ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് യു.യു ലളിത് ഇന്ന് വിരമിയ്ക്കും

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് യു.യു ലളിത് ഇന്ന് വിരമിയ്ക്കും. 2014 ഓഗസ്റ്റ് 13-ന് സുപ്രിം കോടതി ജഡ്ജിയായ ലളിത് 49-ാം ചീഫ് ജസ്റ്റിസായി കഴിഞ്ഞ ഓഗസ്റ്റ് 27-നാണ് ചുമതലയേറ്റത്.

74 ദിവസം മാത്രമേ ചീഫ് ജസ്റ്റിസ് പദവിയില്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും നിര്‍ണായക മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ചാണ് യു.യു.ലളിത് സുപ്രിം കോടതിയുടെ പടിയിറങ്ങുന്നത്. ഗുരു നാനാക് ജയന്തി അവധിദിനമായതിനാല്‍ ഇന്നലെ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനം.

പുതിയ കേസുകളുടെ ലിസ്റ്റിങ്ങും വാദംകേള്‍ക്കലും കാര്യക്ഷമമാക്കാന്‍ നടപടികള്‍ സ്വീകരിയ്ക്കാനായതില്‍ സംത്യപ്തി ഉണ്ടെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ ചീഫ് ജസ്റ്റിസ് യു.യു ലളിത് പറഞ്ഞു. ജസ്റ്റിസ് ലളിതിന്റെ ഔദ്യോഗികജീവിതം മാത്യകാപരമാണെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.മഹാരാഷ്ട്രയിലെ സോലാപുര്‍ സ്വദേശിയാണ് ജസ്റ്റിസ് യു.യു. ലളിത്. 1983-ല്‍ അഭിഭാഷകനായി എന്റോള്‍ചെയ്തു. ബാബറി മസ്ജിദ് കേസില്‍ അന്നത്തെ യു.പി. മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിനുവേണ്ടി കോടതിയില്‍ ഹാജരായി. 2004-ല്‍ സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായി. ജസ്റ്റിസ് യു.യു ലളിത് വിരമിയ്ക്കുന്നതിന് തുടര്‍ച്ചയായ് രാജ്യത്തെ 50-ാമത് ചീഫ് ജസ്റ്റിസായി ഡി.വൈ. ചന്ദ്രചൂഡ് ബുധനാഴ്ച ചുമതലയേല്‍ക്കും. ചീഫ് ജസ്റ്റിസ് പദവിയില്‍ ചന്ദ്രചൂഡിന് രണ്ടുവര്‍ഷം കാലാവധിയുണ്ട്.