മരണഭയത്തെ ക്രിസ്തീയസ്‌നേഹം കൊണ്ട് കീഴടക്കിയ കത്തോലിക്കാ കന്യാസ്ത്രീകൾ രംഗത്തിറങ്ങിയപ്പോൾ, വിയറ്റ്‌നാമിലെ കോവിഡ് വിരുദ്ധ പോരാട്ടത്തിൽ സംഭവിക്കുന്നത് ശ്രദ്ധേയമായ മുന്നേറ്റം. രോഗം അതിരൂക്ഷമായി വ്യാപിക്കുന്ന ഡോങ് നയി പ്രവിശ്യയിലെ ഫീൽഡ് ആശുപത്രികളിലും ക്വാറന്റൈൻ കേന്ദ്രങ്ങളിലുമായി 80ൽപ്പരം കന്യാസ്ത്രീകളാണ് സ്വന്തം ജീവൻ പണയപ്പെടുത്തിയും കോവിഡ് വിരുദ്ധ പോരാട്ടത്തിൽ വ്യാപൃതരായിരിക്കുന്നത്.
സുവാൻ ലോക്ക് രൂപതാധികാരികളുടെ അഭ്യർത്ഥന പ്രകാരം വിവിധ സന്യാസിനീ സഭകളിൽനിന്നുള്ള ഇവർ നടത്തുന്ന സേവനം രോഗികൾക്കു മാത്രമല്ല, സർക്കാരിനും വലിയ ആശ്വാസമാണിപ്പോൾ. കോവിഡ് പരിശോധനകൾ, സാംപിൾ ശേഖരണം, പ്രതിരോധ മരുന്ന് വിതരണം, മെഡിക്കൽ മാലിന്യ നിർമാർജനം എന്നിങ്ങനെയുള്ള അപകട മുഖത്താണ് ഇവരുടെ ശുശ്രൂഷ. അവശ്യമായ പരിശീലനവും പ്രോട്ടോക്കോൾ പാലിച്ചുള്ള സുരക്ഷയും ഉറപ്പാക്കിയാണ് ഇവരെ നിയോഗിച്ചിരിക്കുന്നതെന്ന് രൂപതാധികാരികളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
വിവിധ സംഘങ്ങളായി തിരിഞ്ഞ് ഒറ്റപ്പെട്ട പ്രദേശങ്ങളിലെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിലും ഇവർ വ്യാപൃതരാണ്. രോഗബാധിതരെ കണ്ടെത്തി ആശുപത്രികളിൽ എത്തിക്കുന്നതിനും സിസ്റ്റർമാർ വലിയ സഹായമാണ് നൽകുന്നത്. താൽക്കാലിക ആശുപത്രിയായി മാറ്റിയ ഒരു സ്‌കൂളിൽ കഴിയുന്ന രോഗികളുടെ പരിപാലനത്തിനും ഇവരിൽ ചിലർ നിയോഗിക്കപ്പെട്ടിട്ടുണ്ട്. സന്യസ്തരുടെ നിസ്വാർത്ഥ സേവനത്തെ വലിയ മതിപ്പോടെയാണ് പ്രാദേശത്തെ സർക്കാർ ഉദ്യോഗസ്ഥർ കാണുന്നത്.
‘പലപ്പോഴും ഭക്ഷണംവരെ ഉപേക്ഷിച്ച്, പരാതിയോ പരിഭവമോ ഇല്ലാതെ കന്യാസ്ത്രീമാർ ചെയ്യുന്ന ശുശ്രൂഷകളും സൗഹൃദ മനോഭാവത്തോടെയുള്ള അവരുടെ പെരുമാറ്റവും മറ്റ് സ്റ്റാഫുകൾക്കും പ്രചോദനമാണ്,’ ബിയൻ ഹോവ ഹെൽത്ത് സെന്ററിലെ ഡോ. ലാൻ അൻ സാക്ഷ്യപ്പെടുത്തി. ഏപ്രിൽ മുതൽ വ്യാപകമായ നാലാം തരംഗത്തിന്റെ പിടിയിലാണ് ഇപ്പോൾ വിയറ്റ്‌നാം. 161,431 പേരാണ് രോഗബാധിതരായിട്ടുള്ളത്. 1,660 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

