നവീകരിക്കാം നന്‍മ  ചൊരിയാം പുതുവര്‍ഷത്തില്‍


പി.യു തോമസ്
2020-ല്‍ കോവിഡിന്‍റെ ഒന്നാംവ്യാപനഘട്ടത്തില്‍ ആ മഹാമാരിയെ മരണഭീതിയോടെയാണ് ലോകം നോക്കിക്കണ്ടത്. കേരളത്തില്‍ ആദ്യം കോവിഡ്ബാധിതരായ കുടുംബത്തിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രത്യേകസംവിധാനമൊരുക്കി വലിയ കരുതലോടെയാണ് ചികിത്സ നല്‍കിയത്. നാടൊന്നാകെ വലിയ ആശങ്കയിലായിരുന്ന ദിവസങ്ങളില്‍ അവര്‍ക്കൊപ്പം കോവിഡ്ബാധിതയായിരുന്ന 89 കാരി വല്യമ്മ മരണത്തെ മുഖാമുഖം കണ്ട സാഹചര്യത്തെ എങ്ങനെയാണ് നേരിട്ടതെന്ന് നാം ഓര്‍മ്മിക്കണം. രാവും പകലും അമ്മ ദൈവത്തെ സ്തുതിച്ചും പ്രാര്‍ത്ഥിച്ചും കിടക്കയില്‍ കഴിഞ്ഞു. അബോധാവസ്ഥയില്‍നിന്ന് പുനര്‍ജന്മംപോലെ ജീവിതത്തിലേക്ക് മടങ്ങിയ വേളയിലും ആശുപത്രിയില്‍നിന്ന് തിരികെ വീട്ടിലേയ്ക്ക് പോയപ്പോഴും കൈകള്‍ കൊട്ടിയും കൂപ്പിയും ദൈവത്തെ പാട്ടുപാടി സ്തുതിച്ചിരുന്ന വയോധികയുടെ വിശ്വാസം ഏവരെയും അത്ഭുതപ്പെടുത്തുകയുണ്ടായി. മരണം സംഭവിച്ചാല്‍പോലും ഭയമില്ലെന്നും താന്‍ ദൈവകരങ്ങളിലേയ്ക്ക് സന്തോഷത്തോടെ യാത്രയാകുമെന്നും പറയാനുള്ള ആഴമേറിയ വിശ്വാസമാണ് അവരില്‍ കാണാനായത്.
 ജീവിതത്തിലെ എല്ലാ തകര്‍ച്ചകളിലും ദുഖ:ങ്ങളിലും വേദനകളിലും ദൈവത്തെ മുറുകെ പിടിക്കാനും നിരാശരാകാതെ പ്രാര്‍ത്ഥിക്കാനുമുള്ള വിശ്വാസം നമ്മിലുണ്ടാകണം. സ്രഷ്ടാവായ ദൈവം അറിയാതെ ഒരു അനിഷ്ടവും സംഭവിക്കില്ലെന്നും എന്നെക്കുറിച്ച് അവിടുത്തേക്കൊരു പദ്ധതിയുണ്ടെന്നുമുള്ള വിശ്വാസമായിരിക്കണം നമ്മെ നയിക്കേണ്ടത്. അവിടുന്നില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ക്ക് എല്ലാം നന്മയ്ക്കായി ഭവിക്കുന്നു എന്ന തിരുവചനം നമുക്കു ബലം പകരണം.
 ഈ പുതുവത്സരദിനത്തില്‍ വരാനിരിക്കുന്ന ഓരോ ദിവസത്തേയും വരവേല്‍ക്കേണ്ടത് പ്രത്യാശയുടെ മനസ്സോടെയാവണം. ഇന്നലകളിലെ നഷ്ടങ്ങളെയും തകര്‍ച്ചകളെയും മറന്ന് വരാനിരിക്കുന്നതെല്ലാം ശുഭമാകണമെന്ന പ്രാര്‍ത്ഥനയോടെയും വേണം പുതുവര്‍ഷത്തെ സ്വീകരിക്കാന്‍. പുതുവര്‍ഷം ആയുസിന്‍റെ പുസ്തകത്തിലെ പുതിയ അധ്യായമാണ്. നല്ലതു പറയാനും നന്മ ചെയ്യാനും നല്ലതു നേടാനും ലഭിക്കുന്ന അവസരം. തെറ്റുകളെക്കുറിച്ചും വീഴ്ചകളെക്കുറിച്ചും പശ്ചാത്തപിച്ച് വിശുദ്ധമായ മനസ്സോടെ വേണം പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍. പ്രാര്‍ത്ഥനപോലെ പ്രധാനമാണ് മനസ്സിന്‍റെ നവീകരണം. എത്ര വലിയ തകര്‍ച്ചയിലും വീഴ്ചയിലും കരകയറ്റാന്‍ കൈ നീട്ടിത്തരുന്ന കരുതലുള്ളവനാണ് ദൈവമെന്ന തിരിച്ചറിവാണ് വേണ്ടത്. എന്താണ് എന്‍റെ കുറവ്, എന്താണ് എന്‍റെ ബലഹീനത, എവിടെയാണ് എനിക്ക് പാളിച്ച സംഭവിച്ചത് തുടങ്ങിയ ആത്മപരിശോധനയുണ്ടാവണം. ഉറച്ച മനസ്സും നിലപാടും തിരിച്ചറിവും ഇവിടെ പ്രധാനമാണ്.
 മുതിര്‍ന്ന തലമുറ എക്കാലത്തും ഭീതിയോടെ ഓര്‍മ്മിക്കുന്ന സംഭവമാണ് 1980-ലെ കരിക്കന്‍വില്ല കൊലക്കേസ്. തിരുവല്ല മീന്തലക്കരയില്‍ മക്കളില്ലാത്ത ദമ്പതികളെ അറുംകൊല ചെയ്ത ദാരുണസംഭവം. ആ സംഘത്തിലെ ഒന്നാം പ്രതിയായിരുന്ന മദ്രാസിലെമോന്‍ എന്നറിയപ്പെടുന്ന റെനി ജോര്‍ജ്. കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചിരുന്ന കാലത്ത് റെനിയിലുണ്ടായ മാനസാന്തരം പില്‍ക്കാലത്ത് ഒട്ടേറെ കുറ്റവാളികളുടെ മാനസാന്തരത്തിന് നിമിത്തമായി. ചെയ്തുപോയ ക്രൂരകൃത്യത്തില്‍ പശ്ചാത്തപിച്ചും ദൈവത്തോടു മാപ്പിരന്നും പുതിയ ജീവിതത്തിലേയ്ക്കാണ് ജയില്‍മോചിതനായ റെനി ജോര്‍ജ്ജ് കടന്നു ചെന്നത്. ബാംഗ്ലൂരില്‍ ഒരു പുനരധിവാസകേന്ദ്രം സ്ഥാപിച്ച് തടവറയില്‍ കഴിയുന്നവരുടെ മക്കളേയും കുറ്റവാസനയുള്ള കുട്ടികളെയും കൂടെ പാര്‍പ്പിച്ച് അവരെ നന്മയുടെ പാതയിലൂടെ വളര്‍ത്തി ഉന്നതവിദ്യാഭ്യാസം നല്‍കി ലോകത്തിന് മാതൃകയായി. ഇതിനോടകം ആയിരക്കണക്കിന് കുട്ടികള്‍ ഉന്നതമായ നിലയില്‍ എത്തുകയും ചെയ്തിരിക്കുന്നു.തിന്മയുടെ വഴികളെ വെടിയാനും നന്മയുടെ പുതു ജീവിതം തുറന്ന് അനേകര്‍ക്ക് നന്മ ചൊരിയാനുമുള്ള അവസരമാകട്ടെ ആസന്നമായ 2023. ദൈവാനുഗ്രഹത്തിന്‍റെയും ദൈവപരിപാലനയുടേതുമാകട്ടെ പുതുവര്‍ഷം.