അടുത്ത 3 ദിവസം നിർണായകമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം; 3 നദികളിൽ പ്രളയ മുന്നറിയിപ്പെന്ന് കേന്ദ്ര ജല കമ്മീഷൻ

ദില്ലി: അടുത്ത മൂന്ന് ദിവസം ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ആര്‍ കെ ജനമണി.

മുന്നറിയിപ്പ് നല്‍കിയിട്ടും ആളുകള്‍ അപകടത്തില്‍ പെടുന്നത് ആശങ്കാജനകമാണ്. ആളുകള്‍ ജലാശയങ്ങള്‍ക്കടുത്ത് പോകരുത്. നിലവില്‍ മഴ കുറഞ്ഞാലും രാത്രി ശക്തമാകാനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത കൈവിടരുതെന്നും ആര്‍ കെ ജനമണി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് മൂന്ന് നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. മണിമലയാര്‍, നെയ്യാര്‍, കരമനയാര്‍ നദികളില്‍ പ്രളയ മുന്നറിയിപ്പ്. മണിമലയാര്‍ രണ്ട് ഇടങ്ങളില്‍ അപകടനിലയ്ക്ക് മുകളില്‍ ഒഴുകുകയാണ്.

വരും ദിവസങ്ങളില്‍ മധ്യ, വടക്കന്‍ മേഖലകളിലും മഴ ശക്തി പ്രാപിക്കാനാണ് സാധ്യത. ജനങ്ങള്‍ ജലാശയങ്ങള്‍ക്കടുത്തേക്ക് പോവരുത്, കടലോര മേഖലകളിലും അനാവശ്യ യാത്രകള്‍ ഒഴിവാക്കണം, തിരുവനന്തപുരത്തും കൊച്ചിയിലും നിലവില്‍ മഴ മേഘങ്ങള്‍ കുറഞ്ഞെങ്കിലും രാത്രിയില്‍ മഴ ശക്തമാകാന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം നിര്‍ദ്ദേശിച്ചു. ഓഗസ്റ്റ് 5 ഓടെ കൂടി മഴ കുറയും. പിന്നീട് മഴ കൊങ്കണ് മേഖലയിലേക്ക് മാറും. 2018 ലെതിന് സമാന സാഹചര്യമില്ല എങ്കിലും ജാഗ്രത വേണമെന്നാണ് നിര്‍ദ്ദേശം.