ചൈനയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ്;ബുധനാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 31,444 കേസുകൾ

ബീജിങ്: കൊവിഡ് 19 തടയാന് സമ്പൂർണ അടച്ചിടൽ തുടരുന്ന ചൈനയില്‍ വീണ്ടും രൂക്ഷ രോഗവ്യാപനം.

ബുധനാഴ്ച മാത്രം 31,444 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ഏപ്രില് 13ന് ശേഷം ആദ്യമായാണ് ഒറ്റദിവസം ഇത്രയുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നവംബർ 6 മുതലാണ് ചൈനയില് വീണ്ടും കൊവിഡ് കേസുകൾ കുതിച്ചുയർന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പ്രതിദിനം 26,000 ന് മുകളിലാണ് കൊവിഡ് കേസുകൾ എന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.ലോകരാജ്യങ്ങളെല്ലാം കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി സാധാരണ ജീവിതത്തിലേക്കു മടങ്ങിയെങ്കിലും കടുത്ത നിയന്ത്രണങ്ങളില്‍ നിന്ന് മാറിയിട്ടില്ല മഹാമാരിയുടെ പ്രഭവ കേന്ദ്രമായ ചൈന. ഇപ്പോഴും പിന്തുടരുന്ന സീറോ കൊവിഡ് നയത്തിന്റെ ഭാഗമായി ലോക്ഡൗണുകളും ക്വാറന്റൈനുകളും കൂട്ട പരിശോധനയും പതിവാണ് ചൈനയില്‍. തലസ്ഥാനമായ ബീജിങ്ങും ലോക്ഡൗണിനു കീഴിലാണ്.