കോളേജ് വിദ്യാർത്ഥികൾക്ക് വാക്സീനേഷൻ പൂർത്തിയാക്കും കോളേജുകൾ പൂർണ്ണ നിലയിൽ തുറക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകള്‍ പൂര്‍ണ്ണ നിലയില്‍ തുറക്കുന്ന കാര്യത്തില്‍ വിശദമായ ആലോചിച്ച ശേഷമേ തീരുമാനമെടുക്കൂവെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.

കോളേജ് തുറക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിനേഷന്‍ കൃത്യമായി നല്‍കും. ഇതിനായി ആരോഗ്യവകുപ്പുമായി ചേര്‍ന്ന് വാക്‌സീന്‍ ഡ്രൈവ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കോളേജുകളില്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ആരംഭിച്ച ശേഷം മറ്റ് വിദ്യാര്‍ത്ഥികളുടെ ക്ലാസ്സിന്റെ കാര്യം പരിശോധിക്കും.

രണ്ടു ദിവസത്തിനകം യോഗം ചേര്‍ന്നു പുരോഗതി വിലയിരുത്തും. ഒക്ടോബര്‍ 18ന് മുഴുവന്‍ ക്ലാസുകളും തുറക്കുന്ന കാര്യത്തില്‍ തീരുമാനം പരിശോധിച്ച്‌ മാത്രമേ എടുക്കൂ. ഒക്ടോബര്‍ 4-ന് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ ആദ്യം കോളജില്‍ എത്തിയ ശേഷം പരിശോധിക്കും. കോളജുകളില്‍ 90 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും വാക്സീനേഷന്‍ പൂര്‍ത്തിയായെന്ന് മനസിലാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.