രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വർധനവില്ലാതെ തുടര്‍ച്ചയായ 28ാം ദിവസം

ന്യൂഡല്‍ഹി/ തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായ 28ാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. മെയ് നാലിന് പൊതുമേഖലാ എണ്ണ കമ്ബനികള്‍ പ്രതിദിന വില നിശ്ചയിക്കല്‍ പുനരാരംഭിച്ചതിന് ശേഷം ഇത്രയും അധികം ദിവസം തുടര്‍ച്ചയായി വില വര്‍ധനവില്ലാതെ തുടരുന്നത് ഇതാദ്യമാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 101.84 രൂപയും ഡീസലിന് 89.87 രൂപയുമാണ് ഇന്നത്തെ വില.

അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും കുറഞ്ഞു.എന്നാല്‍ രാജ്യാന്തര വിപണിയിലെ ഈ കുറവിന്റെ നേട്ടം രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. രാജ്യത്ത് ഇന്ധനവില കുറയ്ക്കാന്‍ എണ്ണ കമ്ബനികള്‍ തയ്യാറായിട്ടില്ല. പെട്രോള്‍, ഡീസല്‍ വില എക്സൈസ് തീരുവയും ഡീലര്‍ കമ്മീഷനും മറ്റ് ഘടകങ്ങളും ചേര്‍ത്താണ് നിര്‍ണയിക്കുന്നത്.ജൂലൈ 17ന് ശേഷം ഇന്ധന വിലയില്‍ മാറ്റമുണ്ടായിട്ടില്ല. രാജ്യത്തെ 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നു. ഇതില്‍ മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹരിയാന, ജമ്മു കശ്മീര്‍, ഒഡീഷ, ലഡാക്ക്, ബീഹാര്‍, കേരളം, പഞ്ചാബ്, സിക്കിം, നാഗാലാന്‍ഡ് എന്നിവ ഉള്‍പ്പെടുന്നു.