കേരളത്തിന്റെ നഷ്ടപ്പെടുന്ന മാനസികാരോഗ്യം

ജനങ്ങളുടെ കാവലാൾ ആകേണ്ടവർ വേട്ടനായ്ക്കളെപ്പോലെ പെരുമാറുമ്പോൾ നെടുമ്പാശ്ശേരിയിലെ യുവാവിൻ്റേതിനു സമാനമായി നിലവിളികൾ ഉയരും. സ്നേഹം പകരേണ്ടവർ വെറുപ്പും വിദ്വേഷവും വിളമ്പുമ്പോൾ ജിസ്മോളുടെയും മക്കളുടേതിനും സമാനമായ മൃതദേഹങ്ങൾ പുഴകളിൽ പൊന്തും. വനപാലകരും സർക്കാർ സംവിധാനങ്ങളും വന്യമൃഗങ്ങളെക്കാൾ തരംതാഴുമ്പോൾ കുരിശുകൾ പിഴുതെറിയപ്പെടും. രാവിലെ പത്രം തുറന്നാൽ ഞെട്ടലോടെയല്ലതെ ഒരു ദിവസം തുടങ്ങാൻ സാധിക്കുന്നില്ല എന്ന അവസ്ഥ സംജാതമായിരിക്കുന്നു. എവിടെ തിരിഞ്ഞാലും അക്രമം, കൊലപാതകം, അഴിമതി, ലൈംഗിക അതിക്രമങ്ങൾ, ആത്മഹത്യകൾ ലഹരിയുപയോഗം… കേരളം ഇത് എവിടേക്ക് എന്ന ചോദ്യം പ്രസക്തമാകുന്നു. ഇവയൊന്നും ഒറ്റപ്പെട്ട സംഭവങ്ങൾ അല്ല എന്ന കാര്യം നാം വിസ്മരിക്കരുത്. ഇവ നമ്മുടെ കണ്ണ് തുറപ്പിക്കുന്നത് നമ്മെ അസ്ഥിരപ്പെടുത്തുന്ന ഒരു യാഥാർഥ്യത്തിലേക്കാണ് – കേരളത്തിൻ്റെ മാനസികാരോഗ്യം ക്ഷയിക്കുന്നു. അങ്ങനെ വന്നാൽ നമ്മുടെ സുരക്ഷയ് ക്കും സ്വാതന്ത്യ്രത്തിനും ആര് ഉറപ്പേകും?

മാനസികാരോഗ്യം ക്ഷയിക്കുന്നുണ്ടെങ്കിൽ അവയുടെ പ്രധാന കാരണം മൂല്യങ്ങൾക്ക് ചുതി സംഭവിക്കുന്നു എന്നാണ്. മൂല്യങ്ങളുടെ സ്രോതസ്സായ കുടുംബങ്ങൾ, മതങ്ങൾ, അധ്യാപകർ എന്നിവ ഹാസ്യവിഷയങ്ങളാവുകയും ജീവൻ്റെ വില, മനുഷ്യമഹത്വം എന്നിവയൊക്കെ ഏതോ പുരാതനകാലത്തെ സംഭവങ്ങൾ മാത്ര മായി പരിഗണിക്കാൻ പഠിപ്പിക്കുന്ന പുതിയ കാ ലത്ത്, മരണത്തിന്റെ സംസ്‌കാരത്തിനു അടിപ്പെടുന്നവരായി നാം മാറുമ്പോൾ മേൽ പറഞ്ഞ പ്രശങ്ങളൊക്കെ നിത്യസംഭവങ്ങൾ ആയില്ലെങ്കിലേ അതിശയമുള്ളു.

ഇതിനു ഒരു പരിഹാരം കണ്ടെത്തുക അത്യന്താപേക്ഷിതമാണ്. അത് കാലത്തിന്റെ ആവശ്യമാണ്. പക്ഷെ അതിനു കൂട്ടായ ശ്രമം കൂടിയേ തീരു.

സാമ്പത്തിക ലാഭത്തിനുവേണ്ടി സിനിമയും റീൽസും ചെയ്യുന്നവർ സമൂഹത്തിൻ്റെ ദിശ നിർണ്ണയിക്കുന്ന ഒരു കാലഘട്ടത്തിൽ മാതാപിതാക്കളും അധ്യാപകരും മതനേതൃത്വങ്ങളും അവ രുടെ യഥാർത്ഥ ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് അത് നിർഭയമെന്യേ ഏറ്റെടുക്കാനും അത് അവർക്കു തിരികെ നൽകാനും വേണ്ട ശ്രമങ്ങൾ ഉണ്ടാവണം. ശരിയായ നിയമനിർമ്മാണം, അതിൻ്റെ നടപ്പിലാക്കൽ എന്നിവയോടൊപ്പം ശരിയായ സാമൂഹിക അവബോധം നൽകുന്ന കൂടാതെ സഹാനുഭൂതി, ക്ഷമ, ഉത്തരവാദിത്വബോധം തുടങ്ങിയ മൂല്യങ്ങൾ അഭ്യസിപ്പിക്കാൻ പര്യാപ്ത്‌തമായ പദ്ധതികൾ കുടുംബ-സ്കൂ‌ൾ-കോളേജ് തലത്തിൽ നടപ്പിലാക്കണം. വ്യക്തികൾക്കും അവരുടെ വസ്‌തുവകകൾക്കും സുര ക്ഷ ഉറപ്പാക്കാൻ ഒരു സമൂഹത്തിനു കഴിയുന്നില്ലെങ്കിൽ ആ സമൂഹം ജീർണതയുടെ വക്കിലാണെന്ന സത്യം തിരിച്ചറിയട്ടെ. തിന്മകൾക്ക് മുമ്പിൽ മൗനം ഭുജിക്കുന്നവരാകാതെ, അപലപനീയമായവയ്ക്കു മുമ്പിൽ നിഷ്ക്രിയരാകാതെ മുന്നേറിയെങ്കിൽ മാത്രമേ ഭാവിയിൽ ഒരു സുരക്ഷിതമായ സമത്വ സുന്ദര സമൂഹം കെട്ടിപ്പടുക്കാൻ സാധിക്കു എന്ന കാര്യം നമുക്ക് വിസ്മ‌രിക്കാതിരിക്കാം. നമ്മെ ബാധിച്ചിരിക്കുന്ന ഈ അർബുദത്തെ നമുക്ക് മറികടക്കാം. അതിനായി കൈകൾ കോർക്കാം. ഒന്നിച്ചു മുന്നേറാം.