കൊച്ചി : എന്‍ഐഎ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി.
ഹര്‍ത്താല്‍ നടത്തരുതെന്ന കോടതി വിധിക്കെതിരായ നടപടി കോടതിയലക്ഷ്യമാണെന്നും ആഹ്വാനം ചെയ്തവര്‍ക്കെതിരെയും ആക്രമണങ്ങള്‍ അഴിച്ചുവിടുന്നവര്‍ക്കെതിരെയും നടപടി വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മിന്നല്‍ ഹര്‍ത്താലിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണങ്ങളില്‍ നിന്നും പൊതു- സ്വകാര്യ സ്വത്ത് സംരക്ഷിക്കാന്‍ പൊലീസ് നടപടി ഉറപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നിയമവിരുദ്ധ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നവരെ നിരീക്ഷിക്കണം. പൊതുമുതല്‍, നശിപ്പിച്ചവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ഇതിന്ടെ വിശദാംശങ്ങള്‍ അറിയിക്കണമെന്നും കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചു. ആക്രമണങ്ങള്‍ തടയാനുള്ള നടപടികള്‍ വേണം. പൊതുഗതാഗതത്തിന് മതിയായ സുരക്ഷ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സമരങ്ങള്‍ നടത്തുന്നതിനെയല്ല കോടതി എതിര്‍ക്കുന്നതെന്ന് വ്യക്തമാക്കിയ ജയശങ്കരന്‍ നമ്ബ്യാര്‍, നിയാസ് റഹ്മാന്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച്, ഇത്തരം മിന്നല്‍ ഹര്‍ത്താലുകളെയും ആക്രമണങ്ങള്‍ക്കെതിരെയുമാണ് നടപടി ആവശ്യപ്പെടുന്നതെന്നും നിര്‍ദ്ദേശിച്ചു.
കടുത്ത വിമര്‍ശനങ്ങളാണ് വാദത്തിനിടെ കോടതിയില്‍ നിന്നും ഉണ്ടായത്. ഹര്‍ത്താല്‍ കോടതി നിരോധിച്ചതാണെന്നിരിക്കെയാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നടത്തിയത്. അസ്വീകാര്യമായ കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ കഴിയണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ത്താല്‍ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം. പൗരന്മാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം അക്രമങ്ങള്‍ ഉരുക്ക് മുഷ്ടി ഉപയോഗിച്ചു നേരിടണമെന്നും വാദത്തിനിടെ വ്യക്തമാക്കി. അക്രമം തടയാന്‍ എല്ലാ സംവിധാനവും ഉപയോഗിക്കണമെന്നും പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചു.
എന്‍ഐഎ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനത്ത് വ്യാപക ആക്രമണമാണുണ്ടാകുന്നത്. പലയിടത്തും സമരാനുകൂലികള്‍ നിരത്തിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞു. കല്ലേറില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ഉളിയില്‍ പത്രവാഹനത്തിന് നേരെ ബോംബേറുണ്ടായി. കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. അമ്ബതോളം ബസുകളുടെ ചില്ല് തകര്‍ന്നു. കോഴിക്കോടും കണ്ണൂരും തിരുവനന്തപുരത്തും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ വളപട്ടണത്തും പത്തനംതിട്ടയിലും യാത്രക്കാര്‍ക്ക് പരിക്കേറ്റു. കെഎസ്ര്‍ആര്‍ടിസി പലയിടത്തും സര്‍വീസുകള്‍ നിര്‍ത്തി. പൊലീസ് സംരക്ഷണത്തോടെ മാത്രം സര്‍വീസുകള്‍ മതിയെന്നാണ് യൂണിറ്റുകള്‍ക്ക് ലഭിച്ച നിര്‍ദേശം.

