മോഡി പ്രഭാവം ഏറ്റില്ല;കര്‍ണാടക യിൽ ബിജെപിയെ വീഴ്ത്തി കോണ്‍ഗ്രസ്

ഇന്ത്യ മുഴുവന്‍ ആകാംഷയോടെ കാത്തിരുന്ന കര്‍ണാടകാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിച്ച്‌ കോണ്‍ഗ്രസ്.

224 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 137 സീറ്റുകള്‍ നേടി കര്‍ണാടക കോണ്‍ഗ്രസ് പിടിച്ചെടുത്തപ്പോള്‍ ബിജെപിയ്ക്ക് നഷ്ടമായത് 40 സീറ്റുകളായിരുന്നു. കോണ്‍ഗ്രസിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങളില്‍ ബിജെപിയ്ക്ക് അടിപതറിപ്പോകുകയായിരുന്നു.

തീരദേശമേഖലയും ബംഗലുരുവും ഒഴികെ എല്ലാ മേഖലയിലും കോണ്‍ഗ്രസ് കടന്നുകയറിയപ്പോള്‍ ബിജെപിയുടെ സീറ്റ് നില 63 എന്ന നിലയിലേക്ക് വീണു. ജെഡിഎസ് 21 സീറ്റുകളും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളിലും ജയം നേടി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന എക്‌സിറ്റ്‌പോളുകളുടെ പ്രവചനങ്ങള്‍ക്ക് അപ്പുറത്ത് കേവലഭൂരിപക്ഷവും കടന്ന് പടുകൂറ്റന്‍ വിജയമായിരുന്നു കോണ്‍ഗ്രസ് നേടിയത്.

കഴിഞ്ഞ 38 വര്‍ഷമായി കര്‍ണാടകത്തില്‍ ആരും തന്നെ ഭരണതുടര്‍ച്ച നേടിയിട്ടില്ല എന്ന റെക്കോഡ് ഇത്തവണയും തകര്‍ന്നില്ല. കോണ്‍ഗ്രസ് സര്‍വാധിപത്യം തുടര്‍ന്നപ്പോള്‍ മോദി മുന്നില്‍ നിന്നു നയിച്ചിട്ടും ബംജ്‌രംഗദള്‍ മുതല്‍ കേരളാസ്‌റ്റോറി വരെ ഹിന്ദുത്വത്തിന്റെ മുഴുവന്‍ അടവുകളും പുറത്തെടുത്തിട്ടും ബിജെപിയ്ക്ക് രക്ഷയുണ്ടായില്ല. ടി.കെ. ശിവകുമാറും സിദ്ധരാമയ്യയും ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കളും ബിജെപിയില്‍ നിന്നും വിമതരായി കോണ്‍ഗ്രസ് മറുകണ്ടം ചാടിച്ചവരുമെല്ലാം വിജയിച്ചു കയറി.

കഴിഞ്ഞ തവണ കാണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപിയിലേക്ക് ചാടിയ 15 എംഎല്‍എമാരില്‍ ഒരാളായ ജാര്‍ക്കിഹോളിയും ജയം നേടി. അതേസമയം ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തിയ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവിയും എച്ച്‌.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയും തോറ്റവരിലെ പ്രമുഖരായി മാറി.


കോണ്‍ഗ്രസിന്റെ വോട്ടുഷെയറില്‍ വലിയ ഉയര്‍ച്ചയാണ് സംസ്ഥാനത്ത് ഉടനീളം ഉണ്ടായിരിക്കുന്നത്. കര്‍ണാടകയിലെ ആറില്‍ അഞ്ചു മേഖലയിലും കോണ്‍ഗ്രസ് തേരോട്ടം നടത്തി. കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ ജെഡിഎസിനും വലിയ ക്ഷീണം സംഭവിച്ചു. തീരദേശമേഖലയിലും ബംഗലുരുവിലും ഒഴികെ എല്ലായിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മുന്നേറി. മൈസൂരിലും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി.

തുടക്കത്തില്‍ പോസ്റ്റല്‍വോട്ടുകളില്‍ കിട്ടിയ മുന്‍തൂക്കം ഒഴികെ ഒരു സമയത്തും ബിജെപിയ്ക്ക് മുമ്ബിലെത്താനായില്ല. വോട്ടിംഗ് മെഷീനുകളില്‍ നിന്നുള്ള വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് പടിപടിയായി നില ഉയര്‍ത്തി. ഫലസൂചനകളില്‍ ആദ്യ മണിക്കൂറുകള്‍ വലിയ സസ്‌പെന്‍സിന്റേതായിരുന്നു .വോട്ടെണ്ണലില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം നീങ്ങിയ ശേഷം പിന്നീട് ലീഡ് നില മാറിമറിയുകയായിരുന്നു.

കര്‍ണാടകാ തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടത്തിലേക്ക് കുതിച്ച കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം നേടിയതോടെ വലിയ ആഹ്‌ളാദത്തില്‍. കഴിഞ്ഞ രണ്ടു തവണ പാളിപ്പോയ കൂട്ടുകക്ഷി ഭരണത്തിന്റെ ഭാരം ഇത്തവണ വേണ്ടെന്ന സന്തോഷമാണ് കോണ്‍ഗ്രസിനെ ഏറെ ആശ്വസിപ്പിച്ചത്. തോല്‍വി സമ്മതിച്ച്‌ മുന്‍ ബിജെപി സര്‍ക്കാരിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രതികരണവും ഉണ്ടായി. ജനവിധി മാനിക്കുന്നെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്നുമായിരുന്നു പ്രതികരണം.

എക്‌സിറ്റ്‌പോളുകളെല്ലാം കോണ്‍ഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന സൂചനകളാണ് നല്‍കിയിരിക്കുന്നത്. ബിജെപി ഭരണതുടര്‍ച്ച നേടുമെന്ന് കരുതുന്നത് കുറച്ച്‌ സര്‍വേകള്‍ മാത്രമായിരുന്നു. കൂട്ടുകക്ഷി ഭരണം വരുമെന്നാണ് കൂടുതല്‍ സര്‍വേഫലങ്ങളും പ്രവചിച്ചത്. കിംഗ് മേക്കറാകുമെന്ന് കരുതിയ ജെഡിഎസിന് നേടാനായത് 20 ലധികം സീറ്റുകള്‍ മാത്രമായിരുന്നു.

കോണ്‍ഗ്രസിന്റെ വോട്ടു വിഹിതത്തിലും വന്‍ വര്‍ദ്ധധനവ് ഉണ്ടായി. ഇത്തവണ 42 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസ് ഇത്തവണ നേടിയത്. 2018 ല്‍ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 38.14 ശതമാനമായിരുന്നു. 36.35 ശതമാനം ഉണ്ടായിരുന്ന ബിജെപിയുടെ വോട്ടുഷെയര്‍ ഇത്തവണ 36.1 ശതമാനമായ കുറഞ്ഞു.

കനത്ത തിരിച്ചടി നേരിട്ടത് ജെ.ഡി.എസിനായിരുന്നു. കഴിഞ്ഞ തവണ 18.3 ശതമാനം വോട്ടുഷെയര്‍ ഉണ്ടായിരുന്നിടത്ത് ഇത്തവണ അത് 13.1 ശതമാനമായി കുറഞ്ഞു. ജെ.ഡി.എസിന് നഷ്ടമായ വോട്ടുകള്‍ പോയത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് പോയി. മുമ്ബ് നേടിയ ഏഴു ശതമാനം വോട്ടു തന്നെ ഇത്തവണയും മറ്റു പാര്‍ട്ടികള്‍ നേടി. കര്‍ണാടകയിലെ ആറു മേഖലകളില്‍ തീരദേശ മേഖല ഒഴികെയുള്ള എല്ലായിടത്തും കടന്നുകയറാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ബിജെപിയ്ക്ക് സ്വാധീനം ഉണ്ടെന്ന് കണക്കാക്കിയിരുന്ന ബംഗലുരുവിലും കോണ്‍ഗ്രസ് മോശമല്ലാത്ത നേട്ടമുണ്ടാക്കി.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അതിന്റെ റിഹേഴ്‌സലായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയ തെരഞ്ഞെടുപ്പില്‍ അവസാനചിരി കോണ്‍ഗ്രസിന്റെ മുഖത്ത് എത്തിച്ചതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഡികെ ശിവകുമാറിന് കനകപുരയില്‍ ജയിക്കാനായി. അതേസമയം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഷിഗോണില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. ഏറ്റവും വലിയ അട്ടിമറി ജഗദീഷ് ഷെട്ടാറിന്റേതായിരുന്നു.സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ മത്സരിച്ച മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനു ഹുബ്ബള്ളി-ധാര്‍വാഡ്-സെന്‍ട്രല്‍ മണ്ഡലത്തില്‍ ജയിക്കാനായില്ല. ബിജെപി സര്‍ക്കാരിലെ മന്ത്രിയായിരുന്ന സോമണ്ണയ്ക്കും ബിജെപി സംസ്ഥാന സെക്രട്ടറി സി.ടി. രവിയ്ക്കും തിരിച്ചടി കിട്ടി. മത്സരിച്ച മലയാളികളും മുന്നേറ്റമുണ്ടാക്കി. കോണ്‍ഗ്രസിനു വേണ്ടി മത്സരിച്ച കെ ജെ ജോര്‍ജും എന്‍ എ ഹാരിസും യു ടി ഖാദറും ജയിച്ചുകയറി. കെ ജി ജോര്‍ജ് സര്‍വജ്ഞപുര മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. ശാന്തിനഗര്‍ മണ്ഡലത്തില്‍ നിന്നാണ് എന്‍ എ ഹാരിസ് ജയിച്ചത്.

ഈ മുന്നേറ്റം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വലിയ ഊര്‍ജ്ജം നല്‍കിയിരിക്കുകയാണ്. രാജ്യം മുഴുവന്‍ ആഘോഷിക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോടികള്‍ ചെലവഴിച്ചു 400 റാലികളും 130 റോഡ് ഷോയും പുഷ്പവൃഷ്ടിയുമെല്ലാം നടത്തിയിട്ടും മോദിപ്രഭാവം കര്‍ണാടകയില്‍ ഉണ്ടായില്ല. മോദിയും അമിത്ഷായും ജെപി നദ്ദയും ഇറങ്ങിയിട്ടും കര്‍ണാടകയില്‍ ബിജെപിയെ മുന്നിലേക്ക് നയിക്കാനായില്ല.