അഫ്ഗാനിസ്ഥാനിൽ നിന്ന് സേനാ പിന്മാറ്റം;അമേരിക്കയുടെ ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനം; ബൈഡൻ

വാഷിങ്ടണ്‍: താലിബാന്‍ പിടിച്ചടക്കിയ അഫ്ഗാനിസ്താനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള തന്റെ തീരുമാനത്തെ തീര്‍ത്തും ന്യായീകരിച്ച്‌ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.

അമേരിക്കയുടെ ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയായിരുന്നു തീരുമാനമെന്ന് ബൈഡന്‍ ചൂണ്ടിക്കാട്ടി .

എപ്പോള്‍ അവസാനിക്കുമെന്ന് അറിയാത്ത ഒരു ദൗത്യത്തില്‍ അഫ്ഗാനിസ്താനില്‍ തുടരുന്നതിന് അമേരിക്കയുടെ പക്കല്‍ വ്യക്തമായ കാരണങ്ങളില്ലെന്ന് ബൈഡന്‍ വ്യക്തമാക്കി.

“ഇത് ശരിയായ തീരുമാനമാണ്. വിവേകപൂര്‍ണമായ തീരുമാനം. അമേരിക്കയ്ക്ക് ചേര്‍ന്ന ഏറ്റവും മികച്ച തീരുമാനം-” ബൈഡന്‍ പറഞ്ഞു. 20 വര്‍ഷം നീണ്ട സൈനിക സാന്നിധ്യം അവസാനിപ്പിച്ച്‌ ഓഗസ്റ്റ് 31-നാണ് യുഎസ് അഫ്ഗാനിസ്താനില്‍ നിന്ന് വിട വാങ്ങിയത് .

രാജ്യത്ത് അവശേഷിച്ച തങ്ങളുടെ പോര്‍വിമാനങ്ങളും കോപ്റ്ററുകളും ആയുധശേഷിയുള്ള സൈനികവാഹനങ്ങളും ഹൈടെക് റോക്കറ്റ് പ്രതിരോധസംവിധാനങ്ങളും പൂര്‍ണമായി നശിപ്പിച്ചശേഷമായിരുന്നു തിങ്കളാഴ്ച അര്‍ധരാത്രിയോടെ യു.എസ്. ദൗത്യസംഘം അഫ്ഗാന്‍ വിട്ടത് .

യുഎസ് സൈനിക താവളമായി ഉപയോഗിച്ചുവന്ന കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിലുണ്ടായിരുന്ന 73 വിമാനങ്ങളുടെ ആക്രമണശേഷി ഇല്ലാതാക്കുകയോ നശിപ്പിക്കുകയോ ചെയ്‌തെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് തലവന്‍ ജനറല്‍ കെന്നെത്ത് മക്കെന്‍സി അറിയിച്ചു.

ഓരോന്നിനും 10 ലക്ഷം ഡോളര്‍ മൂല്യ മുള്ള 70 എം. ആര്‍.എ.പി. സൈനിക വാഹനങ്ങളും 27 ഹംവീ വാഹനങ്ങളും നശിപ്പിച്ചു. അതും ഇനിയാരും ഉപയോഗിക്കില്ലെന്നും യു.എസ്. കമാന്‍ഡ് തലവന്‍ വ്യക്തമാക്കി . കാബൂള്‍ വിമാനത്താവളത്തിനു നേരെ ഐ.എസ്. തൊടുത്ത അഞ്ചു റോക്കറ്റുകള്‍ നശിപ്പിച്ച സി-റാം മിസൈല്‍, റോക്കറ്റ്, പീരങ്കി, മോര്‍ട്ടാര്‍ വേധ സംവിധാനങ്ങള്‍ ഏറ്റവുമൊടുവിലാണ് തകര്‍ത്തത്- മക്കെന്‍സി കൂട്ടിച്ചേത്തു .

അതെ സമയം അഫ്ഗാന്‍ സേനയ്ക്കു യുഎസ് നല്‍കിയ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഹംവീ വാഹനങ്ങളും പിടിച്ചെടുത്ത് താലിബാന്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍ വാഹനങ്ങള്‍ യു.എസ്. നശിപ്പിച്ചതില്‍ താലിബാന്‍ രോഷാകുലരാണെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത് വിട്ടിരുന്നു .