വാക്സിൻ ഇടവേളയിൽ ഇളവ്: കേന്ദ്രത്തിന്റെ അപ്പീലിൽ വിശദമായ വാദം വ്യാഴാഴ്ച

കൊച്ചി: വാക്സിന്‍ ഇടവേളയില്‍ ഇളവ് അനുവദിച്ചതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.

എത്ര പേര്‍ക്ക് രണ്ടാം ഡോസ് നല്‍കിയെന്നതടക്കമുള്ള വിവരങ്ങള്‍ അറിയിക്കാന്‍ കിറ്റക്സ് കമ്ബനിയോട് നിര്‍ദേശിച്ചു.

സിംഗിള്‍ ബഞ്ചുത്തരവ് വ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണന്നും ഉടന്‍ കേള്‍ക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഫലപ്രാപ്തി കണക്കിലെടുത്താണ് രണ്ട് ഡോസുകള്‍ക്കിടയില്‍ 84 ദിവസത്തെ ഇടവേള ഏര്‍പ്പെടുത്തിയതെന്നും വാക്സിന്‍ നയത്തില്‍ കോടതി ഇടപെടരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ജീവനക്കാര്‍ക്ക് വാക്സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കിറ്റക്സ് കമ്ബനി നല്‍കിയ ഹര്‍ജിയിലായിരുന്നു കോവിഷീല്‍ഡിന്റെ ഇടവേള 28 ദിവസമായി കുറച്ചു കൊണ്ട് സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്. പുതിയ ഉത്തരവ് പ്രകാരം കോവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും കോടതി നിര്‍ദേശിച്ചിരുന്നു.

പണം നല്‍കി വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് രണ്ടാം ഡോസ് നല്‍കുന്നതിന് 84 ദിവസത്തെ ഇടവേള ബാധകമാക്കേണ്ടതില്ലന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ആവശ്യക്കാര്‍ക്ക് നാലാഴ്ചകഴിഞ്ഞ് വാക്സിന്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.