പാവങ്ങളുടെ ബെന്നോമ്മ ഈശോയ്ക്ക് സ്വന്തം

സി. ടി. സ്കാനിങ്ങിനെ തോൽപ്പിച്ച സ്നേഹത്തിന്റെ പുഷ്പം

സ്നേഹത്തിന്റെ പുഞ്ചിരി മുഖത്ത് സദാ പ്രകാശിപ്പിച്ച്, ഈ ഭൂമിയുടെ മാലിന്യം ഏൽക്കാതെ ഈശോ സ്വന്തമാക്കിയ ഒരു പുഷ്‌പമായിരുന്നു റവ. സിസ്റ്റർ ഡോ. ബെന്നോ മേരി SH. കമ്പംമെട്ട് എന്ന കൊച്ചു ഗ്രാമത്തിനു മാത്രമല്ല, നാടിനും താൻ ഇടപെട്ട എല്ലാവർക്കും അനുഗ്രഹമായിരുന്ന ഒരു ജീവിതമായിരുന്നു അവരുടേത്.

ആതുരസേവനത്തിലെ മാലാഖാ രൂപം

സിസ്റ്റർ ബെന്നോ മേരിയെ പലരും കണ്ടത് രോഗികൾക്കിടയിലെ ഒരു മാലാഖയായിട്ടാണ്. സി.ടി. സ്കാനും എം.ആർ.ഐ. സ്കാനും പോലും തോൽക്കുന്ന വിധത്തിൽ, തന്റെ അടുത്തെത്തുന്ന രോഗികളുടെ രോഗം കൃത്യമായി കണ്ടെത്തി, ഏത് സമയത്തും ചികിത്സാസഹായം നൽകാൻ അവർ സ്വയം സമർപ്പിച്ചു. ‘ആർക്കും എപ്പോൾ വേണമെങ്കിലും ഏത് രോഗത്തിനും എന്റെ അടുത്ത് വരാം, ആരോടും എനിക്ക് അസൗകര്യമാണെന്ന് പറയരുത്’ എന്ന് അവർ നിരന്തരം ഓർമ്മിപ്പിച്ചു. എല്ലാവരെയും ഒരുപോലെ കണ്ട് കരുണയോടെ ശുശ്രൂഷിച്ച സിസ്റ്റർ ബെന്നോമ്മയുടെ വേദനിക്കുന്നവരോടുള്ള സ്നേഹം എടുത്തു പറയേണ്ടതാണ്.

നിഷ്‌കളങ്കമായ സാന്നിധ്യം, കരുതലിൻ്റെ ആൾരൂപം

വലിയതോവാള പുളിമൂട്ടിൽ കുടുംബത്തിലെ രണ്ട് മക്കളിൽ ഏക പുത്രിയായിരുന്നു സിസ്റ്റർ. അവരുടെ ഏക സഹോദരൻ ജോയി. നിഷ്‌കളങ്കമായ ഒരു ശിശുവിൻ്റെ സാന്നിധ്യം പോലെയായിരുന്നു ബെന്നോമ്മയുടെ സാന്നിധ്യം. ആരെയും തന്നിൽനിന്ന് അകറ്റി നിർത്താതെ, എല്ലാവരെയും തന്നോട് ചേർത്തുനിർത്തുന്ന ഒരു അമ്മ മനസ്സും കരുതലിൻ്റെ സ്‌പന്ദനവും പുഞ്ചിരി തൂകിയുള്ള ശുശ്രൂഷയും ആർക്കും മറക്കാനാവില്ല.

ത്യാഗോജ്ജ്വലമായ സേവനപാര

കാഞ്ഞിരപ്പള്ളി SH വിമല പ്രൊവിൻസിലെ കമ്പംമെട്ട് ഭവനാംഗമായി കെ.ജി.എം. ഹോസ്‌പിറ്റലിൽ ഡോക്ടറായി സേവനമനുഷ്‌ഠിച്ചുവരുകയായിരുന്നു സിസ്റ്റർ. ഓസ്ട്രിയയിലെ വിയന്ന യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിക്കൽ ബിരുദവും ഡോക്ടറേറ്റും നേടിയ അവർ സെന്റ് ജോൺസ് കട്ടപ്പന, ഓസ്ട്രിയ, കെ.ജി.എം. ഹോസ്‌പിറ്റൽ കമ്പംമെട്ട്, നിർമ്മല ഹോസ്‌പിറ്റൽ ആനിക്കാട്, അസ്സിസി ഹോസ്‌പിറ്റൽ മുക്കട്ടുതറ. അസ്സിസി ഹോസ്‌പിറ്റൽ ക്ലിനിക് വെച്ചുച്ചിറ, മേരി ക്വീൻസ് ഹോസ്‌പിറ്റൽ 26-ാം മൈൽ, കരുണാഭവൻ കോരുത്തോട്, ഹോളി ക്രോസ് ഹോസ്‌പിറ്റൽ കൊട്ടിയം, എം.എം.ടി. ഹോസ്‌പിറ്റൽ മുണ്ടക്കയം, ചെറുപുഷ്‌പം ഹോസ്‌പിറ്റൽ പാലാ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു.

പൊള്ളൽ ചികിത്സയിൽ ഒരു ദൈവീക കൈയൊപ്പ്

പൊള്ളൽ ചികിത്സാരംഗത്ത് സിസ്റ്റർ ബെന്നോമ്മയ്ക്ക് ഒരു പ്രത്യേക ദൈവീക കൃപ ഉണ്ടായിരുന്നു. ദീർഘദൂരങ്ങളിൽനിന്നുപോലും ആളുകൾ ആശ്വാസം തേടി അവരുടെ അടുത്തെത്തുമായിരുന്നു. വൈദ്യശാസ്ത്രം കൈവിട്ട പല പൊള്ളൽ കേസുകളിലും സിസ്റ്റർ ബെന്നോമ്മയുടെ ദൈവീക ശക്തിയുള്ള എണ്ണ മരുന്നിൻ്റെ മുന്നിൽ പൂർണ്ണ സൗഖ്യം നേടി.

കരുണയുടെയും സ്നേഹത്തിൻ്റെയും അണമുറിയാത്ത പ്രവാഹം

നിത്യവും പുഞ്ചിരിക്കുന്ന മുഖം മാത്രം തെളിയിച്ച്, വേദനിക്കുന്നവരെയും സമൂഹത്തിൽ ഒറ്റപ്പെടുന്നവരെയും സിസ്റ്റർ ബെന്നോമ്മ എന്നും ചേർത്തുപിടിച്ചു. ബുദ്ധിമുട്ടനുഭവിക്കുന്ന ഓരോരുത്തരെയും അറിഞ്ഞ്, അവരെ മറ്റാരും അറിയാതെ സഹായിച്ചുപോന്നു. അനേകായിരം വേദനിക്കുന്ന മനസ്സുകളിൽ സ്നേഹതൈലം പകർന്ന അവരുടെ പുഞ്ചിരിയിൽനിന്ന് രോഗികൾക്ക് ആശ്വാസം ലഭിച്ചിരുന്നതായി പലരും പങ്കുവച്ചിട്ടുണ്ട്.

പ്രവർത്തനനിരതമായി ഈശോയിലേക്ക് യാത്രയായി…

“എനിക്ക് പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ മരിക്കാനാണ് ഇഷ്ടം, എന്നെ ഒരുപാട് നാൾ കിടത്തി മറ്റുള്ളവർക്ക് ബുദ്ധിമുട്ട് കൊടുക്കരുതേ” എന്ന് അവർ ഈശോയോടും സഹസന്യാസിനിമാരോടും പറയുമായിരുന്നു. അതുപോലെതന്നെ, എല്ലാവരുടെയും പ്രിയപ്പെട്ടവളായിരുന്ന നിമിഷത്തിൽ, ആർക്കും ബുദ്ധിമുട്ടാകാതെ, എല്ലാവരിലേക്കും അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് 2025-ലെ പെന്തക്കുസ്താതിരുനാൾ ദിനം രാവിലെ 3 മണിയോടെ പരിശുദ്ധാത്മാവ് ഈ വിശുദ്ധ ജീവിതത്തെ സ്വർഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.