കൊവിഡ് ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ മൂന്നാമത്തെ ഡോസ് വാക്സിന്‍ വേണമെന്ന് അമേരിക്കൻ മരുന്ന് കമ്പനി

കൊവിഡ് ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ മൂന്നാമത്തെ ഡോസ് വാക്സിന്‍ കൂടി നല്‍കണമെന്ന് അമേരിക്കന്‍ മരുന്ന് കമ്പനികൾ. മൂന്നാമത്തെ ഡോസിന് അനുമതി തേടി ഫൈസര്‍, ബയോഎന്‍ടെക് കമ്പനികൾ എഫ്.ഡി.എയെ സമീപിച്ചു. ഇതിനിടെ ലോകാരോഗ്യ സംഘടനയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ കോവാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണ ഫലത്തില്‍ സംതൃപ്തി അറിയിച്ചു. പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നത തലയോഗത്തില്‍ രാജ്യത്തെ ഓക്സിജന്‍ ലഭ്യത വിലയിരുത്തി.

ഡെല്‍റ്റ ലാംഡ ഉള്‍പ്പടെയുള്ള കൊവിഡ് വകഭേദങ്ങള്‍ ലോകത്ത് പുതിയ തരംഗത്തിന് കാരണമാകുമെന്ന ആശങ്കയ്ക്കിടെയാണ് മരുന്ന് കമ്പനികളുടെ പുതിയ നീക്കം. വാക്സീന്‍റെ മൂന്നാം ഡോസിന് അനുമതി തേടി ഫൈസര്‍ ബയോഎന്‍ടെക്ക് എന്നീ കമ്പനികൾ അമേരിക്കയുടെ എഫ്ഡിഎ യെ സമീപിച്ചു.

മൂന്നാം ഡോസിനറെ പരീക്ഷണങ്ങള്‍ നിലവില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ കൊവിഡിന്‍റെ പുതിയ വകഭേദങ്ങളില്‍ നിന്ന് കൂടുതല്‍ സുരക്ഷ നല്‍കാന്‍ ബൂസ്റ്റര്‍ ഡോസുകള്‍ കൊണ്ട് സാധിക്കുമെന്ന് കണ്ടെത്തിയതായി കമ്ബനികള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇതിന്‍റെ ശാസ്ത്രീയ തെളിവുകള്‍ പുറത്തു വരുന്നത് വരെ രണ്ട് ഡോസ് എന്ന നയത്തില്‍ തുടരുമെന്നാണ് എഫ്ഡിഎ വ്യക്തമാക്കി.

ഇതിനിടെ ഭാരത് ബയോ ടെക്ക് പുറത്തിറക്കുന്ന കൊവാക്സീന്‍റെ മൂന്നാം ഘട്ട പരീക്ഷണ ഫലങ്ങള്‍ തൃപ്തികരമെന്ന് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഭാരത് ബയോടെക്കിന്‍റെ അടിയന്തര അനുമതിക്കുള്ള അപേക്ഷ ലോകാരോഗ്യ സംഘടന കഴിഞ്ഞ മാസം 23ന് പ്രാഥമികമായി കേട്ടിരുന്നു. രാജ്യത്ത് ഇതുവരെ 36 കോടി 89 ലക്ഷത്തിലധികം ഡോസ് വാക്സീന്‍ വിതരണം ചെയ്തു. അതേസമയം കൊവിഡ് പ്രതിദിന കണക്കില്‍ ഇന്നലത്തേതിനേക്കാള്‍ അഞ്ചു ശതമാനം കുറവ് സംഭവിച്ചു. 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 43393 പേര്‍ക്കാണ്. 911 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. 2.42 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.