പെരുമ്പടവം ശ്രീധരന്‍
ദാരിദ്ര്യം കൂടപ്പിറപ്പായ ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എനിക്കു നാലു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചുപോയി. എന്‍റെ അമ്മയുടെ സങ്കടം കണ്ടാണ് ഞാന്‍ വളര്‍ന്നത്. അമ്മയെ ചിരിച്ചു ഞാന്‍ കണ്ടിട്ടില്ല. കഷ്ടപ്പാടുകള്‍ക്കിടയില്‍ അമ്മ എന്നെ വളര്‍ത്തിയെടുക്കാന്‍ അനുഭവിച്ച വിഷമതകള്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
എനിക്ക് അഞ്ചുവയസ്സുള്ളപ്പോള്‍ അമ്മ എന്നെ അവര്‍മയിലെ പള്ളിക്കൂടത്തില്‍ ചേര്‍ത്തു. അന്നെനിക്ക് നല്ല ഉടുപ്പോ പുതിയ പുസ്തകങ്ങളോ ഉണ്ടായിരുന്നില്ല. മറ്റു കുട്ടികള്‍ ഉച്ചയ്ക്കു ഭക്ഷണം കഴിക്കുന്നതു കാണുമ്പോള്‍ ഞാന്‍ അവരില്‍നിന്ന് ഒഴിഞ്ഞുമാറി വേറെ എങ്ങോട്ടെങ്കിലും നോക്കി ഇരിക്കും. വിശപ്പും ദാഹവും കഴിച്ചാണ് ഞാന്‍ എന്‍റെ ജീവിതത്തിലെ സങ്കടങ്ങള്‍ മറന്നത്.
അവര്‍മ സ്കൂളില്‍നിന്നു നാലാം ക്ലാസ് കഴിഞ്ഞപ്പോള്‍ അമ്മ എന്നെ ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് ഹൈസ്കൂളില്‍ ചേര്‍ത്തു. ആദ്യദിവസം പള്ളിക്കൂടത്തില്‍ പോകാനായി ഇറങ്ങിയപ്പോള്‍ ഒരു വലിയ മഴ പെയ്തു. എനിക്കു കുടയില്ല. അമ്മ ഒരു വാഴയില മുറിച്ചുതന്നു. അതും ചൂടിക്കൊണ്ടാണ് ഞാന്‍ പള്ളിക്കൂടത്തിലേക്കു പോയത്. പള്ളിക്കൂടത്തിന്‍റെ പടിക്കെട്ട് കയറുമ്പോള്‍ കൂടെ വന്ന കൂട്ടുകാര്‍ എന്‍റെ വാഴയില തല്ലിപ്പൊളിച്ചു. പാതി നനഞ്ഞു ഞാന്‍ ക്ലാസില്‍ കയറിയിരുന്നു. ആരും പ്രേരിപ്പിക്കാന്‍ ഇല്ലാഞ്ഞിട്ടും ഞാന്‍ കവിതയെഴുതി. സന്ധ്യയെക്കുറിച്ച്, പ്രഭാതത്തെക്കുറിച്ച്, ആകാശത്തിലൂടെ ഒഴുകിപ്പോകുന്ന മേഘങ്ങളെക്കുറിച്ച്, ദൂരെ എവിടെയോ ഇരുന്നു പാടുന്ന കുയിലിനെക്കുറിച്ച്, ഏതോ കാട്ടില്‍ വിടരുന്ന പൂവിന്‍റെ സൗരഭ്യത്തെക്കുറിച്ചൊക്കെ ഞാന്‍ എഴുതി. എഴുത്തിലൂടെയാണ് ഞാന്‍ സങ്കടങ്ങള്‍ മറന്നത്. അതിനിടെ ഞാന്‍ എന്‍റെ കൂട്ടുകാരനോട് “ഞാന്‍ കവിത എഴുതും” എന്ന് പറഞ്ഞു. അവന്‍ ടീച്ചറോടു ഇക്കാര്യം പറഞ്ഞു.
ക്ലാസ് കഴിഞ്ഞ് തിരികെ പോകുമ്പോള്‍ ടീച്ചര്‍ എന്നോട് കൂടെ ചെല്ലാന്‍ പറഞ്ഞു. സ്റ്റാഫ് റൂമില്‍, ഞങ്ങളെ മലയാളം പഠിപ്പിക്കുന്ന കന്യാസ്ത്രീയായ അധ്യാപികയുടെ അടുത്താണ് എന്നെ കൊണ്ടുനിര്‍ത്തിയത്. ടീച്ചര്‍ എന്നെക്കുറിച്ച് അവരോടു പറഞ്ഞു: “ഇവന്‍ കവിത എഴുതും എന്നാണ് പറയുന്നത്.” കന്യാസ്ത്രീ എന്‍റെ മുഖത്തു നോക്കി നേരിയ പുഞ്ചിരിയോടെ പറഞ്ഞു: “നാളെ വരുമ്പോള്‍ നീയെഴുതിയ നാലഞ്ച് കവിതകള്‍ എന്നെക്കൊണ്ട് കാണിക്കണം” അന്നു രാത്രി ഞാന്‍ ഉറങ്ങിയില്ല. കവിത എഴുതുന്നത് ഇത്ര വലിയൊരു കുറ്റമാണെന്ന് ഞാന്‍ ഊഹിച്ചതേയില്ല. നോട്ട്ബുക്കില്‍ എഴുതിവച്ചിരുന്ന ചില കവിതകള്‍ പിറ്റേദിവസം ഞാന്‍ ആ കന്യാസ്ത്രീയുടെ കയ്യില്‍ കൊടുത്തു. അന്നുരാത്രിയും ഞാന്‍ പേടിച്ച് ഉറങ്ങിയില്ല.
പിറ്റേദിവസം ആ കന്യാസ്ത്രീയുടെ മുന്നില്‍ ചെന്നുപെടാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. വൈകുന്നേരം ക്ലാസ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ ആരോ എന്‍റെ പേര് വിളിക്കുന്നതു ഞാന്‍ കേട്ടു. നോക്കുമ്പോള്‍ ആ കന്യാസ്ത്രീയാണ്. ഞാന്‍ അടുത്തു ചെന്നപ്പോള്‍ എന്തെന്നില്ലാത്ത ഒരു ഭാവത്തോടെ അവര്‍ എന്നെ നോക്കി. “നിനക്ക് വാസനയുണ്ട്. ധാരാളം വായിക്കണം. എഴുതുകയും വേണം. നീ എഴുതുന്ന കവിതകള്‍ എന്നെ കൊണ്ടുകാണിക്കണം.”
അവിടെനിന്നാണ് കവിത എഴുതാന്‍ എനിക്കൊരു പ്രോത്സാഹനം കിട്ടിയത്. മലയാളത്തിലെ മഹാകവയിത്രി സിസ്റ്റര്‍ മേരി ബനീഞ്ഞയാണ് ആ കന്യാസ്ത്രീ അമ്മ.
വര്‍ഷങ്ങള്‍ക്കുശേഷം കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് കിട്ടിയപ്പോള്‍ സ്കൂളില്‍ എനിക്കൊരു സ്വീകരണം തന്നു. അന്ന് എന്നെ അനുമോദിച്ച് പ്രസംഗിച്ചത് ബനീഞ്ഞാമ്മയായിരുന്നു.

