കൂട്ടിക്കലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഓട്ടോ ഡ്രൈവറായ ഷാലറ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇതോടെ കനത്ത നാശം വിതച്ച അപ്രതീക്ഷിത പേമാരിയില്‍ മരിച്ചവരുടെ എണ്ണം ഒമ്ബതായി. 11 പേരെ കാണാതായി.
കോട്ടയം കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ കുടുംബത്തിലെ ആറുപേര്‍ ഉരുള്‍പൊട്ടലില്‍ മരിച്ചു. വട്ടാളക്കുന്നേല്‍ (ഒട്ടലാങ്കല്‍) ക്ലാരമ്മ ജോസഫ് (65), മകന് മാര്ട്ടിന്, ഭാര്യ സിനി (35), മക്കളായ സോന (11), സ്നേഹ, സാന്ദ്ര എന്നിവരാണ് മരിച്ചത്. ഇവരില്‍ ക്ലാരമ്മ, സിനി, സോന എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ചളിയില്‍ പൂണ്ട് കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പുറത്തെടുക്കാനായിട്ടില്ല.
ഇടുക്കി തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പെട്ട് യുവാവും യുവതിയും മരിച്ചു. കാഞ്ഞാര്‍-മണപ്പാടി റോഡിലാണ് അപകടം. കൂത്താട്ടുകുളം കിഴകൊമ്ബ് അമ്ബാടി വീട്ടില്‍ നിഖില്‍ ഉണ്ണികൃഷ്ണന് (30), കൂത്താട്ടുകുളം ഒലിയപ്പുറം വട്ടിനാല്‍ പുത്തന്‍പുരയില്‍ നിമ കെ. വിജയന് (32) എന്നിവരാണ് മരിച്ചത്. പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടി നാലു പേരെയും കൊക്കയാറില്‍ എട്ട് പേരെയും കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.
ആന്‍സി(45), ചിറയില്‍ ഷാജി(50), പുതുപ്പറമ്ബില്‍ ഷാഹുലിെന്റ മകന് സച്ചു(മൂന്ന്), കല്ലുപുരക്കല്‍ ഫൈസല്‍ നസീറിെന്റ മക്കളായ അപ്പു, മാളു, ഫൈസലിെന്റ സഹോദരി ഫൗസിയ മക്കളായ അഹ്യാന്‍, അഫ്സാന എന്നിവരേയാണ് കൊക്കയാറില്‍ കാണാതായത്.
ആറ്റുചാലില്‍ ജോമിയുടെ ഭാര്യ സോണി, മകന്, തൊട്ടിപറമ്ബില് മോഹനെന്റ ഭാര്യ സരസമ്മ(60), മുണ്ടകശ്ശേരിയില് വേണുവിെന്റ ഭാര്യ റോഷ്നി എന്നിവരെയാണ് പ്ലാപ്പള്ളിയില്‍ കാണാതായത്. കൊക്കയാര്‍ പൂവഞ്ചിയില്‍ മൂന്നുവീടുകള്‍ ഒലിച്ചുപോയി.
കൂട്ടിക്കലിലെ കാവാലി, പ്ലാപ്പള്ളി എന്നിവിടങ്ങളിലും പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ ചോലത്തടത്തുമാണ് ഉരുള്‍ പൊട്ടിയത്. കൂട്ടിക്കലില്‍ ഒറ്റപ്പെട്ട കുടുംബങ്ങളെ പുറത്തെത്തിക്കാന്‍ വ്യോമസേനയുടെ സഹായം തേടി.
മണിമലയാര്‍ കരകവിഞ്ഞൊഴുകി കല്ലേപാലത്തിെന്റ കരയിലെ രണ്ട് വീടും പുത്തന്‍ചന്തയിലെ നാലുകടയും ഒലിച്ചുപോയി. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്നില്‍ കെ.എസ്.ആര്.ടി.സി ബസ് വെള്ളക്കെട്ടില്‍ മുങ്ങി. യാത്രികരെ രക്ഷപ്പെടുത്തി. കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് നിര്‍ത്തിയിട്ട സ്കൂള്‍ ബസ് ഒഴുകിപ്പോയി. ദേശീയ ദുരന്ത നിവാരണ സേനക്കൊപ്പം സൈന്യവും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. മലയോര മേഖലകളില്‍ യാത്രവിലക്ക് ഏര്‍പ്പെടുത്തി.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപംകൊണ്ട ന്യൂനമര്‍ദമാണ് പ്രളയസമാന അന്തരീക്ഷത്തിലെത്തിച്ചത്. തെക്കന്‍, മധ്യകേരളത്തിലെ പലയിടങ്ങളിലും ലഘു മേഘവിസ്ഫോടനങ്ങള്‍ ഉണ്ടായതോടെ ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അണക്കെട്ടുകള്‍ നിറഞ്ഞതോടെ മൂഴിയാര്‍, ശിരുവാണി, മലങ്കര, കുറ്റ്യാടി, കാരാപ്പുഴ, കല്ലട, കാഞ്ഞിരപ്പുഴ, മണിയാര്‍, ഭൂതത്താന്‍കെട്ട്, മൂലത്തറ, പഴശ്ശി അണക്കെട്ടുകളില്‍ നിന്ന് വെള്ളം തുറന്നുവിട്ടു. തിരുവനന്തപുരം ചെമ്ബകമംഗലത്ത് വീടിെന്റ ചുമരിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. തൃശൂര്‍ പുത്തൂരിന് സമീപം മരോട്ടിച്ചാലില്‍ 19 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിന്നലില്‍ പൊള്ളലേറ്റു. ഇടുക്കിയില്‍ രാത്രിയാത്ര നിരോധനം ഒക്ടോബര്‍ 20വരെ നീട്ടി. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. വടക്കന്‍ ജില്ലകളിലടക്കം മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

