കുടുംബ വർഷാചരണത്തിലേക്ക് പ്രവേശിക്കാനൊരുങ്ങി ആഗോള കത്തോലിക്കാ സഭ.

ഗാർഹിക സഭയായ കുടുംബങ്ങളുടെ വിശ്വാസ ശക്തീകരണം ലക്ഷ്യംവെച്ച് പ്രഖ്യാപിതമായ കുടുംബ വർഷാചരണത്തിലേക്ക് പ്രവേശിക്കാനൊരുങ്ങി ആഗോള കത്തോലിക്കാ സഭ. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളായ മാർച്ച് 19മുതൽ 2022 ജൂൺ 26വരെയാണ് കുടുംബങ്ങൾക്കായുള്ള വിശേഷാൽ വർഷാചരണം. ജൂൺ 23മുതൽ 27വരെ റോം ആതിഥേയത്വം വഹിക്കുന്ന ലോക കുടുംബസംഗമ വേദിയിൽവെച്ചായിരിക്കും ഔദ്യോഗിക സമാപനം.

കുടുംബങ്ങളുടെ പവിത്രതയും വിവാഹജീവിതത്തിന്റെ അമൂല്യതയും വ്യക്തമാക്കുന്ന പേപ്പൽ പ്രബോധനം ‘അമോരിസ് ലെത്തീസ്യ’ (സ്നേഹത്തിന്റെ ആനന്ദം) പ്രസിദ്ധീകൃതമായതിന്റെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ചാണ് വിശേഷമായ വർഷാചരണം സഭ പ്രഖ്യാപിച്ചത്. കുടുംബങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിതമായ വർഷത്തിൽതന്നെ ആഗോള സഭ കുടുംബ വർഷാചരണം പ്രഖ്യാപിച്ചു എന്നതും ശ്രദ്ധേയം.

കുടുംബവർഷാചരണം ഔദ്യോഗികമായി ‘അമോരിസ് ലെത്തീസ്യ ഫാമിലി ഇയർ’ എന്ന പേരിലാകും അറിയപ്പെടുക. കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടി രൂപീകൃതമായ വത്തിക്കാൻ ഡിക്കാസ്റ്ററി കുടുംബവർഷാചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. വർഷാചരണത്തിന് തുടക്കം കുറിക്കുന്ന മാർച്ച് 19ന്, വത്തിക്കാൻ ഡിക്കാസ്റ്ററിയും റോം രൂപതയും ജോൺ പോൾ സെക്കൻഡ് പൊന്തിഫിക്കൽ തിയോളജി ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി ‘ഔർ ഡെയ്‌ലി ലൗ’ എന്ന ശീർഷകത്തിൽ വിർച്വൽ കോൺഫറൻസും ക്രമീകരിച്ചിട്ടുണ്ട്.

‘അമോരിസ് ലെത്തീസ്യ’യുടെ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുക, വിവാഹം എന്ന കൂദാശയെ ഒരു ദൈവദാനമായും അത് ഉൾക്കൊള്ളുന്ന മനുഷ്യസ്നേഹത്തിന്റെ രൂപാന്തരീകരണ ശക്തിയെയും പ്രഘോഷിക്കുക, കുടുംബ പ്രേഷിതപ്രവർത്തനങ്ങളുടെ സജീവ സാക്ഷികളാകാൻ കുടുംബങ്ങളെ പ്രാപ്തമാക്കുക, സ്നേഹത്തിന്റെ സത്യത്തിൽ രൂപപ്പെടുന്നതിന്റെ പ്രാധാന്യം യുവജനതയെ ബോധ്യപ്പെടുത്തുക, കുടുംബപ്രേഷിതത്വത്തിന്റെ കാഴ്ചപ്പാടും വ്യാപ്തിയും വിശാലമാക്കുക എന്നിവയാണ് കുടുംബവർഷത്തിലെ പ്രധാന ലക്ഷ്യങ്ങൾ.

തിരുക്കുടുംബത്തിന്റെ തിരുനാൾ ദിനത്തിൽ (ഡിസം.27) സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയ പാപ്പ, എല്ലാവരെയും ഇതിൽ അണിചേരാൻ ക്ഷണിക്കുകയും ചെയ്തു: ‘അമോരിസ് ലെത്തീസ്യയെ പ്രതിഫലിപ്പിക്കുന്ന ഒരു വർഷമായിരിക്കും ഇത്, കൂടാതെ പ്രസ്തുത പ്രബോധനത്തിലെ ഉള്ളടക്കങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവസരവുമാണ്. ഈ വർഷാചരണം അർത്ഥപൂർണമാക്കാൻ നിങ്ങളെ ഓരോരുത്തരെയും ഞാൻ ക്ഷണിക്കുന്നു. ലോകമെമ്പാടെയും കുടുംബങ്ങളുമൊത്തുള്ള ഈ യാത്ര നമുക്ക് നസ്രത്തിലെ തിരുക്കുടുംബത്തിന് വിശിഷ്യാ, വിശുദ്ധ യൗസേപ്പിതാവിനെ ഏൽപ്പിക്കാം.’

ഡിസംബർ എട്ടുമുതൽ 2021 ഡിസംബർ എട്ടുവരെയാണ് സഭയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണം ആഘോഷിക്കുന്നത്. വിശുദ്ധ യൗസേപ്പിതാവിനെ തിരുസഭയുടെ സംരക്ഷകനായി ഭരപ്പെടുത്തിയതിന്റെ 150-ാം പിറന്നാളിനോട് അനുബന്ധിച്ചാണ് വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം പ്രഖ്യാപിച്ചത്. ‘ക്യൂമാഡ്മോഡം ഡിയൂസ്’ എന്ന ഔദ്യോഗിക ഡിക്രിയിലൂടെ 1870 ഡിസംബർ എട്ടിനാണ് പയസ് ഒമ്പതാമൻ പാപ്പ വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചത്.

Leave a Reply