ചാറ്റ് ജിപിറ്റി – ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ചാറ്റ്ബോട്ട്
ഡോ.ജൂബി മാത്യു
ഇലോണ്‍ മസ്കിന്‍റെകൂടെ ഉടമസ്ഥതയിലുള്ള ഓപ്പണ്‍ എഐ (OPEN AI) ഫൗണ്ടേഷന്‍ അവതരിപ്പിച്ച ചാറ്റ് ജിപിറ്റി (CHAT GPT) എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ചാറ്റ്ബോട്ട് ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മെഷീന്‍ ലേണിങ് എന്നിവയില്‍ പരിശീലനം ലഭിച്ച ഈ സംവിധാനം സംഭാഷണരൂപേണയുള്ള മാര്‍ഗങ്ങളിലൂടെ വിവരങ്ങള്‍ നല്‍കാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുമാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്‍റര്‍നെറ്റില്‍നിന്ന് എടുത്ത 2021 വരെയുള്ള വിവരശേഖരണത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിനെ പരിശീലിപ്പിച്ചിട്ടുള്ളത്. അവതരിപ്പിച്ചിട്ട് ഒരു മാസമായതേ ഉള്ളൂ എങ്കിലും ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളാണ് ഈ സംവിധാനം ഉപയോഗിച്ചത്.
ചാറ്റ് ബോട്ടുകള്‍ എന്നുവച്ചാല്‍ ഓണ്‍ലൈനില്‍ ഉപഭോക്താക്കളുമായി ചാറ്റ് ചെയ്യാനും അന്വേഷണങ്ങളില്‍ സഹായിക്കാനും രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമാണ്. ബാങ്കിന്‍റെയും മറ്റും വെബ്സൈറ്റുകള്‍ തുറക്കുമ്പോള്‍ ഡിസ്പ്ലേയുടെ ഒരു മൂലയില്‍ സഹായം ആവശ്യമുണ്ടോ എന്ന് ചോദിക്കുന്ന ഒരു പോപ്പ് സ്ക്രീന്‍ ഒക്കെ ഇതിന് ഉദാഹരണമാണ്. ഈ ഓട്ടോമെറ്റഡ് പ്രോഗ്രാമുകള്‍ മനുഷ്യരെപ്പോലെ ഉപഭോക്താക്കളുമായി സംസാരിക്കുകയും ചെയ്യുന്നു. ആമസോണിന്‍റെ അലക്സ (ALEXA) ആപ്പിളിന്‍റെ സിരി (SIRI ) പോലുള്ളവ വ്യാപകമായി ഉപയോഗിക്കുന്ന ചില ചാറ്റ് ബോട്ടുകളാണ്. ഇവയ്ക്കിടയിലേക്കാണ് ചാറ്റ് ജിപിറ്റി എന്ന എഐ ചാറ്റ് ബോട്ട് വന്നിറങ്ങിയതും ചുരുങ്ങിയ സമയം കൊണ്ട് മനുഷ്യരെ കീഴടക്കിയതും.
ജിപിറ്റി 3.5 (GPT 3.5) എന്ന ഭാഷാമോഡലിനെ അടിസ്ഥാനമാക്കി ഉള്ളതും മനുഷ്യനെപ്പോലെ വാചകങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്നതുമായ ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിറ്റി. വളരെ എളുപ്പത്തില്‍ ഉപയോഗിക്കാം എന്നതാണ് ഇതി്ന്‍റെ പ്രത്യേകത. ഉദാഹരണത്തിന് ചലന നിയമങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെടുന്നതുപോലെ തന്നെ ഒരു കവിത എഴുതിത്തരാനും അത് എഴുതിത്തരുമ്പോള്‍ ആ കവിതയെ കൂടുതല്‍ മിഴിവുള്ളതാക്കാനും നമുക്ക് ആവശ്യപ്പെടാം. ഇനി ഒരു കമ്പ്യൂട്ടര്‍പ്രോഗ്രാം എഴുതാന്‍ ആവശ്യപ്പെട്ടാലും വ്യത്യസ്ത കോഡുകള്‍ ഉപയോഗിച്ചുകൊണ്ട് അത് നമ്മെ അതിശയിപ്പിക്കും.
അക്കാദമിക് ലേഖനങ്ങള്‍, കവിത, കഥ തുടങ്ങിയ എന്ത് കാര്യങ്ങള്‍ ചെയ്യാനും ചാറ്റ് ബോട്ട് റെഡിയാണ്. എങ്ങനെ ഒരു വെബ്സൈറ്റിന് കോഡുകള്‍ എഴുതാം, വാക്കുകളുടെ ഗ്രാമര്‍ എങ്ങനെ ശരിയാക്കാം, വലിയൊരു പേജിലെ വിവരങ്ങള്‍ എങ്ങനെ ചുരുക്കി എഴുതാം തുടങ്ങിയവയൊക്കെ ചാറ്റ്ബോട്ടിനു നിസ്സാരകാര്യമാണ്.
ചാറ്റ് ജിപിറ്റിക്ക് മനുഷ്യഭാഷ എത്ര അനായാസം കൈകാര്യം ചെയ്യാനാകും എന്ന കാര്യമാണ് പല സാങ്കേതികവിദ്യവിദഗ്ദ്ധരെയും അമ്പരിപ്പിച്ചിരിക്കുന്നത്.. പല സംസാരരീതികള്‍ പുറത്തെടുക്കാന്‍ അതിന് സാധിക്കുന്നു. ഏത് വിഷയത്തെ കുറിച്ചാണോ സംഭാഷണം, അതിനനുസരിച്ച് ഉചിതമായ രീതിയിലും യുക്തിയുക്തമായും സംസാരിക്കാന്‍ ആകുമെന്നതും പലരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഘടകമാണ്.
ഈ അത്യുജ്ജ്വല തുടക്കം കണ്ട പലരും പറയുന്നത് ഇതോടെ ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്‍റെ മൂല്യം കുറയാന്‍ സാധ്യത ഉണ്ടെന്നാണ്. ടെക്നോളജി വെബ്സൈറ്റ് ആയ ടെക്ക്രഞ്ചിന്‍റെ (TECH CRUNCH) മാനേജിംഗ് എഡിറ്റര്‍ ഡാരെല്‍ എതറിംഗ്ടണ്‍ (DARRELL ETHERINGTON) പറയുന്നത് ചാറ്റ് ജിപിറ്റി നല്‍കുന്ന സെര്‍ച്ച് വിവരങ്ങള്‍ നാം ഒരു സഹപ്രവര്‍ത്തകനുമായോ കസ്റ്റമര്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടീവുമായോ ഇടപെടുന്നതുപോലെ സ്വാഭാവികമാണ് എന്നതാണ്. പോക്ക്മാന്‍ (POKEMON) കഥാപാത്രത്തിന്‍റെ ശക്തി ദൗര്‍ബല്യങ്ങളെ കുറിച്ചാണ് അദ്ദേഹം ചാറ്റ് ബോട്ടിനോട് ചോദിച്ചത്. താന്‍ എന്താണോ ചോദിച്ചത് അത് കൃത്യമായി ചാറ്റ് ബോട്ട് പറഞ്ഞു തന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഇതേ ചോദ്യം ഗൂഗിളിനോട് ചോദിച്ചാല്‍ അത് ഒരുപറ്റം ലിങ്കുകള്‍ നല്‍കും അതില്‍നിന്ന് നമ്മള്‍ തന്നെ ഉത്തരം കണ്ടെത്തണം.
എങ്ങനെ ഉപയോഗിക്കാം
മൊബൈലിലോ കമ്പ്യൂട്ടറിലോ http://chat.openai.com/ എന്ന വെബ്സൈറ്റ് തുറക്കുക.
തുടര്‍ന്ന് ‘സൈന്‍ അപ്പ്’ ബട്ടണ്‍ ഉപയോഗിച്ച് അക്കൗണ്ട് സൃഷ്ടിക്കുക തുടര്‍ന്ന് ‘ലോഗിന്‍’ ബട്ടണ്‍ ക്ലിക്ക് ചെയ്തു അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക. പിന്നീട് ദൃശ്യമാകുന്ന ചാറ്റ് വിന്‍ഡോയില്‍ നിന്ന് ചാറ്റ് ജിപിറ്റി ഉപയോഗിക്കാവുന്നതാണ്.
പരിമിതികള്‍ ഉണ്ടെങ്കിലും ഗൂഗിളിന് അപ്പുറത്തേക്ക് സെര്‍ച്ചിനെ കൊണ്ടുചെന്ന് എത്തിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ എല്ലാവരും കാണുന്നത്. ദോഷകരമാകുന്ന ഉള്ളടക്കം വരെ ചാറ്റ് ബോട്ട് തരുന്നുണ്ടെന്നാണ് ചിലര്‍ പറയുന്നത്. എ ഐ സംവിധാനങ്ങള്‍ പലപ്പോഴും കൂടുതല്‍ ഇടപെടല്‍ കൊണ്ടാണ് പൂര്‍ണത ആര്‍ജ്ജിക്കുക. ഇപ്പോള്‍ ബീറ്റ ടെസ്റ്റിംഗ് മാത്രമാണ് നടന്നുകൊണ്ടിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലേക്കായി ആകര്‍ഷകമായ ബയോഡേറ്റ ചെയ്തുതരുന്ന സുഹൃത്തായും അസൈന്‍മെന്‍റ് സമയത്ത് വയ്ക്കാത്തതിന് അധ്യാപകനോട് എന്ത് ഒഴിവുകഴിവാണ് പറയേണ്ടതെന്ന് സംശയത്തിന് മൃദുഭാഷയില്‍ സ്നേഹത്തോടെ ഉപദേശിക്കുന്ന മുതിര്‍ന്ന വ്യക്തിയായും ഒക്കെ മാറുന്ന ചാറ്റ് ജിപിറ്റിയുടെ അനുഭവകഥകള്‍ ഇപ്പോള്‍ വൈറലാണ്. താല്പര്യം തോന്നുന്നുവെങ്കില്‍ നിങ്ങള്‍ക്കും ഒന്ന് ശ്രമിക്കാവുന്നതാണ്.