അരിക്കൊമ്ബനെ കൊണ്ടുപോകുന്നത് തിരുനല്‍വേലിയിലെ കാട്ടിലേക്കെന്ന് സ്ഥിരീകരണം. കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്കാണ് ആനയെ കൊണ്ടുപോകുന്നതെന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരം.
തിങ്കളാഴ്ച പുലര്‍ച്ചെ 12.30-നാണ് പൂശാനംപെട്ടിക്ക് സമീപത്തുവച്ച് അരിക്കൊമ്ബനെ മയക്കുവെടിവച്ചത്.
1988-ല്‍ നിലവില്‍വന്ന കടുവാ സങ്കേതമാണ് കളക്കാട് മുണ്ടൻതുറൈ. തിരുനല്‍വേലിയില്‍ നിന്നും ഏകദേശം 45 കിലോമീറ്റര്‍ യാത്രയുണ്ട് ഇങ്ങോട്ടേക്ക്. അതിനിടെ, മയക്കുവെടിയേറ്റ ആന പൂര്‍ണ ആരോഗ്യവാനാണെന്നാണ് തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.
ചിന്നക്കനാലില്‍ ഏറെക്കാലം ഭീതി പരത്തിയ അരിക്കൊമ്ബനെ കേരള വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം മയക്കുവെടിവച്ച് സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 29-നാണ് മയക്കുവെടിവച്ചത്. പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്ബൻ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ഇതോടെയാണ് വീണ്ടും മയക്കുവെടിവച്ചത്.

