പയ്യനാട്: മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി കേരള ടീം സന്തോഷ് ട്രോഫി സ്വന്തമാക്കിയതിന്റെ ആവേശവും ആഹ്ലാദവും ഇനിയും കെട്ടടങ്ങിയിട്ടില്ല. ടീമിന്റെ ശക്തമായ കളിയും നെടുംതൂണ്‍ ആയി പ്രയത്നിച്ച കോച്ച് ബിനോ ജോര്‍ജ്ജുമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. കപ്പടിച്ചതിന് പിറ്റേദിവസം അതായത് ഇന്നലെ രാവിലെ ബിനോ ജോർജ് കപ്പുമായി മഞ്ചേരി സെന്‍റ് ജോസഫ് പള്ളിയില്‍ കൃതജ്ഞതാ പ്രാര്‍ത്ഥനയ്ക്കെത്തി.
പയ്യനാട് സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫി മത്സരം തുടങ്ങിയതു തൊട്ട് സ്റ്റേഡിയത്തിൽനിന്ന് ഏകദേശം എട്ടു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പള്ളിയിലെത്തി എല്ലാദിവസവും തന്നെ ബിനോ പ്രാർത്ഥിക്കാറുണ്ടായിരുന്നു. ടൂർണമെന്റ് തുടങ്ങുന്നതിന്റെ തലേദിവസം, കളിക്കാരുടെ ജേഴ്സിയും പന്തും ഉൾപ്പെടെയുള്ളവയുമായി ബിനോയും അസിസ്റ്റന്റ് കോച്ചും പള്ളിയിലെത്തി അവ വെഞ്ചരിച്ചിരിന്നു. ഇതിനിടെ മഞ്ചേരി സെന്‍റ് ജോസഫ്സ് പള്ളി വികാരിയും ഫുട്ബോള്‍ പ്രേമിയുമായ ഫാ. ടോമി കളത്തൂരുമായി കോച്ച് സൌഹാര്‍ദത്തിലായി. മത്സരങ്ങള്‍ ഇല്ലാത്ത ദിവസങ്ങളില്‍ രാവിലെ ആറരയ്ക്കുള്ള വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും ചെയ്തിരിന്നു.
അദ്ദേഹം വരുന്ന ദിവസങ്ങളിൽ, കേരള ടീം കോച്ച് ബിനോ ജോർജ് പള്ളിയിൽ എത്തിയിട്ടുണ്ടെന്നും ടീമിനു വേണ്ടി പ്രാർത്ഥിക്കണമെന്നും വിശ്വാസികളോടു പറയാറുണ്ടായിരുന്നെന്നു ഈ വൈദികന്‍ പറയുന്നു. ഫൈനലിന്റെ തലേദിവസം പള്ളിയിൽ വന്നപ്പോൾ കപ്പ് നമുക്കുള്ളതാണെന്ന് ബിനോയോട് ഫാ. കളത്തൂർ പറഞ്ഞു. അങ്ങനെ കപ്പടിച്ചാൽ ദൈവത്തിന് നന്ദി പറയാൻ പിറ്റേന്ന് രാവിലെ ട്രോഫിയുമായി പള്ളിയിൽ കൊണ്ടുവരുമെന്ന് ബിനോ പറയുകയും ചെയ്തു.
ആ വാക്ക് പാലിക്കാനായിരുന്നു സന്തോഷ് ട്രോഫി കപ്പുമായി ബിനോ, മഞ്ചേരി വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ ഇന്നലെ എത്തിച്ചേര്‍ന്നത്. ഇന്നലെ ഫൈനല്‍ മത്സരം കാണാന്‍ ഫാ. ടോമിയും പയ്യനാട് സ്റ്റേഡിയത്തില്‍ എത്തിയിരിന്നു.

