റിപബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; ഈജിപ്ത് പ്രസിഡന്‍റ് മുഖ്യാതിഥി

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച്‌ രാജ്യം.. ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താ അല്‍സിസിയാണ് മുഖ്യാതിഥി.

അതീവ സുരക്ഷയിലാണ് രാജ്യം. 45000 കാണികള്‍ പരേഡ് കാണാന്‍ കര്‍ത്തവ്യപഥില്‍ എത്തും.

രാജ്യത്തിന്‍റെ കരുത്തും സാംസ്‌കാരിക വൈവിധ്യവും വിവിധ രംഗങ്ങളില്‍ കൈവരിച്ച നേട്ടങ്ങളും വിളിച്ചോതുന്നതാണ് റിപബ്ലിക് ദിന പരേഡ്. സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിലെ വിവിധ വകുപ്പുകളുടെയും ടാബ്ലോകള്‍, കുട്ടികളുടെ സാംസ്‌കാരിക പ്രകടനങ്ങള്‍, മോട്ടോര്‍ സൈക്കിള്‍ അഭ്യാസങ്ങള്‍ എന്നിവ ആഘോഷത്തിന്‍റെ പ്രൗഢി കൂട്ടും.

ആവേശം പകരാന്‍ വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങളും ഉണ്ടാകും. 23 ഫൈറ്റര്‍ ജെറ്റുകള്‍ ഉള്‍പ്പെടെ 50 വിമാനങ്ങള്‍ അണിനിരക്കും. പുതിയ പാര്‍ലമെന്‍റ് മന്ദിരം നിര്‍മിക്കുന്ന തൊഴിലാളികള്‍ക്കും റിക്ഷക്കാര്‍ക്കുമാണ് വിഐപി ഗ്യാലറിയിലേക്ക് ക്ഷണം. നാരി ശക്തി എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് കേരളത്തിന്‍റെ റിപബ്ലിക് ദിന ഫ്ലോട്ട്. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തും.

റിപബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ഡല്‍ഹി പൊലീസിന് പുറമെ അര്‍ദ്ധ സൈനിക വിഭാഗത്തെയും സുരക്ഷക്കായി വിന്യസിച്ചു. വിമാനത്താവളങ്ങളിലും റെയില്‍വേ, മെട്രോ സ്റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കി