സംസ്ഥാനത്ത് അപകടകാരികളായ തെരുവുനായകളെ ദയാവധം ചെയ്യും

സംസ്ഥാനത്ത് അപകടകാരികളായ തെരുവുനായകളെ ദയാവധത്തിന് ഇരകളാക്കാൻ മന്ത്രിതല തീരുമാനം.

അപകടകാരികളായ നായകളെ കുറിച്ച്‌ റവന്യൂ മേധാവികളെ അറിയിക്കാം. നിലവിലെ കേന്ദ്ര നിയമവുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും യോഗത്തിന് ശേഷം തദ്ദേശ മന്ത്രി എം ബി രാജേഷ് പറഞ്ഞു.

കേന്ദ്രത്തിന്റെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ റൂള്‍സില്‍ (എ ബി സി) ഭേദഗതി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. അഡ്വക്കറ്റ് ജനറലുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. അപ്രായോഗികമായ വലിച്ചെറിയേണ്ട നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര മന്ത്രിമാര്‍ ഇടപെടണമെന്നും മന്ത്രി രാജേഷ് പറഞ്ഞു.

എ ബി സി കേന്ദ്രങ്ങള്‍ നടത്തുന്നതിന് മൃഗസ്നേഹികളുടെ സഹായം തേടും. അവര്‍ക്ക് ആവശ്യമായ പിന്തുണയും സഹായവും നല്‍കും. മൊബൈല്‍ എ ബി സി കേന്ദ്രങ്ങള്‍ അടക്കം കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.