വായ്പകള്‍ക്ക് പ്രഖ്യാപിച്ച ആറ് മാസത്തെ മൊറട്ടോറിയം അവസാനിച്ചു. ഇന്ന് മുതല്‍ വായ്പകള്‍ തിരിച്ചടച്ച്‌ തുടങ്ങണം

വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ആറ് മാസത്തെ മൊറട്ടോറിയം അവസാനിച്ചു. ഇന്ന് മുതല്‍ വായ്പകള്‍ തിരിച്ചടച്ച്‌ തുടങ്ങണം. കോവിഡിന്റെ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്.

അതേസമയം, മൊറട്ടോറിയം ഡിസംബര്‍ വരെ ദീര്‍ഘിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരും. മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ വന്നതോടെയാണ് റിസര്‍വ് ബാങ്ക് മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നാലെ മൂന്ന് മാസത്തേക്ക് കൂടി ഇത് ദീര്‍ഘിപ്പിച്ചു.

കോവിഡിനെ തുടര്‍ന്നുള്ള സാമ്ബത്തിക പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മൊറട്ടോറിയം ദീര്‍ഘിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യവുമായി സമീപിച്ചെങ്കിലും കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിച്ചവര്‍ ആറ് ഗഡുക്കള്‍ അധികമായും, അതിന്റെ പലിശയും അടയ്ക്കണം. സെപ്തംബര്‍ മൂന്നിന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബാങ്ക് മേധാവികളെ കാണുന്നുണ്ട്. ഈ സമയം മൊറട്ടോറിയവും ചര്‍ച്ചയായേക്കും.

Leave a Reply