വിഴിഞ്ഞം സമരം: പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിക്കും

നിയമ സഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് വിഴിഞ്ഞം സമരത്തില്‍ അടിയന്തിര പ്രമേയം കൊണ്ട് വരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.വിഴിഞ്ഞത്ത് സമവായത്തിനായി തിരക്കിട്ട ശ്രമങ്ങളാണ് നടന്നത്. സര്‍ക്കാരും മധ്യസ്ഥന്‍റെ റോളിലുള്ള കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാ ബാവയും സമരസമിതിയും പലതട്ടില്‍ ആശയവിനിമയം നടത്തി. വൈകീട്ട് മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും യോഗം ചേര്‍ന്ന ശേഷം സമരസമിതിയുമായി ചര്‍ച്ച നടത്താനായിരുന്നു ധാരണ. എന്നാല്‍ അനുരഞ്ജന ചര്‍ച്ചകളില്‍ ഉയര്‍ന്ന് വന്ന നിര്‍ദ്ദേശങ്ങളില്‍ ഇനിയും വ്യക്തത ആകാത്തതിനാല്‍ സമരസമിതി-സര്‍ക്കാര്‍ ചര്‍ച്ച നടന്നില്ല. തീരശോഷണം പഠിക്കാനുള്ള വിദഗ്ധസമിതിയില്‍ സമരസമിതി നിര്‍ദ്ദേശിക്കുന്ന പ്രതിനിധിയെ വയ്ക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല.