യാസ് ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു;അതീവ ജാഗ്രതയിൽ ബംഗാളും ഒഡിഷയും

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. രാവിലെ ഒമ്ബത് മണിയോടെയാണ് യാസ് കരയില്‍ വീശിയത്. ഒഡീഷയിലെ ബലാസോറിന് തെക്ക്-കിഴക്കാണ് ചുഴലിക്കാറ്റ് ശക്തമായത്.

മണിക്കൂറില്‍ 170 കിലോ മീറ്റര്‍ വേഗതയില്‍ കൊടുങ്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുകയും ഉച്ചയോടെ വടക്കന്‍ ഒഡീഷയും ബംഗാള്‍ തീരവും കടക്കും. നിലവില്‍ പ്രതീക്ഷിക്കുന്ന പരമാവധി വേഗത മണിക്കൂറില്‍ മണിക്കൂറില്‍ 155 കിലോമീറ്ററാണ്. വൈകുന്നേരത്തോടെ മണിക്കൂറില്‍ 85 കിലോ മീറ്റര്‍ ആയി കുറഞ്ഞേക്കും.

ഒഡിഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളുടെ തീരമേഖലകളില്‍ നിന്ന് പതിനൊന്നു ലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചു.

പശ്ചിമ ബംഗാള്‍ ഒമ്ബതു ലക്ഷം പേരെയും ഒഡിഷ രണ്ടു ലക്ഷം പേരെയുമാണ് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയത്.

ആന്ധ്രപ്രദേശിലെ തീരജില്ലകളായ വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം എന്നിവിടങ്ങളില്‍ അതിജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

യാസിനു മുന്നോടിയായി വീശിയ ചുഴലിയില്‍ ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ വൈദ്യുതാഘാതമേറ്റ് രണ്ടു പേര്‍ മരിച്ചു.

കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴ പ്രതീക്ഷിക്കുന്ന ഒമ്ബത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്.