തോട്ടിപ്പണി പൂര്‍ണ്ണമായും ഉൻമൂലനം ചെയ്യണം; നിര്‍ദേശവുമായി സുപ്രീം കോടതി

തോട്ടിപ്പണി നിരോധിക്കുന്നതില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി സുപ്രീം കോടതി.

തോട്ടിപ്പണി സമ്ബ്രദായം ഉന്മൂലനം ചെയ്യാൻ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മനുഷ്യന്റെ അന്തസ് നിലനിര്‍ത്താനാണ് നടപടിയെന്ന് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് കൂട്ടിച്ചേര്‍ത്തു.

തോട്ടിപ്പണി നിരോധനം, ഇതിലുള്‍പ്പെട്ടവരുടെ പുനരധിവാസം എന്നിവയ്ക്കുള്ള ചട്ടങ്ങളില്‍ പതിനാല് നിര്‍ദ്ദേശങ്ങള്‍ നല്‍കി കൊണ്ടാണ് വിഷയത്തില്‍ സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടല്‍. രാജ്യത്ത് നിലനില്‍ക്കുന്ന ഈ സമ്ബ്രദായം എന്നന്നേക്കുമായി അവസാനിപ്പിക്കണം. ഇതിന് സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് അടിയന്തരമായ ഇടപെടല്‍ ഉണ്ടാവണം. ആധുനിക കാലത്തും രാജ്യത്ത് ഈ തൊഴില്‍രീതി തുടരുന്നത് അപമാനകരമാണ്. കടുത്ത വേദന ഈക്കാര്യത്തില്‍ രേഖപ്പെടുത്തുവെന്നും ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജ. അരിവന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനിടെ മരിക്കുന്നവരുടെ കുടുംബത്തിന് 30 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവ്

ഓവുചാല്‍ വൃത്തിയാക്കുമ്ബോഴുണ്ടാകുന്ന അപകടം മൂലം സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീംകോടതി പറഞ്ഞു.

ശുചീകരണത്തൊഴിലാളിക്ക് മറ്റ് ശാരീരിക വിഷമതകള്‍ ഉണ്ടായാല്‍ 10 ലക്ഷം രൂപ വരെ നല്‍കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയില്‍ അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ 347 പേരാണ് മരിച്ചത്. ഈ മരണങ്ങളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണെന്നും സര്‍ക്കാര്‍ കണക്കുകളില്‍ പറയുന്നു.