തെ അദ്ദേഹത്തിന്‍റെ കാരാഗൃഹ വാസത്തിലൂടെ മഹത്വീകരിച്ചു. അച്ചന്‍റെ ജീവിതം, ലോകം മുഴുവന്‍ പ്രഘോഷിക്കപ്പെട്ടു. അദ്ദേഹം തന്‍റെ ജീവിതംകൊണ്ട് മുഴുവനായി നടത്തിയ നീതിയുടെ പോരാട്ടം മരണം കൊണ്ട് പതിനായിരങ്ങള്‍ ഏറ്റുവാങ്ങി. 83 വര്‍ഷം കൊണ്ട് അദ്ദേഹം നേടിയതിലേറെ എട്ടുമാസത്തെ കാരാഗൃഹവാസം കൊണ്ടും മരണംകൊണ്ടും നേടി എന്നതാണ് വാസ്തവം. ആകയാല്‍ ദൈവം മഹത്വീകരിച്ച അച്ചന്‍റെ ജീവിതത്തെ നാം ആഘോഷിക്കുകയാണ് വേണ്ടത്. ഈശോയെ പീഡിപ്പിച്ചവര്‍ക്കും ക്രൂശിച്ചവര്‍ക്കുമെതിരെ പ്രതിഷേധങ്ങളും കരിദിനങ്ങളും നടത്തുകയായിരുന്നില്ല ശിഷ്യസമൂഹം . പിന്നെയോ ഈശോയുടെ ജീവിതത്തെ ശിഷ്യസമൂഹം ഏറ്റെടുക്കുകയായിരുന്നു. അവരും മരിക്കാന്‍ സ്വയം വിട്ടു കൊടുത്തു. അവിടുത്തെ സന്ദേശം പ്രഘോഷിച്ചു. ഇതാണ് അന്യായവിധി നടത്തിയ പീലാത്തോസിനും ഒറ്റുകാരന്‍ യൂദാസിനും അവിടുത്തെ കുരിശില്‍ തറച്ചവര്‍ക്കും ലഭിച്ച ഏറ്റവും വലിയ ശിക്ഷ. ഇവിടെയും ഈ മരണത്തെയും ഇപ്രകാരം ക്രൈസ്തവമായി കാണുവാന്‍ ആ ദീപം കാത്തുസൂക്ഷിക്കുവാന്‍ നമുക്ക് കഴിയണം. അദ്ദേഹത്തെ പീഡിപ്പിച്ചവര്‍ക്ക് മനുഷ്യാവകാശത്തെ ഉന്മൂലനം ചെയ്യുവാന്‍ പരിശ്രമിക്കുന്ന അധികാര വര്‍ഗ്ഗത്തിന് മനസ്സിലാക്കി കൊടുക്കേണ്ടത് ക്രൈസ്തവ ജീവിതത്തിന്‍റെയും അച്ഛന്‍ നയിച്ച പൗരോഹിത്യ ജീവിതത്തിന്‍റെയും മഹത്വവും ശക്തിയും, കല്ലറകളിലും കാരാഗൃഹത്തിലും തളച്ചിടാന്‍ കഴിയാത്ത പുനരുദ്ധാനത്തിന്‍റെയും പ്രത്യാശയുടെയും സുവിശേഷത്തെയുമാണ്.
ആകയാല്‍ ഇത്തരത്തിലുള്ള അവസരങ്ങളില്‍ നമ്മുടെ പ്രതികരണങ്ങള്‍ സുവിശേഷ അധിഷ്ഠിതവും ക്രിസ്തീയജീവിതശൈലിക്ക് അനുഗുണവും ആയിരിക്കണം. വെറും സാമൂഹികരാഷ്ട്രീയതലങ്ങളിലെ അനുയായിക്ക് ആവേശം പകരുന്ന പ്രതികരണ രീതികള്‍ നമുക്ക് പാടില്ല. ഒരുപക്ഷേ അടുത്ത കാലത്ത് സഭാമക്കള്‍ ഇത്തരത്തില്‍ പ്രതികരിക്കുന്ന അനേകം അവസരങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. മെത്രാന്മാര്‍ക്കെതിരെ സമര്‍പ്പിതരും വിശ്വാസികളും സന്യാസാധികാരികള്‍ക്കും സന്യാസ ജീവിതശൈലികള്‍ക്കുമെതിരെ സന്യാസിനികളും സഭ ഒരു ശരീരം എന്ന സുവിശേഷദര്‍ശനം മറന്ന് പരസ്പരം പഴിചാരുന്ന ശൈലികളും ഇത്തരത്തില്‍ നാം കൂട്ടിവായിക്കേണ്ടതുണ്ട്. സഭയുടെ ശക്തി ബാഹ്യ പ്രകടനങ്ങളില്‍ അല്ല. ആത്മാവിലുള്ള സ്ഥൈര്യമാണ്. വിശ്വാസധീരതയാണ്. പ്രത്യാശയിലാണ്. ഇവ നമുക്ക് നഷ്ടപ്പെടാന്‍ പാടില്ല. ലോക വഴികളിലും ലോക അധികാരശക്തികളിലും ലോക പ്രതികരണ രീതികളിലും നാം മുഴുകുമ്പോള്‍ ആത്മശക്തിയും വിശ്വാസ സ്ഥൈര്യവും ക്രൈസ്തവ മൂല്യങ്ങളും നഷ്ടപ്പെടുകയാണ്. സഭ സംഘടനയായി തീരുകയാണ്. ഇന്നു പലരും ദൈവവിളിയെ പോലും അത്തരത്തില്‍ കാണുന്നു .
സ്റ്റാന്‍ അച്ചന്‍റെയും വിശുദ്ധരുടെയും ജീവിതവും മരണവും നമുക്ക് ഇപ്രകാരം കൈസ്തവമായി പ്രഘോഷിക്കാന്‍ കഴിയുമ്പോള്‍ നസ്രായന്‍റെ ജീവിതത്തെ കുരിശിലും കല്ലറയിലും അവസാനിപ്പിക്കാം എന്ന് കരുതിയ പ്രമാണിമാരുടെ ശക്തിക്കു മുമ്പില്‍ വെറും 12 പേരുടെ പരിശുദ്ധാത്മാവില്‍ നിറഞ്ഞ ശക്തിയില്‍ അടിത്തറ പാകിയ സഭയില്‍ അവിടുത്തെ ദൗത്യവും ജീവിതവും ഇന്നും നില നില്‍ക്കുന്നതു പോലെ നിലനിര്‍ത്തുവാന്‍ ഇടയാക്കും. ഇതാണ് നമ്മുടെ വഴി. ഇവിടെ പീലാത്തോസുമാരെയും യൂദാസുമാരെയും ന്യായീകരിക്കുവാനോ കുറ്റവിമുക്തരാക്കുവാനോ അവര്‍ക്കെതിരെ വിധി എഴുതുവാനോ നമുക്ക് അവകാശമില്ല. മിശിഹായുടെ ഉപദേശം അതല്ല മറിച്ച് വിശുദ്ധരും പീഡിപ്പിക്കപ്പെടുന്നവരും നല്‍കുന്ന ജീവിതത്തെ നാം ഏറ്റെടുക്കുമ്പോള്‍ അതിനായി നിലകൊള്ളുമ്പോള്‍ നമുക്ക് ഇതിലും വലിയ പ്രതികാരം നന്മയിലൂടെ ചെയ്യുവാന്‍ കഴിയും. പ്രതിഷേധങ്ങളും പ്രതികരണങ്ങളും അവസാനിക്കുമ്പോള്‍ ആത്മശോധന ചെയ്യേണ്ടതുണ്ട് ഇപ്രകാരമുള്ളവര്‍ ജീവിച്ചതും കൈമാറിയതും അവര്‍ രക്തസാക്ഷികളായതും എന്തിനു വേണ്ടിയും എങ്ങനെയും ആണോ അതുമായി എത്രമാത്രം നാം ജീവിതത്തെ ചേര്‍ത്തുവയ്ക്കുന്നു.അല്ലാതുള്ളതൊക്കെയും അര്‍ത്ഥശൂന്യമാണ്. അച്ചന്‍റെ എളിയ ജീവിതം, പാവങ്ങളോടുള്ള പക്ഷം ചേരല്‍, അനീതിയുടെ മുമ്പില്‍ ചോദ്യചിഹ്നമായി നില്‍ക്കാനുള്ള കരുത്ത് ഇതിനൊക്കെയുള്ള ആത്മധൈര്യം, നമുക്കുണ്ടോ ? ഉണ്ടാവണം.
പ്രതികരണങ്ങള്‍ പാടില്ലെന്നോ അനീതിക്കും അധര്‍മ്മത്തിനും എതിരെ കണ്ണടക്കണമെന്നോ തിന്മയുടെ ശക്തികളെ എതിരിടരുത് എന്നോ അല്ല ഇവിടെ വിവക്ഷ. അച്ചന്‍റെ മരണത്തോടനുബന്ധിച്ച് വിവിധ വയോവിഭാഗങ്ങളില്‍ പെട്ടവരെ ഒത്തു ചേര്‍ത്ത് ജപമാല ചൊല്ലുകയും മെഴുകുതിരി പ്രദക്ഷിണം നടത്തുകയും ചെയ്തിട്ടാണ് ഇപ്രകാരം കുറിക്കുന്നത്. അവിടെയും പ്രതിഷേധം അല്ല പ്രചോദനമായി നിന്നത്. അപ്പോള്‍ നല്‍കിയ സന്ദേശം ജനം ഹൃദയത്തിലേറ്റു വാങ്ങിയ പിന്‍ബലത്തോടെയാണ് ഇപ്രകാരം ഞാന്‍ കുറിക്കുന്നത്. ക്രൈസ്തവ ആത്മീയശക്തിയില്‍ അടിയുറച്ചു നിന്നുകൊണ്ട് തിന്മയുടെ ഗോലിയാത്തു മാരെ ദാവീദിനെ പോലെ ദൈവമായ കര്‍ത്താവിന്‍റെ നാമത്തില്‍ നേരിടുവാനും പരാജയപ്പെടുത്തുവാനും നമുക്ക് സാധ്യമാകണം.
സഭ ഒരു ആത്മീയ ശക്തിയാണ്. സഭ മിശിഹായുടെ മൗതിക ശരീരമാണ്. സഭ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തന വേദിയാണ്. സഭ ഒരു ആരാധനാ സമൂഹമാണ്.
സഭ ദൈവമക്കളുടെ കൂട്ടായ്മയാണ്.സഭാ അള്‍ത്താരയ്ക്കു ചുറ്റുമുള്ള ദൈവജനമാണ്. സഭ ഈ ലോകത്തിലെ ആത്മീയ യാഥാര്‍ഥ്യവും ലോകത്തിന്‍റെ പ്രകാശവുമാണ്. സഭ ലോകമാകുന്ന യുദ്ധക്കളത്തിലെ ആതുരശുശ്രൂഷാ കേന്ദ്രമാണ്. ഈ ലോകത്തില്‍ ഈ ലോകത്തിന്‍റെ തല്ലാതെ ജീവിക്കേണ്ടവളാണ്. സഭ ആത്മീയവും ഭൗതികവുമായ ദൈവരാജ്യത്തിന്‍റെയും ഭൗമിക രാജ്യത്തിന്‍റെയും ഭാഗമാണ്. എന്നാല്‍ ആദ്യം ദൈവത്തിന്‍റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കേണ്ടവളാണ് സഭ .
‘അതിനാല്‍, ദൈവത്തിന്‍റെഎല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്‍മയുടെ ദിനത്തില്‍ ചെറുത്തുനില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും.
അതിനാല്‍, സത്യം കൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചുനില്‍ക്കുവിന്‍. സമാധാനത്തിന്‍റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകള്‍ ധരിക്കുവിന്‍.
സര്‍വോപരി, ദുഷ്ടന്‍റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തി ന്‍റെ പരിച എടുക്കുവിന്‍.
രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്‍റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍. ‘
എഫേസോസ് 6 : 13 – 17
ഫാ. തോമസ് പൂവത്താനിക്കുന്നേല്‍