കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനെന്ന നിലയില്‍ ദീര്‍ഘദര്‍ശനത്തോടെ പദ്ധതികളാവിഷ്‌കരിച്ച് നടപ്പിലാക്കിയ മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്തയുടെ സ്മരണാര്‍ത്ഥം കപ്പാട്, നെടുമാവ് പ്രദേശത്ത് നിര്‍മ്മിച്ച പാര്‍പ്പിട സമുച്ചയം ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത ആശീര്‍വ്വദിച്ചു. സഭാത്മക ദര്‍ശനത്താല്‍ സകല ജനങ്ങളുടെയും ക്ഷേമത്തിനായി വിവിധ മേഖലകളില്‍ ശ്രേഷ്ഠമായ ഇടപെടലുകള്‍ സധൈര്യം നടത്തിയ മാര്‍ ജോസഫ് പവ്വത്തിലിന്റെ സംഭാവനകള്‍ നമുക്കെല്ലാവര്‍ക്കും മാതൃകയും പ്രചോദനവുമാണെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സന്നിഹിതനായിരുന്നു.
അറുപത്തിമൂന്ന് ജീവകാരുണ്യ സ്ഥാപനങ്ങളിലായി 2163 നിരാലംബരെ പുനരധിവസിപ്പിക്കുന്നതിനും ഏയ്ഞ്ചല്‍സ് വില്ലേജുള്‍പ്പെടെയുള്ള സമഗ്ര പദ്ധതികള്‍, വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ആവിഷ്‌കരിച്ച് പൂര്‍ത്തീകരിക്കുന്നതിനും ഇന്ന് സാധിക്കുന്നതിന് അടിസ്ഥാനമിട്ട മാര്‍ ജോസഫ് പവ്വത്തിലും അവയുടെ തുടര്‍ച്ചയ്ക്ക് പ്രോത്സാഹനവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്കി രൂപതയെ നയിച്ച അഭിവന്ദ്യ പിതാക്കന്‍മാരെല്ലാവരും സവിശേഷമായ പങ്കുവഹിക്കുന്നുവെന്ന് മാര്‍ ജോസ് പുളിക്കല്‍ അനുസ്മരിച്ചു.
കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തിലാണ് പദ്ധതി പൂര്‍ത്തിയാകുന്നത്. രൂപതയിലെ വൈദികനായ ഫാ. ജെയിംസ് തെക്കേമുറിയുടെ നേതൃത്വത്തില്‍ നല്ലിടയന്റെ കൂട്ടുകാര്‍ എന്ന സംഘടന വഴിയാണ് ഭവനപദ്ധതി ഏകോപിപ്പിക്കപ്പെട്ടത്. രൂപത റെയിന്‍ബോ പദ്ധതിയില്‍ പൂര്‍ത്തീകരിക്കുന്ന 45 ഭവനങ്ങള്‍ക്ക് പുറമെയാണ് മാര്‍ പവ്വത്തില്‍ പദ്ധതി.
ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപതാ പ്രൊക്കുറേറ്റര്‍ ഫാ.ഫിലിപ്പ് തടത്തില്‍ മേല്‍നോട്ടം വഹിച്ചു. ആശിര്‍വാദ കര്‍മ്മങ്ങളില്‍ വികാരി ജനറാൾ ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ഫാ. ഫിലിപ്പ് തടത്തിൽ, കപ്പാട് വികാരി ഫാ.ആന്റണി മണിയങ്ങാട്ട്, പാസ്റ്ററൽ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു, സി. എം.സി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയർ സി. എലിസബത്ത് സാലി, ഫാ. ജിന്‍സ് വാതല്ലൂക്കുന്നേല്‍, വൈദികർ, സന്യാസിനികൾ, സമീപവാസികൾ എന്നിവർ പങ്കെടുത്തു .
