വാഴ്‌ത്തപ്പെട്ട ദേവസഹായം പിള്ള നാളെ വിശുദ്ധരുടെ ഗണത്തിലേക്ക്

തിരുവനന്തപുരം: വാഴ്‌ത്തപ്പെട്ട ദേവസഹായം പിള്ള നാളെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്. മറ്റു 14 പേരെക്കൂടി വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തും. വത്തിക്കാന്‍ സമയം രാവിലെ 10ന് ആണ് ചടങ്ങുകള്‍.

ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ കോട്ടാര്‍, കുഴിത്തുറ രൂപതകളുടെ കീഴിലുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ വ്യാഴാഴ്ച ആരംഭിച്ചു. നെയ്യാറ്റിന്‍കര രൂപതയിലെ പാറശാല ഫൊറോനയിലുള്ള ചാവല്ലൂര്‍പൊറ്റയില്‍ വാഴ്‌ത്തപ്പെട്ട ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ ദേവാലയത്തിലും ആഘോഷങ്ങളുണ്ട്. നാളെ വൈകിട്ട് 6 നു നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ ഡോ. വിന്‍സെന്റ് സാമുവല്‍ മുഖ്യകാര്‍മികനാകും.വൈകിട്ട് 5നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ് ഡോ. തോമസ് ജെ.നെറ്റോ മുഖ്യകാര്‍മികനായി പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി നടക്കും.

ക്രിസ്തുമതവിശ്വാസിയായി ജീവിച്ച ദേവസഹായം പിള്ള കാറ്റാടിമലയില്‍ വെടിയേറ്റു മരിച്ചെന്നാണു ചരിത്രം. നാഗര്‍കോവില്‍ കോട്ടാര്‍ സെന്റ് സേവ്യേഴ്‌സ് ദേവാലയത്തിലാണു മൃതദേഹം അടക്കം ചെയ്തിരിക്കുന്നത്. വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിയായ ദേവസഹായം പിള്ളയെ 2012 ഡിസംബര്‍ 2ന് വാഴ്‌ത്തപ്പെട്ടവനായി മാര്‍പാപ്പ പ്രഖ്യാപിച്ചു. ഇപ്പോള്‍ വിശുദ്ധനായി പ്രഖ്യാപിക്കാനും പോകുന്നു. തമിഴ്‌നാട്ടിലെ ആരുവായ്മൊഴിക്കു സമീപം കാറ്റാടിമലയില്‍ ജൂണ്‍ 5നു നടക്കുന്ന കൃതജ്ഞതാബലിയില്‍ കോട്ടാര്‍, കുഴിത്തുറ രൂപതകളിലെ ആയിരത്തോളം വിശ്വാസികള്‍ പങ്കെടുക്കും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്‌ ബിഷപ് ലിയോപോള്‍ദോ ജിറേല്ലിയും കോട്ടാര്‍ ബിഷപ് ഡോ. നസ്രേന്‍ സൂസൈയും ചടങ്ങുകളില്‍ പങ്കെടുക്കും.