ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ നാല് കര്‍ഷകരടക്കം എട്ടു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ തത്സ്ഥിതി റിപ്പോര്‍ട്ട് വൈകിപ്പിച്ചതില്‍ പോലീസിന് രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി.
സാക്ഷ്യമൊഴികള്‍ രേഖപ്പെടുത്താത്തത് എന്തെന്ന് ചോദിച്ച കോടതി സാക്ഷികള്‍ക്ക് സുരക്ഷ നല്‍കണമെന്ന് പറഞ്ഞു. അന്വേഷണം അവസാനിക്കാത്ത കഥയായി മാറരുതെന്നും കോടതി ഓര്‍മിപ്പിച്ചു.
കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍, സര്‍ക്കാര്‍ സമീപനത്തെ കടുത്ത ഭാഷയില്‍ സുപ്രീംകോടതി വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനും പ്രതിയുമായ ആശിഷ് മിശ്രയെ അറസ്റ്റു ചെയ്യാന്‍തന്നെ യു.പി പൊലീസ് തയാറായത്. രണ്ട് അഭിഭാഷകര്‍ നല്കിയ കത്ത് ഹര്‍ജിയായി ഫയലില്‍ സ്വീകരിച്ചാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തിലെ മൂന്നംഗ ബെഞ്ച് വിഷയത്തില്‍ ഇടപെട്ടത്.
കൃത്യമായ അന്വേഷണം നടക്കാത്തതിനെയും മന്ത്രിയുടെ മകനോട് പ്രത്യേക മമത കാട്ടുന്നതിനെയും കോടതി ശക്തമായി വിമര്‍ശിച്ചിരുന്നു. മകന്റെ അറസ്റ്റിന് പോലീസ് നിര്‍ബന്ധിതമായെങ്കിലും, മകനെ കൊലക്കേസില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന മന്ത്രി അജയ് മിശ്രയെ പുറത്താക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയും തയാറായിട്ടില്ല. മന്ത്രിയെ പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളില്‍ ട്രെയിന്‍ തടഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിയെ കാണുകയും ചെയ്തിരുന്നു.
ലഖിംപുര്‍ ഖേരി ആക്രമണവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒമ്ബതിനാണ് ആശിഷ് മിശ്രയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 12 മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

