ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുക്കുന്നു. ഇനി സി.ആർ.പി.എഫ് ആയിരിക്കും സുരക്ഷ ഒരുക്കുക.
ഗവർണർക്കും കേരള രാജ്ഭവനും സിആർപിഎഫിന്റെ സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. കേരള പോലീസിന്റെ സുരക്ഷ ഇനി ഉണ്ടാവില്ലെന്നാണ് വിവരം.
കൊല്ലം നിലമേലില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളെ തുടർന്നാണ് നടപടി. പ്രതിഷേധത്തിന് പിന്നാലെവാഹനത്തില്‍നിന്നും റോഡിലിറങ്ങി പ്രവർത്തകരോടും പോലീസിനോടും കയർത്ത ഗവർണർ റോഡില്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവർക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന ഉറച്ച നിലപാടില്‍ റോഡിന് സമീപമിരുന്ന് പ്രതിഷേധിച്ച ഗവർണർ, പ്രതിഷേധക്കാർക്കെതിരേ കേസെടുത്ത് എഫ്‌ഐആർ രേഖകള്‍ കാണിച്ച ശേഷമായിരുന്നു മടങ്ങിയത്.
സദാനന്ദ ആശ്രമത്തില്‍ നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്തുനിന്നും നിലമേല്‍ വഴി സദാനന്ദപുരത്തേക്ക് പോകുകയായിരുന്നു ഗവർണർ. യാത്രാമധ്യേയാണ് നിലമേല്‍വെച്ച് എസ്.എഫ്.ഐക്കാർ കരിങ്കൊടികളുമായി ഗവർണറുടെ വാഹനത്തിന് നേരെ പ്രതിഷേധവുമായി എത്തിയത്. ക്ഷുഭിതനായ ഗവർണർ കാറില്‍ നിന്നിറങ്ങി പ്രതിഷേധക്കാർക്കുനേരെ കയർക്കുകയായിരുന്നു.

