ചെന്നൈ | നീറ്റ് പരീക്ഷക്കെതിരെ നിയമനിര്‍മാണവുമായി തമിഴ്നാട് സര്‍ക്കാര്‍. ഇത് സംബന്ധിച്ച ബില്ല് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭയില്‍ അവതരിപ്പിച്ചു.
ബില്ലിനെ പ്രതിപക്ഷമായ അണ്ണാ ഡിഎംകെയും പിന്തുണച്ചു. നീറ്റ് പരീക്ഷക്കെതിരെ നിയമനിര്‍മാണം നടത്തുന്ന ആദ്യ സംസ്ഥാനമാണ് തമിഴ് നാട്. അധികാരത്തിലെത്തിയാല്‍ നീറ്റ് പരീക്ഷ ഇല്ലാതാക്കുമെന്ന് ഡിഎംകെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പറഞ്ഞിരുന്നു.
നേരത്തെ പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനം എന്നാല്‍ നീറ്റ് വന്നതോടെ പ്ലസ്ടുവിന് നല്ല മാര്‍ക്ക് നേടുന്നവര്‍ക്കുപോലും നീറ്റ് വിജയിക്കാനാകാത്ത സ്ഥിതിവന്നു. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ അണ്ണാ ഡിഎംകെ സര്‍ക്കാര്‍, നീറ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതൊരു ബില്ലായി നടപ്പാക്കാനാണ് ഡിഎംകെശ്രമിക്കുന്നത്.മത്സര പരീക്ഷകളല്ല, വിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കേണ്ടതെന്ന് ബില്ല് സഭയില്‍ അവതരിപ്പിച്ചുകൊണ്ട് സ്റ്റാലിന്‍ പറഞ്ഞു

