അഗ്നിപഥ്; പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്രം, അഗ്നിവീർ അംഗങ്ങൾക്ക് സംവരണം പ്രഖ്യാപിച്ചു

ദില്ലി: ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ അയഞ്ഞ് കേന്ദ്രം.അഗ്നിവീര്‍ പദ്ധതി വഴി സൈനിക സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ സംവരണം നല്‍കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. പത്തു ശതമാനം ഒഴിവുകള്‍ അഗ്നിവീറുകള്‍ക്ക് മാറ്റിവയ്ക്കാനാണ് തീരുമാനം. അസം റൈഫിള്‍സിലും സംവരണം നല്കും. നിയമനത്തിനുള്ള പ്രായപരിധിയില്‍ 3 വര്‍ഷം ഇളവ് നല്‍കാനും തീരുമാനമായി. ഇതോടൊപ്പം ഈ വര്‍ഷം അഗ്നിപഥ് വഴി സേനയില്‍ ചേരുന്നവര്‍ക്ക് 5 വയസ്സിന്‍റെ ഇളവും ലഭിക്കും.ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ അഗ്നിപഥ് പദ്ധതി വഴിയുള്ള റിക്രൂട്ട്മെന്‍റുമായി മുന്നോട്ടു പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നടപടികളുമായി മുന്നോട്ട് പോകാന്‍ സായുധ സേനകള്‍ക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് യോഗം വിളിച്ച്‌ സ്ഥിതി വിലയിരുത്തി. വ്യോമസേന നടപടികള്‍ വെള്ളിയാഴ്ച തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കരസേന തിങ്കളാഴ്ച നടപടികള്‍ ആരംഭിക്കും.അതേ സമയം, പദ്ധതിക്കെതിരായ പ്രതിഷേധം തുടരുകയാണ്. ബീഹാറില്‍ ഇതുവരെ 507 പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലായി.
ഏഴുപതിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാറ്റ്ന ഉള്‍പ്പെടെ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സുരക്ഷ കൂട്ടി. ബിഹാറിലെ ലഖിസാരായില്‍ പ്രതിഷേധക്കാര്‍ തീയിട്ട ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന്‍ മരിച്ചു. പുക ശ്വസിച്ച്‌ കുഴഞ്ഞു വീണ ഇയാള്‍ ചികിത്സയിലായിരുന്നു. വലിയ പ്രതിഷേധങ്ങള്‍ മുന്നില്‍ കണ്ട് കൂടുതല്‍ പൊലീസുകാരെ സജ്ജമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ഉത്തര്‍ പ്രദേശില്‍ പ്രതിഷേധിച്ച 260 പേര്‍ അറസ്റ്റിലായി. നാല് ജില്ലകളിലായി 6 എഫ്‌ഐആറുകള്‍ രെജിസ്റ്റര്‍ ചെയ്തു. ഹരിയാനയിലും ബിഹാറിലും ഇന്റര്‍നെറ്റിനുള്ള വിലക്ക് തുടരുകയാണ്. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് ബിഹാറില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബീഹാര്‍ ബന്ദ് ആചരിക്കുകയാണ്. തെലങ്കാനയില്‍ ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. 94 എക്സ്പ്രസ് ട്രെയിനുകളും 140 പാസഞ്ചര്‍ ട്രയിനുകളുമാണ് സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്നലെ റദ്ദാക്കിയത്. 340 ട്രയിന്‍ സര്‍വീസുകളെ പ്രതിഷേധം ബാധിച്ചെന്ന് ഇന്ത്യന്‍ റെയില്‍ വേ അറിയിച്ചു.