“എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും”
“I CAN DO ALL THINGS THROUGH CHRIST WHO STRENGTHENS ME”
2025-ലെ നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 290-ാം റാങ്കും കേരളത്തിൽ അഞ്ചാം റാങ്കും നേടിയ പാലൂർക്കാവിന്റെ പ്രിയങ്കരിയായ ചെൽസി എസ് തെരേസിന്റെ പഠനമുറിയിലേയ്ക്ക് കയറുമ്പോൾ, ഭിത്തിയിൽ മനോഹരമായ കൈപ്പടയിൽ ഇങ്ങനെ എഴുതി ഒട്ടിച്ചിരിക്കുന്നു- “എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്കു സാധിക്കും”. ചെൽസിയുടെ വിജയത്തിൽ സന്തോഷത്തോടെ ദർശകനും…
ചെൽസി എന്ന മിടുക്കിക്കുട്ടി
മുണ്ടക്കയം പാലൂർക്കാവ് സെൻ്റ് ജോർജ് ഇടവകയിലെ വടക്കേനിരപ്പേൽ സണ്ണി മാത്യു- ബീനാ ജോർജ് ദമ്പതികളുടെ മൂത്ത മകളാണ് ചെൽസി.
ചെൽസിയുടെ പിതാവ് മികച്ച പ്ലാന്റർ കൂടിയായ സണ്ണിയും മാതാവ് പെരുവന്താനം സെൻ്റ് ജോസഫ്‌സ് ഹയർസെക്കണ്ടറി സ്‌കൂൾ അധ്യാപികയായ ബീന ടീച്ചറും ചെൽസിമോൾക്ക് താങ്ങും തണലുമായി എന്നും എപ്പോഴും കൂടെ നിന്നവർ…
എൽ കെ ജി മുതൽ ഏഴാംക്ലാസ് വരെ മുണ്ടക്കയം സെൻ്റ് ജോസഫ്‌സ് സെൻട്രൽ സ്കൂളിലും, തുടർന്ന് എട്ടാംക്ലാസ്സ് മുതൽ പ്ലസ്‌ടു വരെ പെരുവന്താനം സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്‌കൂളിലും പഠനം പൂർത്തിയാക്കിയ ചെൽസി ഓരോ ക്ലാസിലും പഠനത്തിൽ ഒന്നാംസ്ഥാനം നേടിയാണ് മുന്നേറിയിരുന്നത്.
ചെൽസിയുടെ സഹോദരങ്ങളായ ചെറിൻ, ചെറീന, ചെസ എന്നിവർ വല്യപ്പച്ചനും വല്യമ്മയോടൊപ്പം ചേച്ചിയുടെ വിജയം ആഘോഷമാക്കാനുള്ള തിരക്കിലാണ്.
സ്‌കൂൾ കാലഘട്ടം, നീറ്റ് പഠന തന്ത്രങ്ങൾ എന്നിവയെക്കുറിച്ച്….
എൽ. കെ. ജി മുതൽ ഏഴാംക്ലാസ് വരെ മുണ്ടക്കയം സെൻ്റ് ജോസഫ്‌സ് സെൻട്രൽ സ്കൂളിലും, തുടർന്ന് എട്ടാംക്ലാസ്സ് മുതൽ പ്ലസ്‌ടു വരെ പെരുവന്താനം സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലുമായിരുന്നു പഠനം.
ചെറുപ്പം മുതലേ സ്കൂകൂളിൽ പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ വീട്ടിൽ വന്ന് അന്നന്നുതന്നെ പഠിച്ചു തീർക്കും. ഓരോ ക്ലാസ്സിലും പഠനത്തിൽ ഒന്നാംസ്ഥാനംതന്നെ നേടി മുന്നേറാൻ ഇതെന്നെ സഹായിച്ചു. എസ് എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് വിജയം കരസ്ഥമാക്കി. ദൈവാനുഗ്രഹത്താൽ ഹയർസെക്കണ്ടറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്കും നോടാൻ സാധിച്ചു. അപ്പോൾ മുതലാണ് ‘ഡോക്ടറാവണം’ എന്ന ആഗ്രഹം ഒരു മധുരസ്വപ്‌നമായി മനസ്സിൽ ജ്വലിച്ചു തുടങ്ങിയത്. അങ്ങനെ, പാലാ ബ്രില്യൻ്റ് സ്റ്റഡി സെൻ്ററിൽ ചേർന്ന് നീറ്റ് പരിശീലനം ആരംഭിക്കുകയായിരുന്നു. എൻ്റെ സ്‌കൂൾ പഠന കാലഘട്ടങ്ങളിൽ പ്രിയപ്പെട്ട എല്ലാ അധ്യാപകരും നൽകിയ പിന്തുണയും പ്രോത്സാഹനവുമാണ് എൻ്റെ സ്വപനത്തിന് ബലമേകിയത്.
ചെൽസിയുടെ വിശ്വാസജീവിതത്തെക്കുറിച്ച്…
എന്റെ എല്ലാ വിജയങ്ങളും ദൈവത്തിന്റെ ദാനമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. കുഞ്ഞുനാൾ മുതൽ സാധിക്കുന്ന എല്ലാ ദിവസങ്ങളിലും ഇടവകപ്പളിയിൽ വി. കുർബാനയിൽ പങ്കെടുക്കുമായിരുന്നു. സ്കൂൾ പഠനത്തോടൊപ്പംതന്നെ, സൺഡേസ്‌കൂൾ ക്ലാസ്സുകൾക്കും തുല്യപ്രധാന്യം നൽകാനും, സൺഡേ സ്കൂളിലെ പഠനത്തിനും മത്സരങ്ങൾക്കുമെല്ലാം ഉന്നത വിജയം നേടാനും എന്റെ വല്യപ്പച്ചനും വല്യമ്മച്ചിയും അപ്പയും അമ്മയും എന്നും പ്രചോദിപ്പിക്കുമായിരുന്നു.
സൺഡേ സ്‌കൂൾ സ്കോളർഷിപ്പ് പരീക്ഷയിൽ അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും രൂപതാതലത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
മനസ്സിൽ ഒരു ചോദ്യം കൂടി ബാക്കി …… ചെൽസി എന്ന പേരിനു പിന്നിൽ ……? ഈ പേര് ആരാണ് തെരഞ്ഞെടുത്തത് ?
അതിന്റെ ഉത്തരം നൽകിയത് ചെൽസിയുടെ അമ്മ ബീനാ ടീച്ചറായിരുന്നു. ‘അവളുടെ അപ്പച്ചൻ കൊച്ചു മോൾക്കായി തിരഞ്ഞെടുത്ത പേരാണ് ചെൽസി.’
വ്യത്യസ്‌തതയാർന്നതും ശ്രദ്ധിക്കപ്പെടുന്നതുമായ നല്ലൊരു പേര് കൊച്ചുമോൾക്കായി തിരഞ്ഞെടുത്ത നിരപ്പേൽ മാത്യു (ചെൽസിയുടെ വല്യച്ചൻ) കൊച്ചുമോളുടെ വിജയത്തിളക്കത്തിൽ നിറഞ്ഞ അഭിമാനത്തോടെ പറയുന്നു. ‘അവൾ കഠിനാധ്വാനം ചെയ്‌തതിന്റെ ഫലം അവൾക്കു കിട്ടി… അങ്ങൾക്കും സന്തോഷം.’
വിജയം! അത് എന്നും പരിശ്രമിക്കുന്നവന്റെ കൂടെയാണെന്ന് തെളിയിച്ചിരിക്കുന്നു ചെൽസി. ‘ഒരു വലിയ കുന്നു കയറിക്കഴിയുമ്പോൾ മാത്രമാണ് ഇനിയും അനവധി കുന്നുകൾ കയാറാനുണ്ടെന്ന് ഒരാൾക്ക് ബോധ്യമാകുന്നത്..’ എന്ന നെൽസൺ മണ്ടേലയുടെ വാക്കുകൾ ചെൽസിയുടെ വിജയത്തുടക്കത്തിന് പ്രചോദനമാകട്ടെ… കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും വീഥിയിലൂടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും, ആത്മാർത്ഥമായ സേവനത്തിലൂടെ അനേകർക്ക് ആശ്വാസമേകുന്ന നല്ലൊരു ഡോക്ടറാകുവാനും ചെൽസിക്ക് കഴിയട്ടെ.

