കനത്ത മഴ തുടരുന്നു; ഗുജറാത്തിൽ മഴക്കെടുതിയിൽ മരണം 68 ആയി

അഹമ്മദാബാദ്: ഗുജറാത്തില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 6 പേര്‍ കൂടി ഗുജറാത്തില്‍ മരിച്ചു.

ഇതോടെ കഴിഞ്ഞ ജൂണ്‍ മുതല്‍ മഴക്കെടുതികളെ തുടര്‍ന്ന് ഗുജറാത്തില്‍ മരിച്ചവരുടെ എണ്ണം 68 ആയി ഉയര്‍ന്നു. 30,000ത്തോളം ആളുകളെ നിലവില്‍ അപകട മേഖലകളില്‍ നിന്നും ഒഴിപ്പിച്ചു. കൂടാതെ 20,000ത്തോളം ആളുകളെ നിലവില്‍ ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിക്കുകയും ചെയ്‌തു.

സംസ്‌ഥാനത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിലവില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ 18 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ദക്ഷിണ, മധ്യ ഗുജറാത്ത് ജില്ലകള്‍ക്ക് പിന്നാലെ രാജ്കോട്ടിലും കച്ചിലും മഴ ശക്‌തമായിട്ടുണ്ട്. രാജ്കോട്ടില്‍ കനത്ത മഴയില്‍ ചുമരിടിഞ്ഞ് വീണ് നാല് കുട്ടികള്‍ക്ക് പരിക്കേറ്റു. കൂടാതെ അംബികാ നദിക്കരയിലെ ചെമ്മീന്‍ കുളത്തില്‍ ജോലി ചെയ്യുകയായിരുന്ന രണ്ട് ഇതര സംസ്‌ഥാന തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

ഗുജറാത്തിനൊപ്പം തന്നെ മഹാരാഷ്‌ട്രയിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. 3 കുട്ടികള്‍ ഉള്‍പ്പടെ 9 പേര്‍ സംസ്‌ഥാനത്ത് മരിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 13 സംഘങ്ങളെയും സംസ്‌ഥാന ധ്രുത പ്രതികരണ സേനയുടെ മൂന്ന് സംഘങ്ങളെയും സംസ്‌ഥാനത്ത് നിയോഗിച്ചിട്ടുണ്ട്. നാസിക്, പാല്‍ഘര്‍, പുനെ നിലവില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചിരിക്കുകയാണ്.