വിവാഹമോചങ്ങൾ ഗുരുതരമായി വർദ്ധിക്കുന്നു

കേരളത്തിലെ കുടുംബ കോടതികളിൽ ഓരോ വർഷവും ഫയൽ ചെയ്യപ്പെടുന്ന വിവാഹമോചന കേസുകളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2016-ൽ 19,213 വിവാഹമോചനകേസുകളാണ് ഫയൽ ചെയ്തതെങ്കിൽ 2022-ൽ ഇത് 26976 ഉം 2024-ൽ 30954- ഉം ആയി ഉയർന്നു. പ്രതിദിനം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം 2011-ൽ 53 ആയിരുന്നത് 2024 ആയപ്പോഴേയ്ക്കും 75-ൽ അധികമായി. വിവാഹമോചനത്തിലേക്കു പോകാതെ പരസ്‌പരം വേർപിരിഞ്ഞു ജീവിക്കുന്നവരുടെ എണ്ണം ഇതിലും എത്രയോ അധികമാണ്. മതഭേദമെന്യേ നമ്മുടെ കുടുംബങ്ങളുടെ കെട്ടുറപ്പിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആപൽക്കരമായ വിള്ളലുകളാണ് ഈ കണക്കുകൾ ദ്യോതിപ്പിക്കുക. കുടുംബങ്ങളുടെ തകർച്ച ആരോഗ്യകരമായ സമൂഹത്തിൻ്റെ അടിത്തറയെയാണ് ദുർബലമാക്കുന്നത് എന്നത് ഈ പ്രശ്നത്തെ എത്ര ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ട് എന്നു വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിൽ വൈവാഹിക ജീവിത തകർച്ചകളുടെ കാരണങ്ങൾ, പരിണിത ഫലങ്ങൾ, വിവാഹത്തെക്കുറിച്ചുള്ള സഭയുടെ വീക്ഷണം, നിലനിൽപ്പിന് സഹായകമായ മാർഗങ്ങൾ എന്നിവയെക്കുറിച്ച് വിശകലനം നടത്തുക അത്യന്താപേക്ഷിതമാണ്.

വിവാഹം എന്നത് രണ്ടു വ്യക്തികൾ തമ്മിലുള്ള നൈയാമികവും, സാമൂഹികവും സ്വതന്ത്രവുമായ ബന്ധമാണ്. മിക്ക വിവാഹബന്ധങ്ങൾക്കും ആത്മീയതയുടെ ഒരു തലമുണ്ട്. എല്ലാ മതങ്ങളും വിവാഹത്തെ കാണുന്നത്, രണ്ടു വ്യക്തികൾ ദൈവതിരുമുമ്പാകെ നടത്തുന്ന ജീവിതാവസാനംവരെയുള്ള ഒരു ഉടമ്പടിയായാണ്.

വർദ്ധിച്ചുവരുന്ന കാരണങ്ങൾ

വിവാഹമോചനത്തിനുള്ള ഗൗരവമായ കാരണങ്ങളായി പറയപ്പെടുന്നത് മറച്ചുവയ്ക്കക്കപ്പെട്ട മാനസിക-ശാരീരിക വെല്ലുവിളികളും, ലൈംഗികമായ ശേഷിക്കുറവും സന്താനോൽപ്പാദനത്തിന് സാധ്യതയില്ലായ്‌മയും, മാനസിക-ശാരീരിക- ഗാർഹിക പീഡനങ്ങളുമാണെങ്കിൽ ഇവ കൂടാതെ മദ്യത്തിൻറെയും മയക്കുമരുന്നിൻ്റെയും ഉപയോഗവും തുടർന്നുള്ള പീഡനങ്ങളും, സംശയരോഗങ്ങളും, പേഴ്‌സണാലിറ്റി പ്രശ്നങ്ങളും പല ദമ്പതികളെയും വേർപിരിയലിലേക്ക് നയിക്കുന്നുണ്ട്. മുൻപ് സ്ത്രീകൾക്ക് ഉണ്ടായിരുന്ന സാമ്പത്തിക ഭദ്രതയുടെയും വിദ്യാഭ്യാസത്തിൻ്റെയും കുറവും, വിവാഹമോചനത്തെക്കുറിച്ച് സമൂഹത്തിനുണ്ടായിരുന്ന നിഷേധാത്മകമനോഭാവവും, മക്കളുടെ ഭാവിയെക്കുറിച്ചുള്ള അമിതമായ ഉൽക്കണ്ഠായും പ്രശ്നങ്ങളെയും പ്രതിസന്ധികളെയും തരണംചെയ്‌ത് മുമ്പോട്ടു പോകുവാൻ ദമ്പതികളെ പ്രേരിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് സ്ഥിതി അങ്ങനെയല്ല. കേരളത്തിൽ വിദ്യാഭ്യാസത്തിലും, ജീവിതനിലവാരത്തിലും, തൊഴിൽമേഖലകളിലും വന്നിരിക്കുന്ന ഉയർച്ചയും സാധ്യതകളും ഒരു പരിധിവരെ കുടുംബഭദ്രതയെ ബാധിച്ചിട്ടുണ്ട് എന്നു പറയാതിരിക്കാൻ തരമില്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ വിദ്യാഭ്യാസവും ജോലിയും ഇന്ന് ലഭ്യമാണ്. തൽഫലമായുണ്ടായിട്ടുള്ള സ്വയംപര്യാപ്തതയും പുരുഷന്മാരിൽ വച്ചിരുന്ന അമിതാശ്രയത്വത്തിന്റെ ആവശ്യമില്ലായ്‌മയും വിവാഹമോചനത്തിനായി മുന്നിട്ടിറങ്ങുന്നതിന് സ്ത്രീകൾക്ക് ധൈര്യം നൽകുന്നു.

സാമ്പത്തിക ഭദ്രതയ്ക്കും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള അമിതോത്സാഹം ജോലി വ്യഗ്രതയിലേയ്ക്ക് ഇന്നത്തെ തലമുറയെ കൊണ്ടെത്തിക്കാറുണ്ട്. പലപ്പോഴും വിവാഹത്തിനു മുൻപ് ഊഷ്‌മളമായി കാണപ്പെടുന്ന പ്രണയങ്ങളും സ്നേഹബന്ധങ്ങളും വിവാഹത്തിനുശേഷം തണുത്തുറയുന്നു. പരസ്പ‌രമുള്ള സംസാരത്തിൻ്റെയും പങ്കുവയ്ക്കലിന്റെയും മനസ്സിലാക്കലിൻ്റെയും, ഒന്നിച്ചുള്ള ക്വാളിറ്റി ടൈമിന്റെയും കുറവ് അമിത ഉത്കണ്ഠയും നിരാശാബോധവും ഒറ്റപ്പെടലുമെല്ലാം പങ്കാളികളിൽ ഉളവാക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വിവാഹേതരബന്ധ ങ്ങളും ബെസ്റ്റികളുമൊക്കെ വിവാഹജീവിതത്തിന്റെ കെട്ടുറപ്പിനെ തകർക്കുന്ന കോമാളികളായി എത്താറൂമുണ്ട്. മൊബൈൽ ഫോണിൻ്റെയും സോഷ്യൽ മീഡിയയുടെയും അതിപ്രസരം വിവാഹേതര ബന്ധങ്ങളെ സുഗമമാക്കുകയും, വൈവാഹിക ജീവിതത്തിൽ അവശ്യമായിരിക്കുന്ന സുതാര്യതയും പരസ്പര വിശ്വാസവും തകർക്കുന്നുണ്ട്. ‘അക്കരപ്പച്ച’ എന്നു പറയുന്നതുപോലെ തന്റെ പങ്കാളിയിൽ നിന്നും ലഭിക്കാത്തതരത്തിലുള്ള തുടർച്ചയായ സുഖാന്വേഷണങ്ങളും കരുതലും സ്നേഹപ്രകടനവുമൊക്കെ അന്യവ്യക്തികളിൽ നിന്നുണ്ടാകുമ്പോൾ അത് സുരക്ഷിതത്വ ബോധം വർദ്ധിപ്പിക്കുകയും നിലവിലുള്ള പങ്കാളിയ്ക്കുപകരം ഇവരെ സ്വന്തമാക്കുന്നതിനുള്ള ത്വര ഉളവാക്കുകയും ചെയ്യുന്നു.

വേണ്ടത്ര പക്വതയും ഒരുക്കവും ഗൗരവബോധവും ഇല്ലാതെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നതും. യാഥാർത്ഥ്യബോധം തെല്ലുമില്ലാത്ത അമിത പ്രതീക്ഷകളും, ചെറിയ പ്രശ്‌നങ്ങൾ പോലും പരിഹരിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്നതും, വെല്ലുവിളികളെ വസരങ്ങളായി കണ്ട് മുന്നേറുന്നതിനുള്ള വിശ്വാസവിക്ഷണക്കുറവും, പരസ്‌പര ബഹുമാനമില്ലായ്‌മയും ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുത്ത് പങ്കാളിയുടെമേൽ അടിച്ചേൽപ്പിക്കുന്ന രീതിയും പുച്ഛിച്ചുള്ള സംസാരവും വിവാഹബന്ധത്തിൽ പ്രതിബന്ധങ്ങൾ സൃഷ്ടിക്കാറുണ്ട്.

കുടുംബാംഗങ്ങൾ വില്ലന്മാരാകുന്നു

വിവാഹജീവിതം സ്നേഹത്തോടെയും സംതൃപ്തിയോടെയും നിലനിർത്തിക്കൊണ്ടു പോകുവാൻ ദമ്പതികളെ സഹായിക്കുന്ന കാവലാളുകളാകേണ്ട കുടുംബാംഗങ്ങൾ തന്നെ ചിലപ്പോൾ വില്ലൻ വേഷം അണിയാറുണ്ട്. അമിതമായ അറ്റാച്ച്മെന്റും, അനാവശ്യമായ ഇടപെടലുകളും, ഗുരുതരമായ വ്യാജാരോപണങ്ങളും, വ്യക്തിത്വത്തെ ഹനിക്കുന്ന മൂർച്ചയേറിയ പരിഹാസശരങ്ങളും, താരതമ്യപ്പെടുത്തലുകളും വൈവാഹികബന്ധം തകർക്കുന്ന മൂർച്ചയേറിയ ആയുധങ്ങളായി കുടുംബാംഗങ്ങൾത്തന്നെ ഉപയോഗിക്കാറുണ്ട്

വേണ്ടത്ര പക്വതയും ഒരുക്കവും ഗൗരവബോധവും ഇല്ലാതെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നതും. യാഥാർത്ഥ്യബോധം തെല്ലുമില്ലാത്ത അമിത പ്രതീക്ഷകളും, ചെറിയ പ്രശ്‌നങ്ങൾ പോലും പരിഹരിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്നതും, വെല്ലുവിളികളെ വസരങ്ങളായി കണ്ട് മുന്നേറുന്നതിനുള്ള വിശ്വാസവിക്ഷണക്കുറവും, പരസ്‌പര ബഹുമാനമില്ലായ്‌മയും ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുത്ത് പങ്കാളിയുടെമേൽ അടിച്ചേൽപ്പിക്കുന്ന രീതിയും പുച്ഛിച്ചുള്ള സംസാരവും വിവാഹബന്ധത്തിൽ പ്രതിബന്ധങ്ങൾ സൃഷ്ടിക്കാറുണ്ട്. കൂടാതെ സ്വാതന്ത്ര്യത്തോടുള്ള അമിതഭ്രമം വിവാഹ ജീവിത സംബന്ധമായ ഉത്തരവാദിത്വങ്ങളെ ബന്ധനങ്ങളായി കാണുവാൻ ചിലരെ പ്രേരിപ്പിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികളും കൂടുതൽ സമ്പത്തും സുഖവും തേടിയുള്ള അന്വേഷണങ്ങളും വിവാഹഭദ്രതയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന കാരണങ്ങളാണ്.

വിവാഹത്തിന്റെ ലക്ഷ്യങ്ങൾ

വിവാഹത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ദമ്പതികൾ പരസ്‌രമുള്ള ഐക്യവും സന്തതികളോടുള്ള തുറവിയുമാണ്. സ്നേഹത്തിൻ്റെ സംസർഗ്ഗമായ പരിശുദ്ധ ത്രിത്വത്തിന്റെ ഐക്യവും കൂട്ടായ്‌മയും ലോകത്തിന് ദൃശ്യമാക്കുന്നതിനുള്ള ഉപാധിയും, ക്രി‌സ്‌തുവും സഭയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിൻ്റെ പ്രതിരൂപവുമായി വിവാഹബന്ധം കണക്കാക്കപ്പെടുന്നു. വിവാഹത്തിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള പരസ്‌പരസ്നേഹം ദൈവത്തിന് മനുഷ്യരോടുള്ള നിരുപാധികവും വിട്ടുവീഴ്ച്ച ഇല്ലാത്തതുമായ സ്നേഹത്തിൻ്റെ പ്രതീകവുമാണ്. സ്നേഹിക്കുകയും ജീവനു ജന്മം നൽകുകയും ചെയ്യുന്ന ദമ്പതികൾ സ്രഷ്ടാവും രക്ഷകനുമായ ദൈവത്തെ വെളിപ്പെടുത്താൻ കഴിവുള്ള യഥാർത്ഥവും സജീവവുമായ ഐക്കാണാണ്.

വിവാഹം എന്നത് സന്തോഷനുഭവത്തിൻ്റെയും പടപൊരുതലുകളുടെയും സംഘർഷങ്ങളുടെയും വിശ്രമത്തിന്റെയും വേദനകളുടെയും ആശ്വാസത്തിന്റെയും സംത്യപ്തതിയുടെയും അഭിലാഷങ്ങളുടെയും സുഖാനുഭവങ്ങളുടെയും അനുപേക്ഷണീയമായ ഒരു സമ്മിശ്രമാണ്.

വിവാഹത്തിൻ്റെ അലംഘനീയത

ദൈവത്തോട് നമ്മെ ഐക്യപ്പെടുത്തുന്ന സ്നേഹം കഴിഞ്ഞാൽ ദാമ്പത്യസ്നേഹം സൗഹൃദത്തിൻ്റെ ഏറ്റവും വലിയ രൂപമാണ്. അപര വ്യക്തിയുടെ നന്മയ്ക്കായുള്ള താല്പര്യം, പാരസ്‌പര്യം. ദൃഢമായ ഐക്യം, ഊഷ്മളത, പങ്കുവയ്ക്കപ്പെടുന്ന ജീവിതത്തിൽനിന്നും ജനിക്കുന്ന സത്‌ഫലങ്ങൾ എന്നിങ്ങനെ ഒരു നല്ല സൗഹൃദത്തിന്റെ എല്ലാ അടയാളങ്ങളുമുള്ള ഐക്യമാണത്. വേർപെടുത്താൻ ആവാത്ത, ജീവിതകാലം മുഴുവൻ വസിച്ചു പങ്കുവയ്ക്കാനും രൂപപ്പെടുത്താനുമുള്ള സുസ്ഥിരമായ സമർപ്പണം വിവാഹത്തെ അലംഘ്യമായ ഒരു ഉടമ്പടിയായി മാറ്റുന്നു. വിവാഹം എന്നത് സന്തോഷനുഭവത്തിൻ്റെയും പടപൊരുതലുകളുടെയും സംഘർഷങ്ങളുടെയും വിശ്രമത്തിന്റെയും വേദനകളുടെയും ആശ്വാസത്തിന്റെയും സംത്യപ്തതിയുടെയും അഭിലാഷങ്ങളുടെയും സുഖാനുഭവങ്ങളുടെയും അനുപേക്ഷണീയമായ ഒരു സമ്മിശ്രമാണ്. വിവാഹത്തിൽ സ്നേഹത്തിൻ്റെ സന്തോഷം അനുദിനം വളർത്തപ്പെടേണ്ടതുണ്ട് ഈ സന്തോഷം ദുഖത്തിനിടയിൽപോലും അനുഭവിക്കാൻ ആവുന്നതാണ്. ഇവയാണ് സഭ വിവാഹമോചനത്തിന് അനുകൂലമായ നില പാടുകൾ സ്വീകരിക്കാത്തതിൻ്റെ പിന്നിലെ ചില കാരണങ്ങൾ.

സ്വതന്ത്രമായ തീരുമാനം

വിവാഹം എന്ന കൂദാശ സാധുവാകുന്നതിന് രണ്ടു വ്യക്തികളുടെയും സ്വതന്ത്രമായ സമ്മതം അനിവാര്യമാണ്. യാതൊരു വിധത്തിലുമുള്ള സമ്മർദ്ദവും വിവാഹത്തിലേക്ക് നയിക്കാൻ പാടില്ല അതുപോലെതന്നെ പ്രാധാന്യമർഹിക്കുന്നതാണ് പ്രകൃതി നിയമത്തിന്റെയും സഭ നിയമത്തിന്റെയും തടസ്സങ്ങൾ ഇല്ലാതിരിക്കുക എന്ന തും. ദമ്പതികളുടെ സമ്മതം സ്വതന്ത്രവും ഉത്തരവാദി അപൂർണ്ണവും ആകേണ്ടതിനും ഈ ഉടമ്പടി ഉറച്ചതും നീണ്ടുനിൽക്കുന്നതും ആകുന്നതിനും വിവാഹത്തിനുള്ള അനുയോജ്യമായ ഒരുക്കത്തിൻറെ ആവശ്യകത സഭ ഊന്നി പറയുന്നുണ്ട്.

വൈവാഹിക ഉടമ്പടിയിലെ തകർച്ചകൾ

മനുഷ്യന്റെ സ്വാഭാവിക പ്രകൃതിയിൽ എന്നതുപോലെ സ്ത്രീപുരുഷ ബന്ധങ്ങളിലും തിന്മയുടെ സ്വാധീനം ഉണ്ടാകാറുണ്ട്. ഭിന്നത, താൻപോരിമ, അവിശ്വസ്തത, സ്വാർത്ഥത, അസൂയ, കലഹങ്ങൾ എന്നിവ എപ്പോഴും ദമ്പതികൾക്കിടയിൽ ഭീഷണിയാകാറുണ്ട്. ഈ ക്രമഭംഗം വെറുപ്പിലേക്കും ബന്ധത്തിൻ്റെ തകർച്ചയിലേക്കും വേർപെടലിലേക്കും നയിക്കാം. നമ്മുടെ വിശ്വാസമനുസരിച്ച് ഇത്തരം ക്രമഭംഗങ്ങൾ പാപത്തിൽനിന്നാണ് ഉത്ഭവിക്കുന്നത്. തുണയാകാനും ഐക്യത്തിൽ നിലനിൽക്കാനും വിളിക്കപ്പെട്ട സ്ത്രീയും പുരുഷനും തമ്മിൽ ആദ്യം ഉണ്ടായിരുന്ന കൂട്ടായ്‌മയിലുണ്ടായ വിള്ളലാണ് ആദ്യ പാപത്തിൻ്റെ പ്രഥമഫലം. പരസ്‌പരമുള്ള പഴിചാരലുകൾ അവർ തമ്മിലുള്ള ബന്ധത്തെ വികലമാക്കിയെന്ന ത നമുക്കറിവുള്ളതാണ്.

കൗദാശിക പ്രസാദവരം

പാപത്തിന്റെ ഈ മുറിവുണക്കുന്നതിനാണ് കൗദാശിക പ്രസാദവരത്തിൻ്റെ സഹായം ദമ്പതികൾക്ക് നൽകപ്പെടുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണ രേഖ ഇപ്രകാരം ഊന്നി പറയുന്നുണ്ട്. ‘ദമ്പതികളുടെ അടിസ്ഥാനം ക്രിസ്‌തുവിലാണ്. കർത്താവായ ക്രിസ്‌തു വിവാഹമെന്ന കൂദാശയിൽ ക്രൈസ്‌തവ ദമ്പതികൾക്ക് തന്നെത്തന്നെ സന്നിഹിതനാക്കുകയും അവരോടൊപ്പം വസിക്കുകയും ചെയ്യുന്നു. അവിടുന്ന് തന്റെ പരിശുദ്ധാത്മാവ് വഴി വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെതുമായ അവരുടെ ജീവിതത്തിന്റെ ഓരോ അംശത്തിലും നിറഞ്ഞുകൊണ്ട് ആ സ്നേഹത്തിൽ ജീവിക്കാനുള്ള കഴിവ് ദമ്പതികൾക്ക് നൽകുന്നു’. യഥാർത്ഥത്തിൽ വിവാഹം എന്ന കൂദാശയുടെ കൃപാവരം ഉദ്ദേശിക്കുന്നത് സർവ്വോപരി ദമ്പതികളുടെ സ്നേഹം പൂർണമാക്കുക എന്നതാണ്. ഒരുമിച്ചുള്ള വിശ്വാസജീവിതവും ഒരുമിച്ചുള്ള വിശുദ്ധ കുർബാന സ്വീകരണവും പങ്കുവയ്ക്കലുകളും ദമ്പതികളെ ദൈവത്തിന്റെ ഈ അനന്ത കാരുണ്യം തങ്ങളിലേക്ക് ഏറ്റുവാങ്ങുന്നതിന് പ്രാപ്തരാ ക്കുന്നു. ചുരുക്കത്തിൽ, പരസ്‌പരമുള്ള സ്നേഹത്തിലും ഐക്യത്തിലും ഒന്നിച്ചുള്ള വിശ്വാസജീവിതത്തിലും നിലനിന്ന് ദമ്പതികൾ തമ്മിലും പുറമേനിന്നും ഉണ്ടാകുന്ന പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും ഒന്നിച്ച് തരണം ചെയ്ത് തങ്ങൾക്ക് ദൈവം ദാനമായി നൽകുന്ന മക്കൾക്ക് നല്ല മാതൃകകൾ നൽകി, ദൈവഹിതമനുസരിച്ച് ജീവിക്കുക എന്നതാണ് സഭയാകുന്ന അമ്മ വിവാഹജീവിതം നയിക്കുന്ന വ്യക്തികളിൽനിന്നും ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും.

കടപ്പാട്: രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ, കാത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം, കുടുംബം ഒരു കൂട്ടായ്‌മ, കുടുംബങ്ങൾക്ക് ഒരെഴുത്ത് (ജോൺപോൾ രണ്ടാമൻ മാർപാപ്പ), സ്നേഹത്തിന്റെ സന്തോഷം (ഫ്രാൻസിസ് മാർപാപ്പ).